യു.ഡി.എഫ് നാളെ സെക്രട്ടറിയേറ്റ് വളയും; നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : അഴിമതി രാഷ്ട്രീയ വിഷയമാക്കി, രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്ന് ആകോപിച്ചാണ് രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയുന്നത്. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.

ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പൊലീസ് നല്‍കി. പതിനാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷക്കായി ക്രമീകരിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി യു.ഡി.എഫിന്‍റെ മുന്‍നിര നേതാക്കളെല്ലാം ഉപരോധസമരത്തില്‍ പങ്കെടുക്കും. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്നുതന്നെ എത്തിത്തുടങ്ങും.

എ.ഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം.

രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും. കന്‍റോണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മെയിന്‍ ഗേറ്റില്‍ ആദ്യമെത്തുക. ആറരയോടെ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈ.എം.സി.എ ഗേറ്റും വളയും.

Tags:    
News Summary - UDF will gather secretariat tomorrow; Traffic control in the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.