നഴ്സുമാരെ വിഭജിക്കരുത്

ഇന്‍ജക്ഷന്‍ മാറി കുത്തുന്ന നഴ്സുമാര്‍ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും കേരളത്തിലുള്ളതുപോലെയുള്ള മികച്ച പരിശീലനവും പഠനവും മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലെന്നുമുള്ള ആരോഗ്യമന്ത്രി കെ.മുരളീധരന്റെ പ്രസ്താവനയോട് എല്ലാ ബഹുമാനത്തോടും കൂടി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.

ഒരു വ്യക്തി എവിടെ പഠിക്കണമെന്നത് അവരുടെ താൽപര്യവും സാഹചര്യങ്ങളും അനുസരിച്ചുള്ള വ്യക്തിപരമായ തീരുമാനമാണ്. കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിൽനിന്ന് നഴ്സിംഗ് വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽപരമായ കഴിവില്ലെന്നും അവർക്ക് അടിസ്ഥാനപരമായ ജോലികൾ പോലും ശരിയായി ചെയ്യാനറിയില്ലെന്നും പൊതുവായി ആരോപിക്കുന്നത് അപലപനീയമാണ്. ഇന്ന് കേരളത്തിലും വിദേശരാജ്യങ്ങളിലും മികച്ച സേവനം ചെയ്യുന്ന ആയിരക്കണക്കിന് നഴ്സുമാർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവരാണെന്ന യാഥാർഥ്യം മറക്കരുത്. ഇത്തരം പ്രസ്താവനകൾ അവരുടെ ആത്മാഭിമാനത്തെയും തൊഴിൽപരമായ നിലനിൽപ്പിനെയും ബാധിക്കുന്നതാണ്.

നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കണമെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. എന്നാൽ അതിനുമുമ്പ് നിലവിലുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ ലഭ്യത, ക്ലിനിക്കൽ പരിശീലനം, വിദ്യാഭ്യാസ നിലവാരം, ഫീസ് ഘടന എന്നിവ ഉറപ്പാക്കണം. സീറ്റുകൾ വർധിപ്പിക്കുന്നതിന്റെ മറവിൽ വിദ്യാഭ്യാസ കച്ചവടത്തിന് അവസരമൊരുക്കരുത്.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നേരിടുന്ന കുറഞ്ഞ വേതനം, അമിത ജോലിഭാരം, ജീവനക്കാരുടെ കുറവ്, രോഗി-നഴ്സ് അനുപാതത്തിലെ അപാകതകൾ, തൊഴിൽ അരക്ഷിതാവസ്ഥ എന്നിവയും സർക്കാർ ഗൗരവമായി പഠിക്കണം. ഒരു നഴ്സിന് അനുവദിക്കേണ്ടതിലധികം രോഗികളുടെ ഉത്തരവാദിത്വം നൽകുന്നത് എന്തുകൊണ്ടാണെന്നും പരിശോധിക്കണം. ആശുപത്രി അധികൃതരെ മാത്രമല്ല, അവിടെ ജോലി ചെയ്യുന്ന ജീവനക്കാരെയും കേൾക്കാൻ ഭരണകൂടം തയ്യാറാകണം.

ഓരോ വർഷവും ആവശ്യത്തിലധികം നഴ്സുമാരെ തൊഴിൽവിപണിയിലേക്ക് എത്തിക്കുന്നതിനു പകരം നിലവിലുള്ളവർക്കും പുതുതായി എത്തുന്നവർക്കും മാന്യമായ വേതനവും തൊഴിൽസുരക്ഷയും ഉറപ്പാക്കുകയാണ് വേണ്ടത്. കേരളത്തിലോ കർണാടകയിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ പഠിച്ചവരായാലും അംഗീകൃത യോഗ്യതയുള്ള ഓരോ നഴ്സിനും തുല്യമായ ആദരവും തൊഴിൽ അവസരവും ലഭിക്കണം. നഴ്സുമാരെ തമ്മിൽ വിഭജിക്കുകയല്ല വേണ്ടത്; അവരുടെ അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടി ഒരുമിച്ച് ശബ്ദമുയർത്തുകയാണ് വേണ്ടത്.

Tags:    
News Summary - Nursing Row Sparks Debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.