ആദ്യം അപ്രത്യക്ഷമാകും, പിന്നീട് കംപ്ലീറ്റ് ബ്ലാക്കൗട്ട്; ആർട്ടെമിസ് IIന്റെ ചർച്ചയാകുന്ന മിനിറ്റുകൾ

വാഷിങ്ടൺ: ആർട്ടെമിസ് II വിജയകരമായി വിക്ഷേപിച്ചുകഴിഞ്ഞു. നാസയുടെ ഒരു അറിയിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശാസ്ത്ര കുതുകികൾ ചർച്ചചെയ്യുന്നത്. ആർട്ടെമിസ് ഏകദേശം 30 മിനിറ്റിലധികം അപ്രത്യക്ഷമാകുമെന്നാണ് അറിയിപ്പ്. ആ സമയം കംപ്ലീറ്റ് ബ്ലാക്കൗട്ട് ആയിരിക്കും. ആ സമയം മുഴുവൻ നാസയിലുള്ളവർക്ക് ആർട്ടെമിസ് ക്രൂവിനെ കേൾക്കാൻ കഴിയില്ല. ശബ്ദങ്ങളില്ല, ടെലിമെട്രിയില്ല, ക്രൂവിൽനിന്ന് സിഗ്നലില്ല, അങ്ങനെ കംപ്ലീറ്റ് ബ്ലാക്കൗട്ട് ആകും എന്നർഥം. എന്നാൽ ഇതൊരു പ്രശ്നമോ പ്രതിസന്ധിയോ അല്ലെന്നും നാസ അറിയിക്കുന്നുണ്ട്. ആർട്ടെമിസ് II ചന്ദ്രന് പിന്നിൽ നീങ്ങുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാസ വ്യക്തമാക്കുന്നു.

ഓറിയോൺ ചന്ദ്രന്റെ മറുവശത്തുകൂടി കടന്നുപോകുമ്പോൾ ചന്ദ്രൻ ഭൂമിക്കും ബഹിരാകാശ പേടകത്തിനും ഇടയിൽ നേരിട്ട് വരും. ആ സമയം ഓറിയോൺ ബഹിരാകാശ പേടകത്തിനുള്ളിലെ ബഹിരാകാശയാത്രികർ ഭൂമിയുടെ ആശയവിനിമയ സംവിധാനങ്ങളിൽനിന്ന് അപ്രത്യക്ഷമാകും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണ് നാസ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും നാസ വ്യക്തമാക്കുന്നുണ്ട്. ഭൂമിയുടെ വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ മാത്രമാണ് ബഹിരാകാശയാത്രികർ അപ്രത്യക്ഷമാകുന്നത്. ഓറിയോണിനുള്ളിൽ, ബഹിരാകാശ പേടകത്തിലെ ഓൺബോർഡ് കമ്പ്യൂട്ടറുകൾ നാവിഗേഷൻ, ഫ്ലൈറ്റ് സിസ്റ്റങ്ങൾ എല്ലാം യാന്ത്രികമായി കൈകാര്യം ചെയ്യുന്നത് തുടരും. ബഹിരാകാശയാത്രികർ ആസൂത്രണം ചെയ്തതുപോലെ അവരുടെ ദൗത്യം തുടരുകയും ചെയ്യും.

നാലുപേരടങ്ങുന്ന സംഘവുമായാണ് ആ​ർട്ടെമിസ് II ചന്ദ്രനിലേക്ക് കുതിച്ചത്. റീഡ് വൈസ്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡർ. വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്), ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണ് ദൗത്യത്തിലെ മറ്റംഗങ്ങൾ. 1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രനിലേക്കുള്ള ആദ്യ സംഘമാണ് ഇത്. ദീർഘകാലത്തേക്ക് മനുഷ്യ ബഹിരാകാശ യാത്രക്ക് ആവശ്യമായ സംവിധാനങ്ങൾ വിലയിരുത്തുക എന്താണ് ഈ ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം.

ഡീപ് സ്‌പേസ് സാഹചര്യങ്ങളിൽ പേടകത്തിന്റെ നിയന്ത്രണം, ആശയവിനിമയം, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തുക തുടങ്ങിയവയും പഠനത്തിന് വിധേയമാക്കും. കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39ബിയിലായിരുന്നു വിക്ഷേപണം.

Tags:    
News Summary - artemis II astronauts will vanish behind the moon for 41 minutes nasa reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-29 01:24 GMT