മുസ്‌ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ല -സാദിഖലി തങ്ങൾ; 'അധികാരം എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നല്ല'

ചെന്നൈ: മുസ്‌ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. അടുത്ത തവണ യു.ഡി.എഫ് അധികാരത്തിൽ വരും. സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടാകും. അവ ചർച്ചയിലൂടെ പരിഹരിക്കുമെന്നും സാദിഖലി തങ്ങൾപറഞ്ഞു. മുസ്‍ലിം ലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച കൗൺസിൽ യോഗത്തിനായി ചെന്നൈയിലെത്തിയതായിരുന്നു സാദിഖലി തങ്ങൾ.

'രാഷ്ട്രീയപരമായിട്ട് ഏതൊരു കക്ഷിയും ആഗ്രഹിക്കുന്നത് അധികാരത്തിലെത്തുക എന്നത് തന്നെയാണ്. അധികാരത്തിന്‍റെ കുളിര് അനുഭവിക്കാനല്ല, ഭരണഘടനാപരമായുള്ള അവകാശങ്ങൾ സമുദമായത്തിനും സമൂഹത്തിനും നേടിക്കൊടുക്കാനാണ് അധികാരം. ലീഗ് അധികാരത്തിലിരുന്നപ്പോഴെല്ലാം പക്ഷപാതമില്ലാതെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെ സംബന്ധിച്ച് അധികാരം എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് എന്നൊന്നും ഇല്ല.'

'മുസ്ലിം ലീഗും സമസ്തയും എപ്പോഴും ഒരുടലും ഒരു മനസുമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ലീഗിനെ കെട്ടിപ്പടുക്കാൻ സമസ്തയുടെ സാന്നിധ്യം വളരെയേറെ നന്നായിട്ടുണ്ട്, അതുപോലെ സമസ്തയുടെ കാര്യങ്ങൾക്ക് മുസ്ലിം ലീഗും എപ്പോഴും സഹകരിക്കുന്നുണ്ട്. പരസ്പരപൂരകമാണ് രണ്ടും. അതിൽ വിള്ളലുകളൊന്നും ഉണ്ടായിട്ടില്ല. ചില പ്രശ്നങ്ങൾ ഇടക്ക് വരുമ്പോൾ കൂടിയിരുന്ന് ആലോചിച്ച് ചർച്ചചെയ്ത് മുന്നോട്ടുപോകാറാണ്. ഇപ്പോഴുള്ള പ്രശ്നങ്ങളും അത്രതന്നെയാണുള്ളത്. താൽക്കാലികമായിട്ടുള്ള ചില പ്രതിസന്ധികളുണ്ടാകും. അത് കൂടിയിരുന്ന് പരിഹരിക്കാവുന്നതേയുള്ളൂ.'

'മുസ്ലിം ലീഗിനെയും സമസ്തയെയും തമ്മിൽ തെറ്റിക്കാൻ ഇന്ന് കേരളത്തിൽ വേറെ രാഷ്ട്രീയ പാർട്ടികൾക്കൊന്നും സാധിക്കില്ല. രണ്ടും തമ്മിലുള്ള ബന്ധം അത്രയും ഭദ്രമാണ്. അതിലേക്ക് നുഴഞ്ഞുകയറാനുള്ള അധികാരമൊന്നും ആർക്കും ഒരിക്കലും ഉണ്ടായിട്ടില്ല.' -സാദിഖലി തങ്ങൾ പറഞ്ഞു.

മുസ്‍ലിം ലീഗ് രൂപീകരണം നടന്ന ചെന്നൈയിലെ രാജാജി ഹാളിന് സമീപം നടക്കുന്ന പരിപാടി ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും. വൈകീട്ട് കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയാകും.

Tags:    
News Summary - No need for Muslim League to change ally - Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.