തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ജനപ്രിയ നയങ്ങളിൽ വിറളിപൂണ്ട ഇടതു വലത് മുന്നണികൾ ബി.ജെ.പിയെ അപകീർത്തിപ്പെടുത്താൻ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് അപവാദ പ്രചാരണം നടത്തുകയാണെന്ന് സംസ്ഥാന കോർ കമ്മിറ്റി. സംസ്ഥാന നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, അബ്ദുല്ലക്കുട്ടി, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, എം.ടി രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ എന്നിവരാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ബി.ജെ.പിക്കെതിരെ ആസൂത്രി കള്ളപ്രചാരണം നടത്തുകയാണ്. ഇടത്- വലത് മുന്നണികളുടെ അഴിമതി മൂടിവെക്കാനും ഒത്തുകളി മറച്ചുവെക്കാനും വേണ്ടിയാണ് ഈ വ്യാജ പ്രചാരണം നടത്തുന്നത്.
കേരളത്തിലെ എല്ലാവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗജന്യമായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി മഹാമാരിയിൽ നിന്നും സംരക്ഷിച്ചു. കഴിഞ്ഞ 28 മാസക്കാലം കൊണ്ട് കേരളത്തിലെ 1.5 കോടി ജനങ്ങൾക്ക് 140 കിലോ സൗജന്യ അരി മോദി സർക്കാർ നൽകി. കിസാൻ സമ്മാൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 37 ലക്ഷം കർഷകർക്ക് 24,000 രൂപ വീതം നൽകി. സംസ്ഥാനത്തെ 52 ലക്ഷം പേർക്ക് പി.എം മുദ്ര പദ്ധതി വഴി ലോൺ ലഭിക്കുകയും ഇതുവഴി 25 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി സർക്കാർ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് കേരളത്തിലെ എല്ലാ ജനങ്ങൾക്കുമറിയാം. അഴിമതി, മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത്, ലോട്ടറി, കുറ്റകൃത്യങ്ങൾ എന്നീ ആറ് കാര്യങ്ങളാണ് എൽ.ഡി.എഫ് സർക്കാരിന്റെ അജണ്ടകൾ. ബി.ജെ.പിക്കെതിരെ അവർ നടത്തുന്ന നീക്കങ്ങൾ പരാജയപ്പെടുമെന്നത് തീർച്ചയാണെന്നും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.