ദിവസത്തിന്‍റെ ദൈർഘ്യം 24 മണിക്കൂറിൽനിന്ന് കുറയുമോ? ഭൂമിയുടെ ഭ്രമണം വേഗത്തിലാകുന്നുവെന്ന് ശാസ്ത്രലോകം

മ്മളിൽ പലരും ദിവസം 24 മണിക്കൂർ തികയുന്നില്ല എന്ന് പരാതി പറയുന്നവരാണ്. ശാസ്ത്ര ലോകത്തിന്‍റെ പുതിയ കണ്ടെത്തൽ പറയുന്നതും ഭൂമിയുടെ ഭ്രമണത്തിന് വേഗം കൂടുന്നുവെന്നാണ്. അതായത്, മുമ്പത്തേക്കാൾ കൂടുതൽ വേഗത്തിൽ ഭൂമി കറങ്ങുകയാണത്രെ. ദിവസത്തിന്‍റെ ദൈർഘ്യം കുറഞ്ഞുവരികയാണെന്നാണ് ഇത് അർത്ഥമാക്കുന്നത്.

വാഷിങ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷനൽ എർത്ത് റൊട്ടേഷൻ ആൻഡ് റഫറൻസ് സിസ്റ്റംസ് സർവിസാണ് (ഐ.ഇ.ആർ.എസ്) പുതിയ കണ്ടെത്തൽ നടത്തിയത്. വേഗത്തിലുള്ള കറക്കം തുടർച്ചയായി സംഭവിക്കുന്നതിനാൽ 2029ൽ ക്ലോക്കുകളിൽ നിന്ന് ഒരു ലീപ് സെക്കൻഡ് നീക്കം ചെയ്യേണ്ടിവരുമെന്ന് ഗവേഷകർ പറയുന്നു.

എന്നാൽ ഈ പ്രവണത 2025 വരെ മാത്രമേ തുടരൂ എന്നാണ് timeanddate.com റിപ്പോർട്ട്. നിലവിലെ ഡാറ്റ അനുസരിച്ച് വർഷത്തിലെ ഏറ്റവും കുറവ് ദൈർഘ്യമുള്ള മൂന്ന് ദിവസങ്ങൾ ജൂലൈ 9, ജൂലൈ 22, ആഗസ്റ്റ് 5 എന്നിവയായിരിക്കും. അവയിൽ ഏറ്റവും കുറവ് ആഗസ്റ്റ് 5നായിരിക്കും. 24 മണിക്കൂറിനേക്കാൾ ഏകദേശം 1.51 മില്ലിസെക്കൻഡ് കുറവായിരിക്കും ഈ ദിവസത്തിന്‍റെ ദൈർഘ്യം.

സാധാരണയായി ഒരു ദിവസത്തിന്‍റെ ദൈർഘ്യം 24 മണിക്കൂർ അഥവാ 86,400 സെക്കൻഡാണ്. എന്നാൽ അത് സ്ഥിരമല്ല. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സമുദ്ര വേലിയേറ്റങ്ങൾ, ഭൂഗർഭ മാറ്റങ്ങൾ എന്നിവയെല്ലാം ഭൂമിയുടെ ഭ്രമണത്തിന്‍റെ വേഗതയെ സ്വാധീനിക്കാറുണ്ട്.

ഭൂമിയുടെ ചലനം മന്ദഗതിയിലാകുന്ന പ്രവണത നിലവിൽ നടക്കുന്നുണ്ടെങ്കിലും 2020 മുതൽ അസാധാരണമായ എന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് മോസ്കോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഗവേഷകനായ ലിയോണിഡ് സോടോവ് timeanddate.com-നോട് പറഞ്ഞു. ഭൂമിയുടെ അകക്കാമ്പിൽ എന്തെങ്കിലും സംഭവിക്കുന്നതാകാം ഇതിന് കാരണമെന്നും അല്ലാതെ സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും മാറ്റങ്ങൾ വേഗത വർധിക്കുന്നതിന് കാരണമാകുന്നില്ലെന്നുമാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ഇത് അൽപം വിചിത്രമായി തോന്നിയേക്കാമെങ്കിലും മുൻകാലങ്ങളിലും ഭൂമിയുടെ ഭ്രമണത്തിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ദിനോസറുകൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ 23 മണിക്കൂറായിരുന്നു ഒരു ദിവസത്തിന്‍റെ ദൈർഘ്യമെന്ന് പറയപ്പെടുന്നു. വെങ്കലയുഗത്തിൽ ശരാശരി ദിവസം നിലവിലുള്ളതിനേക്കാൾ 30 സെക്കൻഡ് കുറവായിരുന്നു. പല മാറ്റങ്ങളും സംഭവിച്ച് 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമിയിലെ ഒരു ദിവസം ഏകദേശം 25 മണിക്കൂർ നീണ്ടുനിൽക്കാമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു

Tags:    
News Summary - earths rotation is speeding up says scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT