മനുഷ്യനെപ്പോലെ മറുപടി പറയാൻ എ.ഐയെ പഠിപ്പിക്കുന്നത് എന്ത്?
ഒരു ചോദ്യം ചോദിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ മറുപടി. അതും ഒരാളോട് സംസാരിക്കുന്നതുപോലെ സ്വാഭാവിക ഭാഷയിൽ. ചിലപ്പോൾ നമ്മൾ പറയാൻ ഉദ്ദേശിച്ചത് പോലും മുൻകൂട്ടി മനസിലാക്കിയെന്ന തോന്നലുണ്ടാക്കുന്ന മറുപടികൾ. എന്നാൽ ചാറ്റ്ജിപിടി പോലുള്ള എ.ഐ സംവിധാനങ്ങൾ മനുഷ്യരെപ്പോലെ ചിന്തിച്ചാണോ ഇതെല്ലാം ചെയ്യുന്നത്? അല്ല. മനുഷ്യന് പരിചിതമായ ഭാഷയിൽ മറുപടി നൽകുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് സങ്കീർണമായ ഗണിതശാസ്ത്രവും കോടിക്കണക്കിന് കണക്കുകൂട്ടലുകളുമാണ്. ഒരു വാക്കിനെപ്പോലും നേരിട്ട് മനസിലാക്കുന്നില്ല എ.ഐ. നമ്മൾ നൽകുന്ന വാചകങ്ങളെ ചെറിയ ഘടകങ്ങളാക്കി മാറ്റി, അവയ്ക്ക് സംഖ്യാരൂപം നൽകി, അവ തമ്മിലുള്ള ബന്ധങ്ങൾ കണക്കുകൂട്ടിയാണ് എ.ഐ മറുപടി തയ്യാറാക്കുന്നത്. ഈ പ്രക്രിയയിൽ ഗണിതത്തിലെ പല ശാഖകളും നിർണായക പങ്കുവഹിക്കുന്നുണ്ട്. എഐ എങ്ങനെയാണ് വാക്കുകളെ സംഖ്യകളാക്കുന്നതെന്നും, അവ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതെന്നും, ചിലപ്പോൾ തെറ്റായ വിവരങ്ങൾ പോലും ആത്മവിശ്വാസത്തോടെ പറയുന്നതെന്തുകൊണ്ടെന്നും നോക്കാം.
ആദ്യം വാക്കുകളെ സംഖ്യകളാക്കും
നമ്മൾ നൽകുന്ന വാചകങ്ങളെ ചെറിയ ഭാഗങ്ങളായി വിഭജിച്ചാണ് എ.ഐ പ്രവർത്തനം തുടങ്ങുന്നത്. ഇവയെ ടോക്കണുകൾ എന്നാണ് വിളിക്കുന്നത്. ഒരു വാക്കോ വാക്കിന്റെ ഭാഗമോ ചിഹ്നമോ ടോക്കണാകാം.തുടർന്ന് ഓരോ ടോക്കണിനും സംഖ്യാരൂപം നൽകും. വാക്കുകൾ തമ്മിലുള്ള അർഥപരമായ ബന്ധം കണ്ടെത്താൻ ഈ സംഖ്യകൾ സഹായിക്കും. ഉദാഹരണത്തിന്, 'രാജാവ്', 'രാജ്ഞി' തുടങ്ങിയ വാക്കുകൾ തമ്മിലുള്ള ബന്ധം എഐക്ക് തിരിച്ചറിയാൻ കഴിയും. അതായത്, നമ്മൾ കാണുന്ന വാക്കുകൾക്ക് പിന്നിൽ വലിയൊരു സംഖ്യാലോകമുണ്ട്.
ഏത് വാക്കിനാണ് കൂടുതൽ പ്രാധാന്യം?
ഒരു വാചകത്തിൽ എല്ലാ വാക്കുകൾക്കും ഒരേ പ്രാധാന്യമല്ല. ഇത് തിരിച്ചറിയാൻ ട്രാൻസ്ഫോർമർ മാതൃകയിലുള്ള എഐ സംവിധാനങ്ങൾ സെൽഫ് അറ്റൻഷൻ എന്ന രീതി ഉപയോഗിക്കുന്നു.ഉദാഹരണത്തിന്, 'നായ മനുഷ്യനെ കടിച്ചു', 'മനുഷ്യൻ നായയെ കടിച്ചു' എന്നീ വാചകങ്ങളിൽ ഒരേ വാക്കുകളാണുള്ളത്. പക്ഷേ അർഥം വ്യത്യസ്തമാണ്. വാക്കുകളുടെ ക്രമവും പരസ്പരബന്ധവും പരിശോധിച്ചാണ് എഐ സന്ദർഭം തിരിച്ചറിയുന്നത്.
തെറ്റുകൾ കുറയ്ക്കാൻ വീണ്ടും വീണ്ടും പരിശീലനം
എ.ഐ ആദ്യമേ എല്ലാം പഠിച്ചെത്തുന്നതല്ല. വലിയ അളവിലുള്ള വിവരങ്ങൾ ഉപയോഗിച്ച് ആവർത്തിച്ച് പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ തവണയും മറുപടിയിലെ പിഴവുകൾ വിലയിരുത്തി, അടുത്ത തവണ മെച്ചപ്പെടുത്താനുള്ള മാറ്റങ്ങൾ വരുത്തുന്നു.ഇവിടെയാണ് കാൽക്കുലസ്, പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ ഗണിതശാഖകൾ സഹായത്തിനെത്തുന്നത്. ലളിതമായി പറഞ്ഞാൽ, തെറ്റുകൾ കണ്ടെത്തി അവ കുറയ്ക്കാനുള്ള വഴി കണക്കുകൂട്ടുകയാണ് ഈ ഗണിതപ്രക്രിയകൾ ചെയ്യുന്നത്.
ഒരു മറുപടിക്ക് പിന്നിൽ ഇത്രയും കണക്കുകളോ?
പരിശീലനം പൂർത്തിയായ ശേഷം നമ്മൾ ചോദ്യം നൽകുമ്പോൾ, അടുത്തതായി വരാൻ സാധ്യതയുള്ള വാക്കുകൾ ഓരോന്നായി എഐ തിരഞ്ഞെടുക്കുന്നു. ഒരു ടോക്കൺ തിരഞ്ഞെടുത്താൽ അതിനെ അടിസ്ഥാനമാക്കി അടുത്ത ടോക്കൺ കണ്ടെത്തും. ഇങ്ങനെ തുടർച്ചയായി വാക്കുകൾ കൂട്ടിച്ചേർത്താണ് മറുപടി തയ്യാറാകുന്നത്.മോഡലിന്റെ വലുപ്പവും ചോദ്യത്തിന്റെ നീളവും അനുസരിച്ച് ഈ പ്രക്രിയയിൽ കോടിക്കണക്കിന് കണക്കുകൂട്ടലുകൾ നടക്കാം. നമ്മൾക്ക് നിമിഷങ്ങൾക്കുള്ളിൽ ലഭിക്കുന്ന മറുപടിക്ക് പിന്നിൽ ഇത്രയും വലിയൊരു ഗണിതപ്രവർത്തനമുണ്ടെന്ന് ചുരുക്കം.
എഐ പറയുന്നതെല്ലാം ശരിയാകുമോ?
മനുഷ്യനെപ്പോലെ സംസാരിക്കുന്നുണ്ടെങ്കിലും എ.ഐ മനുഷ്യനെപ്പോലെ കാര്യങ്ങൾ മനസിലാക്കുന്നില്ല. പഠിച്ചെടുത്ത വിവരങ്ങളുടെയും ഭാഷാരീതികളുടെയും അടിസ്ഥാനത്തിൽ അടുത്തതായി വരാൻ സാധ്യതയുള്ള വാക്കുകൾ കണ്ടെത്തുകയാണ് ചെയ്യുന്നത്.അതുകൊണ്ട് ചിലപ്പോൾ തെറ്റായ വിവരങ്ങൾ പോലും വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞേക്കാം. ഇതിനെ എ.ഐ ഹാലൂസിനേഷൻ എന്നാണ് വിളിക്കുന്നത്. വിശ്വസനീയമായ വിവരങ്ങൾ പരിശോധിക്കാതെ മറുപടി നൽകുന്നതാണ് ഇത്തരം പിഴവുകൾക്ക് ഒരു കാരണം.ചുരുക്കത്തിൽ, എഐയുടെ സ്വാഭാവികമായ സംസാരം കണ്ട് അതിന് മനുഷ്യബുദ്ധിയുണ്ടെന്ന് കരുതേണ്ടതില്ല. വാക്കുകളും സംഖ്യകളും സാധ്യതകളും ഗണിതശാസ്ത്രവും ചേർന്നുള്ള വലിയൊരു സാങ്കേതിക വിദ്യയാണ് അതിന് പിന്നിൽ. അതിനാൽ എ.ഐ നൽകുന്ന മറുപടികൾ ഉപയോഗിക്കുമ്പോൾ പ്രധാനപ്പെട്ട വിവരങ്ങൾ ഉറവിടങ്ങളുമായി പരിശോധിക്കുന്നതും മറക്കരുത്.
'ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്'; ചാക്കോ മാഷിന്റെ ഡയലോഗ് ഓർമയില്ലേ?
മലയാളികൾക്ക് ഏറെ പരിചിതമാണ് സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ ഈ ഡയലോഗ്. അന്ന് ഗണിതശാസ്ത്രത്തെക്കുറിച്ച് ചാക്കോ മാഷ് പറഞ്ഞ വാക്കുകൾ തമാശയായും ആവേശത്തോടെയും നമ്മൾ കേട്ടു. എന്നാൽ ഇന്ന് ചാറ്റ്ജിപിടി പോലുള്ള എ.ഐ സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കുമ്പോൾ ആ ഡയലോഗിന് മറ്റൊരു പ്രസക്തി കൂടി ലഭിക്കുന്നു.മനുഷ്യനെപ്പോലെ സംസാരിക്കുന്ന എ.ഐയുടെ പിന്നിലും ഗണിതശാസ്ത്രത്തിന് വലിയ പങ്കുണ്ട്. നമ്മൾ നൽകുന്ന വാക്കുകളെ സംഖ്യകളാക്കി മാറ്റുന്നതു മുതൽ മറുപടി തയ്യാറാക്കുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ഗണിതം പ്രവർത്തിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ചാക്കോ മാഷിന്റെ ഡയലോഗ് ഓർമിപ്പിക്കുന്ന മറ്റൊരു ലോകമാണ് എ.ഐയുടേത്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.