കേരളത്തില്‍ ഇസ് ലാമോഫോബിയ വളര്‍ത്തിയ സി.പി.എമ്മിന്റെ പാരമ്പര്യം പറയിപ്പിക്കരുതെന്ന് വി.ഡി സതീശൻ

മലപ്പുറം: കേരളത്തില്‍ ഇസ് ലാമോഫോബിയ വളര്‍ത്തിയ സി.പി.എമ്മിന്റെ പാരമ്പര്യം ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് വി.ഡി പ്രതിപക്ഷ നേതാവ് സതീശൻ. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ് ലീം വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമമാണ് പിണറായി വിജയന്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയത് ആരാണ്? പഴയതൊന്നും ആരും മറക്കരുത്. 1987-ല്‍ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ആരാണ്? സി.എ.എ സമരത്തിന് എതിരായ എത്ര കേസുകളാണ് പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചത്?

തമിഴ്‌നാട് സര്‍ക്കാര്‍ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് സി.എ.എ പ്രക്ഷോഭങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്. കേരളത്തില്‍ കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകാത്തത് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണോ? ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായപ്പോള്‍ മതേതര ഭാരതത്തിന്റെ ചങ്കിലേറ്റ കുത്തെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. വേങ്കര തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍ മലപ്പുറത്തിന്റേത് വര്‍ഗീയ മനസെന്നാണ് പിണറായി മന്ത്രിസഭയിലെ അംഗമായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

ആ പ്രസ്താവന തിരുത്താന്‍ ഇതുവരെ തയാറായോ? മലപ്പുറത്തിന് വര്‍ഗീയ മനസാണെന്നു തന്നെയാണോ സി.പി.എമ്മിന്റേയും അഭിപ്രായം. നിങ്ങളുടെ പാരമ്പര്യമൊന്നുംഞങ്ങളെക്കൊണ്ട് സി.പി.എം പറയിപ്പിക്കരുത്. പൗരത്വ നിയമത്തിനെതിരെ കേസു കൊടുത്തതും മുസ് ലീം ലീഗാണ്. സി.പി.എമ്മിന് ഇതില്‍ എന്ത് കാര്യമാണുള്ളത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പിയെ പോലെ വര്‍ഗീയധ്രുവീകരണമുണ്ടാക്കാനാണ് സി.പി.എമ്മും ശ്രമിക്കുന്നത്.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനകള്‍ ഒരേ കേന്ദ്രത്തില്‍ നിന്നും തയാറാക്കിയതാണോയെന്നു പോലും സംശയിച്ചു പോകും. രണ്ടു പേരുടെയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണ്. 2014 മുതല്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാന്‍ ബി.ജെ.പി നടത്തുന്ന പദ്ധതികള്‍ ഇപ്പോള്‍ പിണറായി വിജയനും സി.പി.എമ്മും ഏറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ പത്ത് വര്‍ഷം മുന്‍പ് മോദിയും ബി.ജെ.പിയും പ്രചരിപ്പിച്ചിരുന്നത് കേരളത്തില്‍ സി.പി.എമ്മും പിണറായി വിജയനും ആവര്‍ത്തിക്കുകയാണ്.

ഇവര്‍ക്ക് ഒരേ സ്വരമാണ്. രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ മത്സരിക്കാതെ കേരളത്തിലേക്ക് ഒളിച്ചോടിയെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ഇന്ന് അതേ വാചകം തന്നെ പിണറായി വിജയനും ആവര്‍ത്തിച്ചു. ആര് ഏത് സീറ്റില്‍ മത്സരിക്കണമെന്നതും പ്രചരണം എങ്ങനെയാകണം എന്നതും അതത് പാര്‍ട്ടികളാണ് തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് പ്ലക്കാര്‍ഡ് പിടിക്കണോ കൊടി പിടിക്കണമോ എന്നത് സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ഓഫീസില്‍ തീരുമാനിക്കപ്പെടേണ്ടതല്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ബി.ജെ.പിയേക്കാള്‍ അലോസരമുണ്ടാക്കുന്നത് സി.പി.എമ്മിനാണെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan said that the tradition of CPM which fostered Islamophobia in Kerala should not be told.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.