ഭൂമിയും ചൊവ്വയും ഉത്ഭവിച്ചത് ഒരേ പദാർഥത്തിൽ നിന്ന്! ശാസ്ത്രലോകത്തെ പുതിയ പഠനങ്ങൾ പഴയ സിദ്ധാന്തങ്ങളെ തിരുത്തുന്നതോ‍?

ബുധൻ, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളോടൊപ്പമാണ് ഭൂമി രൂപപ്പെട്ടതെങ്കിലും ഗ്രഹത്തിലെ ഭൂരിഭാഗം പദാർഥങ്ങളും വ്യാഴത്തിന്റെ ഭ്രമണപഥത്തിന് അപ്പുറമുള്ള സൗരയൂഥത്തിന്റെ പുറംഭാഗങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് വർഷങ്ങളായി ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. എന്നാൽ ചൊവ്വക്കു സമാനമായി ഭൂമി സൗരയൂഥത്തിന്റെ ഉൾഭാഗത്തുള്ള പദാർഥങ്ങളിൽ നിന്നാണ് രൂപപ്പെട്ടതെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഭൂമിയിൽ പതിച്ച ഉൽക്കകളുടെ രാസഘടനയെ കേന്ദ്രീകരിച്ചുള്ള പഠനത്തിലൂടെയാണ് ശാസ്ത്രലോകം പുതിയ കണ്ടെത്തലുകൾ പങ്കുവെച്ചിരിക്കുന്നത്. സൗരയൂഥത്തിന്റെ ഉത്ഭവസമയങ്ങളിലെ അവശിഷ്ടങ്ങളായ ഇത്തരം ഉൽക്കകൾ ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് നിർണ്ണായക സൂചനകൾ നൽകുന്നു.

സ്വിസ് സർവ്വകലാശാലയിലെ ഗവേഷകരായ പൗലോ സോസിയും ഡാൻ ബോവറും ചേർന്ന് ചൊവ്വയിലെയും വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തിലെയും ഉൽക്കകളിലെ ഐസോടോപ്പ് അനുപാതങ്ങൾ ഭൂമിയുടെ ഘടനയുമായി താരതമ്യം ചെയ്ത് നടത്തിയ പഠനങ്ങളിലൂടെ ശാസ്ത്രലോകം പുതിയ വഴിത്തിരിവ് സൃഷ്ച്ചിരിക്കുകയാണ്. പുതിയ കണ്ടെത്തലിൽ ഭൂമിയുടെ ആകെ മാസിന്‍റെ രണ്ട് ശതമാനത്തിൽ താഴെയാണ് സൗരയൂഥത്തിന്റെ പുറംഭാഗത്തെ പദാർഥങ്ങൾ അടങ്ങിയിട്ടുള്ളതെന്ന് വ്യക്തമായി. ചിലപ്പോൾ ഇത് പൂജ്യം വരെയുമാകാം. പൊടിപടലങ്ങളും അവശിഷ്ടങ്ങളും നിറഞ്ഞ സൗരയൂഥത്തിന്റെ ഉൾഭാഗത്ത് തികച്ചും സ്ഥിരതയുള്ള അന്തരീക്ഷത്തിലാവാം ഭൂമി വികസിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു. കൂടാതെ വെള്ളം പോലുള്ള അസ്ഥിരമായ മൂലകങ്ങൾ നേരത്തെ തന്നെ സൗരയൂഥത്തിന്റെ ഉൾഭാഗത്ത് ഉണ്ടായിരുന്നിരിക്കാമെന്ന നിഗമനത്തിലേക്കും ഇത് വിരൽ ചൂണ്ടുന്നു.

വ്യാഴത്തിന്റെ പങ്ക്

സൗരയൂഥത്തെ രൂപപ്പെടുത്തുന്നതിൽ വ്യാഴത്തിന് വലിയ പങ്കുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകർഷണം ചൊവ്വയുടെ വലിപ്പത്തെ സ്വാധീനിക്കുകയും ക്ഷുദ്രഗ്രഹ വലയം രൂപപ്പെടാൻ കാരണമാവുകയും ചെയ്തു.സൗരയൂഥത്തിന്റെ രൂപീകരണ സമയത്ത് വ്യാഴത്തിന്‍റെ സ്വാധീനത്താൽ ഉണ്ടായ ഒരു വിടവ് കാരണം പുറംഭാഗത്തുള്ള പദാർഥങ്ങൾ ഉൾഭാഗത്തുള്ള പദാർഥങ്ങളുമായി കലരുന്നത് തടയാന്‍ സഹായിച്ചിരുന്നു.

ഭൗമരസതന്ത്രത്തിൽ (Geochemistry) അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകൂട്ടലുകളും ഡാറ്റാ സയൻസ് പരീക്ഷണങ്ങളും ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഭൗതികമായ അനുമാനങ്ങളെക്കാൾ (Physical assumptions) ഉപരിയായി ലഭ്യമായ ഡാറ്റയെ മാത്രം അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകളെന്ന് ഡാൻ ബോവർ പറഞ്ഞു.

നിലവിൽ ഈ പഠനത്തിലൂടെ ശുക്രന്റെയും ബുധന്റെയും ഘടന സൈദ്ധാന്തികമായി പ്രവചിക്കാൻ കഴിയുമെന്ന് പൗലോ സോസി വിശ്വസിക്കുന്നു. ഭൂമിയുടെയും മറ്റ് ശിലായുക്ത ഗ്രഹങ്ങളുടെയും (Rocky planets) ഉത്ഭവത്തിന്‍റെ ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലുകൾ.

News Summary - Earth and Mars originated from the same materials! Are new scientific studies correcting old theories?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.