പിണറായിയെ പ്രകോപിപ്പിച്ച രാഹുലിന്‍റെ പ്രസംഗം; പറഞ്ഞതും മറുപടിയും ഇങ്ങനെ...

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനങ്ങൾക്കെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. മോദിയെ പേരെടുത്ത് വിമർശിക്കുന്നതിൽ മതിയായ ജാഗ്രത മുഖ്യമന്ത്രി പുലർത്തിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. തിരുവനന്തപുരത്തെ യോഗത്തിൽ പിണറായിക്കും മകൾക്കും എതിരായ കേസുകളെ കുറിച്ച് മോദി പരാമർശം നടത്തിയിട്ടും വേണ്ട രീതിയിൽ മുഖ്യമന്ത്രി പ്രതിരോധിച്ചില്ലെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയെ വിമർശിക്കാതെ തന്നെ മാത്രം ലക്ഷ്യമിടുന്നതിനെതിരെ കണ്ണൂരിലെ യോഗത്തിൽ രാഹുൽ ആഞ്ഞടിച്ചത്.

ബി.ജെ.പിയുമായി കേരളത്തിലെ ഇടത് മുന്നണിക്ക് ഏതെങ്കിലും തരത്തിലുള്ള രഹസ്യ ധാരണകളുണ്ടോ എന്ന ചോദ്യമാണ് രാഹുൽ തന്‍റെ പ്രസംഗത്തിലൂടെ ഉയർത്തിയത്. ഇത് തെരഞ്ഞെടുപ്പിൽ ചർച്ചയായതോടെ രാഹുലിനെതിരെ സി.പി.എം നേതാക്കൾ രംഗത്ത് വരികയും ചെയ്തു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന ചോദ്യമാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉന്നയിച്ചത്. രാഹുലിന്‍റെയും മോദിയുടെയും പരാമർശങ്ങളും പിണറായി നൽകിയ മറുപടികളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാഹുലിന്‍റെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗം:

‘‘ഞാൻ ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ പോരാടി കൊണ്ടിരിക്കുകയാണ്. അവർ എന്നെ എന്ത് ചെയ്താലും പോരാട്ടം തുടരും. എനിക്ക് അവരുമായി ആശയപരമായ എതിർപ്പുണ്ട്. ബി.ജെ.പിയെ ആർ.എസ്.എസിനെയും എന്താണ് അസ്വസ്ഥതപ്പെടുത്താൻ പോകുന്നതെന്ന് എല്ലാ ദിവസവും രാവിലെ ഞാൻ ആലോചിക്കാറുണ്ട്. ഞാൻ പാർലമെന്‍റിലേക്ക് പോകുമ്പോൾ അവിടെയുള്ള ബി.ജെ.പി എം.പിമാർ എന്നെ നോക്കിയിട്ട് ഈ മനുഷ്യൻ 24 മണിക്കൂറും ഞങ്ങളെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് പറയും. ഇതിന് എനിക്ക് വില കൊടുക്കേണ്ടി വരുന്നുണ്ട്.

ബി.ജെ.പി-ആർ.എസ്.എസ് അനുകൂല മാധ്യമങ്ങളും ചാനലുകളും തന്നെ 24 മണിക്കൂറും അധിക്ഷേപിക്കുകയാണ്. രാജ്യത്ത് എന്‍റെ പ്രതിച്ഛായ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്‍റെ ലോക്സഭ അംഗത്വം അവർ എടുത്തുകൊണ്ടു പോയി. അദാനിക്കെതിരെ പ്രസംഗിച്ചപ്പോൾ എന്നെ ലോക്സഭയിൽ നിന്ന് പുറത്താക്കി. ദിവസം 12 മണിക്കൂർ വീതം 55 മണിക്കൂർ എന്നെ ഇ.ഡി ചോദ്യം ചെയ്തു. എന്നെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ആ സമയത്തും ഞാൻ സന്തോഷവാനായിരുന്നു. അത്തരത്തിലെ കൊള്ളരുതാത്ത വീട് എനിക്ക് വേണ്ടെന്ന് പറഞ്ഞു. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് വീടുകൾ എനിക്കുണ്ട്. കേരളത്തിലെയും ഉത്തർ പ്രദേശിലെയും ജനങ്ങളുടെ മനസിൽ എനിക്ക് വീടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. കന്യാകുമാരിയിൽ നിന്ന് കേരളത്തിലൂടെ കശ്മീരിലേക്ക് നാലായിരം കിലോമീറ്റർ ഞാൻ നടന്നു. ഇപ്പോഴും എന്‍റെ ഒരു മുട്ടിന് വേദനയുണ്ട്.

‘ബി.ജെ.പിയെ ഇത്രയും എതിർക്കുമ്പോൾ എനിക്ക് സംഭവിക്കുന്നതിനെ കുറിച്ച് ഞാൻ പറഞ്ഞു. എന്നാൽ, എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ സംഭവിക്കാത്തത് എന്നതിൽ എനിക്ക് സംശയമുണ്ട്. എന്തുകൊണ്ട് അദ്ദേഹത്തിന്‍റെ നിയമസഭ അംഗത്വം എടുത്തു കൊണ്ടു പോകാത്തത്?. എന്തുകൊണ്ട് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതി എടുത്തുകൊണ്ട് പോകുന്നില്ല?. എന്തുകൊണ്ടാണ് ഇ.ഡിയും സി.ബി.ഐയും അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്?. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സംഭവിക്കാത്തത്?. രണ്ടാമത്തെ ചോദ്യം ഇതാണ്... ഞാൻ രാവും പകലും ബി.ജെ.പിയെ കടന്നാക്രമിക്കുന്നു. എന്നാൽ, കേരള മുഖ്യമന്ത്രി രാവും പകലും എന്നെ കടന്നാക്രമിക്കുകയാണ്. ഇത് എന്താണ് ഒരു പസിൽ പോലെ എനിക്ക് മനസിലാകുന്നില്ല.

താൻ ബി.ജെ.പിക്കെതിരെ ആശയപരമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണെന്ന് കേരള മുഖ്യമന്ത്രി പറയുന്നു. ബി.ജെ.പിക്കെതിരെ ആശയപരമായ ഒരു പോരാട്ടം നടത്തുമ്പോൾ നിങ്ങൾക്കെതിരെ അവർ സാധ്യമായതെല്ലാം നടത്തുമെന്ന് എനിക്കറിയാം. അത് കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ സംഭവിക്കുന്നില്ല. ഇവിടെ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറയുന്നു. എന്നാൽ, കേരളത്തിൽ അഴിമതിയുടെ പ്രശ്നങ്ങളുണ്ട്. കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ട കാര്യമാണിത്. ബി.ജെ.പിയെ ആരെങ്കിലും സത്യസന്ധമായി ആക്രമിച്ചാൽ ബി.ജെ.പി അവരുടെ പുറകെയായിരിക്കും. ബി.ജെ.പി ഇ.ഡിയെയും സി.ബി.ഐയെയും അടക്കം സാധ്യമായതെല്ലാം ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്ന കാര്യം നിങ്ങൾ മനസിലാക്കണം’.’’

രാഹുലിന് പിണറായിയുടെ മറുപടി:

ബി.ജെ.പി ആക്ഷേപിക്കുന്ന പേര് ഓർമപ്പെടുത്തിയാണ് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായി പരിഹസിച്ചത്. രാഹുൽ ഗാന്ധി നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നുവെന്നാണ് കരുതിയതെന്നും പിണറായി പറഞ്ഞു.

പിണറായിക്കെതിരായ മോദിയുടെ പരാമർശം:

മുഖ്യമന്ത്രിയും മകളും വരെ അഴിമതിക്കേസിൽ പെട്ടെന്നായിരുന്നു മാസപ്പടി കേസ് പറയാതെ മോദി മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത്. ഈ കേസിൽ അന്വേഷണം നടക്കാതിരിക്കാൻ പല ശ്രമങ്ങളും സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ, മോദി സർക്കാർ കേന്ദ്രത്തിലുണ്ടായതു കൊണ്ടാണ് വിവരങ്ങളെല്ലാം പുറത്തുവന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ മുഴുവൻ ദുരുപയോഗം ചെയ്തു. കേരളത്തിൽ ഇടത്- വലത് മുന്നണികൾ പരസ്പരം പോരടിക്കുന്നതു പോലെ നടിക്കുമെങ്കിലും ദില്ലിയിൽ ഇവർ ഒന്നിച്ചിരുന്ന് യോഗം ചേരുകയും സൗഹൃദം പങ്കുവെക്കുകയുമാണ്.

സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണ്. 300ഓളം സഹകരണ ബാങ്കുകളിലായി ഒരു ലക്ഷം കോടിയുടെ തട്ടിപ്പാണ് നടന്നത്. സി.പി.എം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്കെല്ലാം പണം തിരികെ നൽകും. അഴിമതി നടത്തിയവരിൽ നിന്ന് പണം തിരികെ പാവങ്ങൾക്കെത്തിക്കും. അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിലടക്കും -തിരുവനന്തപുരം കാട്ടാക്കടയിലെ കൺവെൻഷനിൽ മോദി പറഞ്ഞു.

മോദിക്ക് പിണറായി നൽകിയ മറുപടി:

മാരീച വേഷത്തിൽ വന്ന് കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചുകളയാമെന്ന് മോദി വിചാരിക്കരുത്. ഉള്ളിലെ ഉദ്ദേശ്യമെന്താണെന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ ഒരു ബി.ജെ.പി പ്രതിനിധി വേണമെന്നാണ് മോദിയുടെ ആഗ്രഹം, മോഹം ആർക്കും ആകാമല്ലോ. പക്ഷേ കേരളത്തിൽ ഒരു സീറ്റിൽ പോലും ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ടാവില്ല.

കരുവന്നൂരിലെ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അതിൽ ക്രമവിരുദ്ധമായ വായ്പയുണ്ടെന്ന കാര്യം മനസ്സിലായി. കുറ്റക്കാരിൽ നിന്ന് ബാങ്കിന് നഷ്ടപ്പെട്ട പണം ഈടാക്കാനുള്ള നടപടി 2019ൽ തന്നെ തുടങ്ങി. റവന്യൂ റിക്കവറിയും സർക്കാർ തുടങ്ങി. സഹകരണ വകുപ്പ് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വന്നപ്പോഴും കുറ്റക്കാരെന്ന് കണ്ടെത്തിയത്.-ഇരിങ്ങാലക്കുടയിലെ എൽ.ഡി.എഫ് പ്രചാരണ യോഗത്തിൽ പിണറായി പറഞ്ഞു.

ബി.ജെ.പി ഉപയോഗിക്കുന്ന ‘പപ്പു’ എന്ന പേര് പറയാതെ പറഞ്ഞ് പരിഹസിച്ചാണ് പിണറായി രാഹുൽ ഉയർത്തിയ ചോദ്യങ്ങളെ നേരിട്ടത്. ‘അമുൽ പുത്രൻ’ എന്ന് ആദ്യം രാഹുലിനെ വിളിച്ചത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ്. പിന്നീട് ബി.ജെ.പിയും വടക്കേന്ത്യൻ മാധ്യമങ്ങളും അത് ‘അമുൽ ബേബി’ എന്ന് പരിഷ്കരിച്ച് ആക്ഷേപം തുടരുകയായിരുന്നു. എന്നാൽ, ‘പപ്പു’വിൽ നിന്ന് മാറി ബി.ജെ.പിക്കും സംഘ്പരിവാറിനും എതിരെ നിരന്തരം പോരാടുന്ന രാഷ്ട്രീയ നേതാവായി രാഹുൽ മാറുന്നതാണ് രാജ്യം കണ്ടത്.

Tags:    
News Summary - Rahul Gandhi's speech angered Pinarayi Vijayan; This is what was said and answered...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.