ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ കുടക്കീഴിലേക്ക് ചെന്നപ്പോള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കിയ കൗമി ഏകതാദളും മുഖ്താര്‍ അന്‍സാരിയും ബി.എസ്.പിയില്‍. മുഖ്താര്‍ അന്‍സാരി മോവോ സീറ്റിലും മകന്‍ അബ്ബാസ് ഘോസിയിലും മൂത്ത സഹോദരന്‍ സിബത്തുല്ല മുഹമ്മദാബാദിലും ബി.എസ്.പി സ്ഥാനാര്‍ഥികളാണെന്ന് മായാവതി പ്രഖ്യാപിച്ചു.
ഡസനോളം ക്രിമിനല്‍ കേസുകള്‍ നേരിടുന്നയാളാണ് മുഖ്താര്‍ അന്‍സാരി. സഹോദരനും മുന്‍ എം.പിയുമായ അഫ്സലാണ് കൗമി ഏകതാദളിനെ നയിക്കുന്നത്. കുടുംബമൊന്നാകെ മായാവതിക്കൊപ്പം നില്‍ക്കുകയാണിപ്പോള്‍. മുലായം സിങ്ങിന്‍െറ ഇളയ സഹോദരന്‍ ശിവ്പാല്‍ സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റായിരുന്നപ്പോള്‍ അന്‍സാരി കുടുംബത്തെ സമാജ്വാദി പാര്‍ട്ടിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, അഖിലേഷ് ഉടക്കിയതിനാല്‍ ലയനം നടപ്പായില്ല.
കിഴക്കന്‍ യു.പിയില്‍ നല്ല അടിവേരുള്ള നേതാവാണ് മുഖ്താര്‍ അന്‍സാരി. 2009ല്‍ ബി.എസ്.പി ടിക്കറ്റില്‍ ജയിച്ചതിന് പിന്നാലെ സമാജ്വാദി പാര്‍ട്ടിയിലേക്ക് പോയി. ഇടക്കാലത്ത് അവിടം വിട്ടു. വീണ്ടും സമാജ്വാദി പാര്‍ട്ടിയില്‍ ചേക്കേറാന്‍ നടത്തിയ ശ്രമമാണ് അഖിലേഷ് പൊളിച്ചത്. ടിക്കറ്റ് നല്‍കി ബി.എസ്.പിയിലെടുത്ത അന്‍സാരിക്കെതിരായ ക്രിമിനല്‍ കേസുകള്‍ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് മായാവതി പറഞ്ഞു.
സഖ്യം പ്രഖ്യാപിച്ച സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും റായ്ബറേലി, അമത്തേി ലോക്സഭാ മണ്ഡലങ്ങളിലെ സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കിക്കുകയാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ മണ്ഡലങ്ങളിലെ മിക്കവാറും സീറ്റുകള്‍ പാര്‍ട്ടിക്ക് കിട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍, കഴിഞ്ഞതവണ ജയിച്ചവരെ മാറ്റാന്‍ അഖിലേഷ് തയാറാവുന്നില്ല. ഇക്കാര്യത്തില്‍ പ്രിയങ്ക വാദ്രയും അഖിലേഷിന്‍െറ ഭാര്യ ഡിംപിള്‍ യാദവുമായി ചര്‍ച്ച നടത്തി തീര്‍പ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
ഇതിനിടെ ബി.ജെ.പിക്ക് അനുകൂലമായി ഇന്ത്യ ടുഡെ സര്‍വേ ഫലം ഇറങ്ങി. ഇപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പു നടന്നാല്‍ നരേന്ദ്ര മോദിക്ക് കീഴില്‍ ബി.ജെ.പി 360 സീറ്റ് പിടിക്കുമെന്നാണ് ‘രാജ്യവികാരം’ എന്ന സര്‍വേ നല്‍കുന്ന ചിത്രം. സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടും നരേന്ദ്ര മോദിയെ അനുകൂലിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് 55 ശതമാനം വോട്ടാണ് ലഭിച്ചത്. നോട്ട് അസാധുവാക്കല്‍, അതിര്‍ത്തിയിലെ മിന്നലാക്രമണം എന്നിവ ബി.ജെ.പിക്ക് ഗുണകരമാവുമെന്നാണ് 19 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയിലെ വാദം. യു.പി ബി.ജെ.പി പിടിക്കുമെന്ന കാഴ്ചപ്പാടും ഈ സര്‍വേ മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.