പാലക്കാട്: എൻ.ഡി.പി.എസ് കേസുകളിൽ കുറ്റാരോപിതരായി ജില്ല ജയിലിൽ പാർപ്പിച്ച 49 തടവുകാർ ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതിനെ തുടർന്ന് ചിലരെ വിയ്യൂർ, തവനൂർ ജയിലുകളിലേക്ക് മാറ്റിയതായി ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
തടവുകാർ ജയിലിൽ നിരാഹാരം അനുഷ്ഠിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഡി.ജി.പി (ജയിൽ വകുപ്പ്) റിപ്പോർട്ട് സമർപ്പിച്ചത്.
നിരാഹാരത്തിൽ നിന്ന് പിൻമാറാൻ ജയിൽ അധികൃതർ നിർദേശം നൽകിയിട്ടും തടവുകാർ തയാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ജയിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല. ഏഴ് തടവുകാർ നിരാഹാരം പിൻവലിക്കാൻ തയാറായി.
ജയിലിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ച 20 തടവുകാരിൽ 10 പേരെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കും 10 തടവുകാരെ തവന്നൂർ സെൻട്രൽ ജയിലിലേക്കും മാറ്റിയെന്നാണ് റിപ്പോർട്ട്. ബാക്കി തടവുകാർ നിരാഹാരം പിൻവലിക്കാൻ തയ്യാറായി.
വിചാരണവേളയിൽ കേസ് സംബന്ധമായ കാര്യങ്ങളുടെ അന്തിമമായ തീരുമാനം കോടതികൾക്ക് മാത്രമേ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്ന വിവരം തടവുകാരെ അറിയിച്ചു. തങ്ങളുടെ പരാതികൾ കോടതികൾക്ക് മുന്നിൽ സമർപ്പിക്കാൻ എഴുതി നൽകണമെന്ന് തടവുകാരോട് ആവശ്യപ്പെട്ടതായും ഡി. ജി.പി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമീഷൻ കേസ് തീർപ്പാക്കി. പാലക്കാട് കാവശ്ശേരി സ്വദേശി മനോജ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.