എം.കെ മുനീർ മുസ്​ലിം ലീഗ്​ നിയമസഭ കക്ഷി നേതാവ്​

മലപ്പുറം: മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവായി ഡോ. എം.കെ മുനീറിനെ തെരഞ്ഞെടുത്തു. ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ പാണക്കാട്  ഹൈദരലി തങ്ങൾ തീരുമാനം പ്രഖ്യാപിച്ചു. വി.കെ ഇബ്രാഹിംകുഞ്ഞിനെ നിയമസഭാകക്ഷി ഉപനേതാവും ടി.എ അഹമ്മദ് കബീർ നിയമസഭാകക്ഷി സെക്രട്ടറിയും എം. ഉമ്മർ പാർട്ടി വിപ്പായും തീരുമാനിച്ചു. കെ.എം ഷാജിയാണ് ട്രഷറർ.

ലീഗ് നിയമസഭ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്.

മുസ് ലിം ലീഗ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയയുടെ മകനാണ് എം.കെ മുനീർ. സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991ൽ കോഴിക്കോട്ട് നിന്നും 1996, 2001 വർഷങ്ങളിൽ മലപ്പുറത്ത് നിന്നും അദ്ദേഹം വിജയിച്ചു. 2011ൽ കോഴിക്കോട് സൗത്തിൽ നിന്ന് വിജയിച്ച മുനീർ, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പുകളുടെ മന്ത്രിയായി. 2001 മുതൽ 2006 വരെ പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്.

Tags:    
News Summary - mk muneer muslim league legislative party leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.