സിദ്ധരാമയ്യക്കൊപ്പം 85 പേർ, പിന്നോട്ടില്ലാതെ ശിവകുമാർ; കർണാടകയിൽ തീരുമാനം ഇന്നുണ്ടായേക്കും

ബംഗളൂരു: കർണാടകയിൽ ആരാവും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡിന്‍റെ തീരുമാനം ഇന്നുണ്ടായേക്കും. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും, ഒട്ടും പിന്നോട്ടില്ലെന്നാണ് പാർടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ വ്യക്തമാക്കുന്നത്. കോൺഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷക സമിതി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറിയിരുന്നു.

ബി.ജെ.പിക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്‍റെ തിളക്കം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിലൂടെ ഇല്ലാതാവരുതെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. നേരത്തെ, എ.ഐ.സി.സി നിരീക്ഷക സമിതി എല്ലാ എം.എൽ.എമാരുമായും സംസാരിച്ച് ആരെയാണ് പിന്തുണക്കുന്നതെന്ന അഭിപ്രായം തേടിയിരുന്നു. 85 എം.എൽ.എമാരും സിദ്ധരാമയ്യയെ പിന്തുണക്കുന്നുവെന്നാണ് നിരീക്ഷക സമിതിയുടെ റിപ്പോർട്ട്. 45 എം.എൽ.എമാരാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം അഞ്ച് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ്, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ദേശീയ അധ്യക്ഷന് വിട്ടത്.

തീരുമാനം നീളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന ഇരു നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഡി.കെ. ശിവകുമാർ ഇന്ന് ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ കാണുമെന്ന് സഹോദരനും എം.പിയുമായ ഡി.കെ. സുരേഷ് പറഞ്ഞു. സിദ്ധരാമയ്യ ഇന്നലെ വൈകീട്ട് തന്നെ ഡൽഹിയിലെത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനം ശിവകുമാറുമായി പങ്കുവെക്കാൻ തയാറെന്ന് സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ആദ്യത്തെ രണ്ടുവർഷം മുഖ്യമന്ത്രി പദം തനിക്ക് വേണമെന്നാണ് ആവശ്യം. ആദ്യ രണ്ട് വർഷത്തിന് ശേഷം താൻ സ്ഥാനമൊഴിയുമെന്നും തുടർന്നുള്ള മൂന്ന് വർഷം ശിവകുമാറിന് മുഖ്യമന്ത്രി പദത്തിൽ തുടരാമെന്നുമായിരുന്നു നിർദേശം. ശിവകുമാറിന് ഈ നിർദേശത്തോട് യോജിപ്പുണ്ടെന്നും, ആഭ്യന്തര വകുപ്പുള്ള ഉപമുഖ്യമന്ത്രിയാക്കണമെന്ന നിർദേശമുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.

വ്യാഴാഴ്ചയാകും കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിലേറെ നേടാനായ കോൺഗ്രസ്, ബി.ജെ.പി എം.എൽ.എമാരെ വിലക്കെടുക്കുന്നതിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. കോൺഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് നേടാനായത്. 

Tags:    
News Summary - Power play on for Karnataka CM post, Congress's decision likely today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.