ഭൂമിയോട് ബൈ പറഞ്ഞ് ആദിത്യ; 110 ദിവസത്തെ യാത്രക്ക് ശേഷം പേടകം ലഗ്രാഞ്ചിയൻ പോയിന്‍റിൽ

ബംഗളൂരു: ഭൂമിയുടെ ഗുരുത്വാകർഷണ പരിധി വിട്ട് ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 പേടകം സൂര്യനിലെ ലഗ്രാഞ്ചിയൻ 1 പോയന്റിലേക്ക് യാത്ര തുടങ്ങി. പേടകത്തെ ലഗ്രാഞ്ചിയൻ പാതയിലേക്ക് മാറ്റുന്ന ട്രാൻസ് ലഗ്രാഞ്ചിയൻ ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

അതിസങ്കീർണ ഘട്ടത്തിലൂടെ (ക്രൂസ് ഫേസ്) 110 ദിവസം നീണ്ട യാത്രക്ക് ശേഷമാവും ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ചിയൻ 1 പോയിന്‍റിൽ പേടകത്തെ സ്ഥാപിക്കുക. തുടർച്ചയായ അഞ്ചാം തവണയാണ് ഐ.എസ്.ആർ.ഒ ഒരു ഭ്രമണപഥത്തിൽ നിന്ന് ഒരു വസ്തുവിനെ മറ്റൊരു ആകാശ ഗോളത്തിലേക്കോ ബഹിരാകാശത്തെ സ്ഥലത്തേക്കോ വിജയകരമായി മാറ്റുന്നത്.

ബം​​ഗ​​ളൂ​​രു​​വി​​ലെ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ടെ​​ലി​​മെ​​ട്രി ട്രാ​​ക്കി​​ങ് ആ​​ൻ​​ഡ് ക​​മാ​​ൻ​​ഡ് നെ​​റ്റ്‍വ​​ർ​​ക്കി​​ൽ (ഇ​​സ്ട്രാ​​ക്) നി​​ന്നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചാ​​ണ് ആ​​ദി​​ത്യ നീ​​ങ്ങു​​ന്ന​​ത്. മൊ​​റീ​​ഷ്യ​​സി​​ലെ​​യും പോ​​ർ​​ട്ട് ബ്ലെ​​യ​​റി​​ലെ​​യും ഐ.​​എ​​സ്.​​ആ​​ർ.​​ഒ​​യു​​ടെ ഗ്രൗ​​ണ്ട് സ്റ്റേ​​ഷ​​നു​​ക​​ളും ഭ്ര​​മ​​ണ​​പ​​ഥ മാ​​റ്റ പ്ര​​ക്രി​​യ​​യി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി.

സൂര്യനെ കുറിച്ചുള്ള നി​​ർ​​ണാ​​യ​​ക​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ആ​​ദി​​ത്യ എ​​ൽ1 ശേ​​ഖ​​രി​​ക്കാ​​ൻ തു​​ട​​ങ്ങിയെന്ന വാർത്ത ഐ.​​എ​​സ്.​​ആ​​ർ.​​ഒ ഇന്നലെ പുറത്തുവിട്ടിരുന്നു. ഭൂ​​മി​​ക്ക് 50,000 കി​​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം അ​​ക​​​ലെ​​യു​​ള്ള ഉ​​ഷ്ണ-​​ഊ​​ർ​​ജ-​​വൈ​​ദ്യു​​ത ക​​ണ​​ങ്ങ​​ളാ​​ണ് പേ​​ട​​ക​​ത്തി​​ലെ സ്റ്റെ​​പ്സ്-1 (STEPS-1) ഉ​​പ​​ക​​ര​​ണ​​ത്തി​​ന്‍റെ സെ​​ൻ​​സ​​റു​​ക​​ൾ അ​​ള​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. ഭൂ​​മി​​ക്കു ചു​​റ്റു​​മു​​ള്ള ക​​ണ​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വ​​ വി​​ശ​​ക​​ല​​ന​​ത്തി​​ന് ശാ​​സ്ത്ര​​ജ്ഞ​​രെ സ​​ഹാ​​യി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ളാ​​ണിവ. 

സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനാണ് ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. ആദ്യ ഘട്ടത്തിൽ റോക്കറ്റ് 235 കിലോമീറ്റർ അടുത്തും 19500 കിലോമീറ്റർ അകലെയുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ പേടകത്തെ എത്തിച്ചു. ഭൂമിയെ 15 ദിവസം വലംവെച്ച ആദിത്യയുടെ ഭ്രമണപഥമാറ്റം നാലു തവണ വിജയകരമായി പൂർത്തിയാക്കി.

Full View

സെപ്റ്റംബർ മൂന്നിന് ആദ്യ ഭ്രമണപഥമാറ്റം നടന്നു. ഇതോടെ പേടകം ഭൂമിയുടെ 245 കിലോമീറ്റർ അടുത്തും 22459 കിലോമീറ്റർ അകലെയുമായി വലം ചുറ്റാൻ തുടങ്ങി. സെപ്റ്റംബർ അഞ്ചിലെ രണ്ടാമത്തെ ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുടെ 282 കിലോമീറ്റർ അടുത്തും 40225 കിലോമീറ്റർ അകലെയുമുള്ള പഥത്തിൽ പേടകമെത്തി.

സെപ്റ്റംബർ 10ന് നടന്ന മൂന്നാം മാറ്റത്തിലൂടെ പേടകം ഭൂമിയുടെ 296 കിലോമീറ്റർ അടുത്തും 71767 കിലോമീറ്റർ അകലെയുമായി. സെപ്റ്റംബർ 15ന് ഭൂമിയുടെ 256 കിലോമീറ്റർ അടുത്തും 121973 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലേക്ക് മാറ്റി നാലാം മാറ്റം വിജയകരമായി പേടകം പൂർത്തിയാക്കി. ഭൂമിയുടെ ഗുരുത്വാകർഷണ പരിധി വിട്ടതോടെ പേടകത്തെ ലഗ്രാഞ്ചിയൻ പോയിന്‍റിലേക്കുള്ള പാതയിലേക്ക് മാറ്റി.

ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം. ഇന്ത്യക്ക് മുമ്പ് അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂനിയൻ എന്നിവയാണ് സൗരദൗത്യം നടത്തിയിട്ടുള്ള രാജ്യങ്ങൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.