മലക്കംമറിഞ്ഞ് മുലായം; മകനുവേണ്ടി പ്രചാരണത്തിനിറങ്ങും

ന്യൂഡല്‍ഹി: കൊടിയ പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ മകന്‍ അഖിലേഷിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നാടകീയമായി പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ തന്‍െറ കടുത്ത അതൃപ്തി പ്രഖ്യാപിച്ച് ഒരാഴ്ചക്കകമാണ് മുലായമിന്‍െറ കളംമാറ്റം. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. തര്‍ക്കങ്ങള്‍ ഒന്നുംതന്നെയില്ല. അഖിലേഷ്തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി. താന്‍ അടുത്തദിവസംതന്നെ സഖ്യത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പാര്‍ലമെന്‍റ് അങ്കണത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സഹോദരന്‍ ശിവ്പാല്‍ യാദവിനെ മുലായം തള്ളിപ്പറയുകയും ചെയ്തു. എസ്.പിയുടെ മേലുള്ള നിയന്ത്രണം ഏറ്റെടുക്കുന്നതിന് അഖിലേഷുമായി ‘യുദ്ധ’ത്തിലേര്‍പ്പെടുകയായിരുന്നു ശിവ്പാല്‍. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് പുതിയ പാര്‍ട്ടി ഉണ്ടാക്കാനായിരുന്നു ശിവ്പാലിന്‍െറ പദ്ധതി. ആരും സന്തുഷ്ടരല്ല. പാര്‍ട്ടിക്കകത്ത് നടക്കുന്ന കാര്യങ്ങളൊന്നും ശിവ്പാല്‍ എന്നോട് പറഞ്ഞിരുന്നില്ല. ഇവിടെ പുതിയ പാര്‍ട്ടി  രൂപവത്കരിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 29നാണ് എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ പാര്‍ട്ടി രക്ഷാധികാരികൂടിയായ മുലായം രംഗത്തുവന്നത്. അതി നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ തന്‍െറ അനുയായികള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ ശിവ്പാലും അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. ഫലപ്രഖ്യാപനം വന്നതിനുശേഷം  മാര്‍ച്ച് 11നുശേഷം പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

അതിനിടെയാണ്  കഴിഞ്ഞദിവസം ലോക്ദള്‍ പാര്‍ട്ടി മുലായമിനെ തങ്ങളുടെ താരപ്രചാരകനായി പ്രഖ്യാപിച്ചത്. ഇതോടെ, മുലായം മകനുവേണ്ടി പ്രചാരണത്തിനിറങ്ങില്ളെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍െറ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടായിരുന്നില്ല.  പുതിയ സംഭവവികാസങ്ങളോടെ നാളുകളായി യു.പി രാഷ്ട്രീയത്തില്‍ കത്തിനിന്ന പിതാവ്-മകന്‍ പോരിന് താല്‍ക്കാലിക വിരാമമായി.  ഏഴു ഘട്ടങ്ങളായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പിന് ഫെബ്രുവരി 11ന് തുടക്കമാവും.

Tags:    
News Summary - mulayam singh yadav akhilesh yadav up election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.