ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ നേരിടാൻ കെൽപുള്ള നേതാവായി വളർന്ന അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും നഗരസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ബി.ജെ.പിക്ക് കൂടുതൽ വീര്യംപകർന്നു.

ആപിനെയും കോൺഗ്രസിനെയും വളരെ പിറകിലേക്ക് തള്ളിയാണ് ബി.ജെ.പി നഗരസഭ ഭരണം നിലനിർത്തിയത്. 10 വർഷമായി നഗരസഭ ഭരണം കൈപ്പിടിയിലുള്ള ബി.ജെ.പിക്ക് ഭരണമികവ് അവകാശപ്പെടാനുണ്ടായിരുന്നില്ല.

ലോക്സഭ തെരഞ്ഞെടുപ്പിലും യു.പിയിലുമൊക്കെ തെളിഞ്ഞുകണ്ട വിഭാഗീയ രാഷ്ട്രീയത്തി​െൻറ ജയമാണ് ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ പോലും തെളിയുന്നത്. ‘ദേശീയത’യും പശു മുതൽ കശ്മീർ വരെയുള്ള വിഷയങ്ങളുമൊക്കെ നഗരജനതയിൽ ചെലുത്തുന്ന സ്വാധീനമാണ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിഫലിക്കുന്നത്. ഇതാകെട്ട, ഇത്തരം പരീക്ഷണങ്ങൾ ആവർത്തിക്കുന്നതിനുള്ള ധൈര്യമാണ് ബി.ജെ.പിക്ക് പകർന്നുനൽകുന്നത്.

പാഞ്ച് സാൽ കെജ്രിവാൾ എന്ന് ഉറപ്പുനൽകി 2015ൽ അധികാരത്തിൽ വന്ന അരവിന്ദ് കെജ്രിവാൾ ജനങ്ങളെ സന്തോഷിപ്പിക്കുന്ന നിരവധി നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കുറഞ്ഞ വൈദ്യുതി ബില്ലും വെള്ളക്കരവുമൊക്കെ ഉദാഹരണങ്ങൾ.

പൂർണ സംസ്ഥാന പദവിയില്ലാത്ത ഡൽഹിയിലെ ഭരണപരിമിതികൾ കെജ്രിവാളിനെ വരിഞ്ഞുമുറുക്കുന്നുമുണ്ട്. കേന്ദ്ര സർക്കാറി​െൻറ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ലഫ്. ഗവർണറാണ് ഡൽഹിയുടെ ഭരണത്തലവനെന്നിരിക്കേ, കെജ്രിവാളിന് പരിമിതികൾ പലതാണ്.

നഗരജനതയെ അനായാസം കൈയിലെടുത്ത കെജ്രിവാൾ ഭരണവിരുദ്ധവികാരമൊന്നും നേരിടുന്നില്ല. എന്നാൽ, ബി.ജെ.പിയുടെ രാഷ്ട്രീയം കെജ്രിവാളി​െൻറ ജനപ്രിയതയെ അട്ടിമറിക്കുന്ന ചിത്രമാണ് നഗരസഭ തെരഞ്ഞെടുപ്പിൽ കാണുന്നത്. തനിക്ക് ശക്തമായ പിന്തുണ നൽകിപ്പോന്ന പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയവരെ അകറ്റിയതും നിരവധി എം.എൽ.എമാർ പലവിധ കേസുകളിൽ കുരുങ്ങിയതുമെല്ലാം കെജ്രിവാളി​െൻറ കുതിപ്പിന് തടസ്സമായി.

ആം ആദ്മി പാർട്ടിയുടെ കെട്ടുറപ്പിനെക്കുറിച്ച ആശങ്കകൾ പാർട്ടിക്കുള്ളിൽ ഉയർന്നുവരാൻ പര്യാപ്തമാണ് നഗരസഭ തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിയുടെ മുന്നേറ്റം കണ്ട് ചില നേതാക്കൾ നേരേത്ത പാളയം വിട്ടിരുന്നു. എ.എ.പി രാഷ്ട്രീയത്തിലെ താൽക്കാലിക പ്രതിഭാസമാണെന്ന വിലയിരുത്തലുകൾ പുറമെ. പല സംസ്ഥാനങ്ങളിലേക്ക് ചുവടുവെക്കാൻ കരുനീക്കം നടത്തിയ കെജ്രിവാളിന് ഇനി ഡൽഹിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും.

272ൽ 32 സീറ്റുമായി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതു വഴി കോൺഗ്രസി​െൻറ ആത്മവീര്യം ചോർന്നതിന് ഉദാഹരണമാണ് അജയ് മാക്കൻ, പി.സി. ചാക്കോ തുടങ്ങിയവരുടെ രാജി പ്രഖ്യാപനങ്ങൾ. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന് ഇടംകിട്ടാതെ പോയ പരിഭവവും ഇതിനൊപ്പം പുറത്തുവരുന്നു.

Tags:    
News Summary - MCD election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.