വിജിലന്‍സ് കേസുകള്‍: സര്‍ക്കാറിനെ സമ്മര്‍ദത്തിലാഴ്ത്തി വി.എസും കാനവും

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഭരണപക്ഷത്തുനിന്നുള്ള രണ്ട് മുതിര്‍ന്ന നേതാക്കള്‍തന്നെ പരസ്യമായി രംഗത്തുവന്നത് സര്‍ക്കാറിനെ സമ്മര്‍ദത്തിലാഴ്ത്തുന്നു. വി.എസ്. അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് അഴിമതിക്കേസുകള്‍ മുന്‍നിര്‍ത്തി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പരസ്യമായി രംഗത്തുവന്നത്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും പ്രതിപക്ഷത്തെ ചില നേതാക്കളും നേരത്തെ വിവിധ വിഷയങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. പിന്നാലെയുള്ള വി.എസ്, കാനം ആക്ഷേപം വിജിലന്‍സ് വകുപ്പിന്‍െറ ചുമതലയുള്ള മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമായാണ് വിലയിരുത്തപ്പെടുന്നത്.  

യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ജേക്കബ് തോമസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധിച്ചത് വി.എസായിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥനായാണ് അദ്ദേഹത്തെ വി.എസ് ചിത്രീകരിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ ആക്കിയതിനെ പ്രശംസിക്കുകയും ചെയ്തു. ബാര്‍ കോഴ, പാറ്റൂര്‍, ടൈറ്റാനിയം അഴിമതിക്കേസുകള്‍, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെട്ട മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് എന്നിവയിലെ അന്വേഷണങ്ങളില്‍ അദ്ദേഹം പ്രതീക്ഷവെച്ചുപുലര്‍ത്തിയിരുന്നു. ഈ കേസുകളില്‍ പ്രത്യേക അന്വേഷണസംഘം വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും കേസന്വേഷണങ്ങളില്‍ പുരോഗതിയുണ്ടാവുന്നില്ളെന്ന ആക്ഷേപമാണ് വി.എസിന്. മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ മെല്ളേപ്പോക്കാണെന്ന ആക്ഷേപം ഒപ്പം ഉയരുന്നു. യു.ഡി.എഫ് നേതൃത്വവുമായി സി.പി.എം നേതാക്കളിലെ ഒരുവിഭാഗത്തിന് അവിഹിത ബന്ധമുണ്ടെന്ന ആക്ഷേപം കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വി.എസ് ഉയര്‍ത്തിയിരുന്നു. സോളാര്‍ സമരം ഒത്തുതീര്‍ത്തെന്ന ആക്ഷേപമായിരുന്നു അതിലൊന്ന്. കേന്ദ്ര-സംസ്ഥാന നേതൃത്വം ഇത് നിഷേധിച്ചു. ഇപ്പോള്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലടക്കം ഒത്തുതീര്‍പ്പുണ്ടായോ എന്ന സംശയം വി.എസിനുണ്ടെന്നാണ് സൂചന.

ജനുവരി 31നും ഈ കേസിലടക്കം വി.എസ് വിജിലന്‍സിനെ വിമര്‍ശിച്ചു. ബാര്‍ കോഴ, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് അടക്കം കേസുകളെ അതിജീവിക്കാനുള്ള കരുത്ത് പ്രമാണിമാര്‍ക്കുണ്ടെന്നായിരുന്നു ആക്ഷേപം. തന്‍െറ സ്ഥാനം സംരക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം വൈകിക്കുന്നെന്ന പ്രതിപക്ഷത്തിന്‍േറതടക്കം ആരോപണം ശരിവെക്കുന്നതാണ് വി.എസിന്‍െറ പുതിയ പ്രസ്താവന.

യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ അഴിമതിക്കേസുകളിലെ അന്വേഷണം ഇഴയുന്നെന്ന് ആദ്യം ആക്ഷേപിച്ചത് കാനം രാജേന്ദ്രനായിരുന്നു. വിജിലന്‍സെന്നാല്‍ ഡയറക്ടറിലേക്ക് കേന്ദ്രീകരിക്കുന്ന ഏകാംഗ സംവിധാനമാകരുതെന്ന് ജനുവരിയില്‍ അദ്ദേഹം പ്രസ്താവിച്ചു. സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആക്ഷേപം ഭരണപക്ഷത്തുനിന്ന് ഉയര്‍ന്നതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിരോധത്തിലായി. മാവോവാദി കൊലപാതകം, യു.എ.പി.എ ചുമത്തല്‍, ലോ അക്കാദമി വിദ്യാര്‍ഥിസമരം എന്നിവക്കുപിന്നാലെ നേതാക്കളുടെ വിമര്‍ശനം സര്‍ക്കാറിനും മുന്നണിക്കും തലവേദനയാവുകയാണ്.

Tags:    
News Summary - vs and kanam rajendran to ldf govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.