കേരള മുഖ്യമന്ത്രി സംഘപരിവാര്‍ ഇടനിലക്കാരനായി അധഃപതിച്ചുവെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി സംഘപരിവാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്റെ റോളിലേക്ക് അധഃപതിച്ചെന്നാണ് ജെ.ഡി.എസ് നേതാക്കളുടെ പ്രസ്താവനകൾ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജെ.ഡി.എസിനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ചതും എല്‍.എഡിഫിന്റെ ഘടകകക്ഷിയായി നിലനിര്‍ത്തിയിരിക്കുന്നതും പിണറായി വിജയന്റെ മഹാമനസ്‌കതയെന്നാണ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞത്.

അതുതന്നെയാണ് ദേവഗൗഡ ഇന്നലെ പറഞ്ഞതും. എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതുള്‍പ്പെടെ എല്ലാം പിണറായിയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നെന്ന ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ അടിവരയിടുന്നതാണ് കുമാരസ്വാമിയുടെ പ്രസ്താവന.

ദേശീയതലത്തില്‍ സംഘപരിവാറിനൊപ്പം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ജെ.ഡി.എസ്. സംഘപരിവാറില്‍ ചേര്‍ന്ന് ഒന്നരമാസമായിട്ടും സംസ്ഥാനത്ത് ജെ.ഡി.എസ് സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമാണ്. പിണറായി മന്ത്രിസഭയില്‍ അവര്‍ക്ക് ഇപ്പോഴും പ്രതിനിധിയുണ്ട്. എന്‍.ഡി.എയുടെ ഘടകകക്ഷിയായ ജെ.ഡി.എസിനോട് മാറി നില്‍ക്കണമെന്ന് പറയാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം പിണറായി വിജയനും സി.പി.എമ്മിനുമില്ല. ഇതാണ് ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയം.

സംഘപരിവാര്‍ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന പ്രതിപക്ഷ വാദം വീണ്ടും വീണ്ടും ശരിയാണെന്ന് തെളിയുന്നു.

അഴിമതി കേസുകളില്‍ അന്വേഷണം നേരിടേണ്ടി വരുമെന്ന സംഘപരിവാര്‍ ഭീഷണിയിലും സമ്മര്‍ദത്തിലുമാണ് പിണറായി വിജയനും സി.പി.എം, എല്‍.ഡി.എഫ് നേതാക്കള്‍ക്കും എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ ചുമക്കേണ്ടി വരുന്നതെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - V. D. Satheesan said that the Kerala Chief Minister has degraded into a middleman of the Sangh Parivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.