പെട്രോളിന് 250 രൂപ; മണിപ്പൂരില്‍ സ്ഥാനാര്‍ഥികള്‍ ‘നല്ല നടപ്പി’ല്‍

ഇംഫാല്‍: മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങളേയില്ല. വീടുകള്‍ തോറും കയറിയിറങ്ങുകയാണ് സ്ഥാനാര്‍ഥികള്‍. യുനൈറ്റഡ് നാഗാ കൗണ്‍സിന്‍െറ സാമ്പത്തിക ഉപരോധം മൂലം പെട്രോളും ഡീസലും കരിഞ്ചന്തയില്‍ മാത്രമേയുള്ളൂ. ലിറ്ററിന് 200 രൂപ മുതല്‍ 250 വരെയാണ് വില. സ്ഥാനാര്‍ഥികള്‍ അത്യാവശ്യത്തിന് മാത്രമേ വാഹനം ഉപയോഗിക്കുന്നുള്ളൂ.

നാഗ ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ പുതുതായി ഏഴ് ജില്ലകള്‍ രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നിന് തുടങ്ങിയതാണ് ഉപരോധം. മണിപ്പൂരിലേക്കുള്ള പ്രധാന ദേശീയപാതകളായ എന്‍.എച്ച് രണ്ട്, എന്‍.എച്ച് 39 എന്നിവ യുനൈറ്റഡ് നാഗാ കൗണ്‍സിന്‍െറ ശക്തികേന്ദ്രങ്ങളിലൂടെയാണ്. അതുകൊണ്ട് ഉപരോധം പൂര്‍ണവുമാണ്. നോട്ട് അസാധുവാക്കല്‍ കൂടെ വന്നതോടെ മണിപ്പൂര്‍ എല്ലാതരത്തിലും ഒറ്റപ്പെട്ടു.

മാര്‍ച്ച് നാലിനാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. പത്രിക സമര്‍പ്പിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചു. 60 സീറ്റുള്ള മണിപ്പൂരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 42 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ബി.ജെ.പി ‘സംപൂജ്യ’രായിരുന്നു. എട്ടു സീറ്റുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ആണ് പ്രതിപക്ഷത്ത്. 20 ശതമാനം വരുന്ന നാഗാ വിഭാഗത്തെ കൂട്ടുപിടിച്ച് സംസ്ഥാനം പിടിക്കാനാണ് ബി.ജെ.പി ശ്രമം. നാഗാ വിഭാഗം പൂര്‍ണ പിന്തുണ ബി.ജെ.പിക്ക് നല്‍കിയില്ല എന്നതാണ് കോണ്‍ഗ്രസിനുള്ള ആത്വിശ്വാസം.

പ്രധാന പ്രചാരണവിഷയം നാഗവിഭാഗത്തിന്‍െറ ഉപരോധമാണ്. അധികാരം കിട്ടിയാല്‍ ഉപരോധം ഇല്ലാതാക്കുമെന്ന് ബി.ജെ.പി പറയുന്നു. അതേസമയം, ഉപരോധത്തിന്‍െറ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനുമേല്‍ കെട്ടിവെക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇറോം ശര്‍മിളയും ഇത്തവണ മത്സരരംഗത്തുണ്ട്. പി.ആര്‍.ജി.എ പാര്‍ട്ടിയുടെ ബാനറില്‍ മുഖ്യമന്ത്രി ഒക്രോം ഇബോബി സിങ്ങിനെതിരെയാണ് ശര്‍മിള മത്സരിക്കുന്നത്.

ബി.ജെ.പി, അവരുടെ സ്ഥാനാര്‍ഥിയായി നിന്നാല്‍ 36 കോടി രൂപ നല്‍കമെന്ന് പറഞ്ഞതായി ഇറോം ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശര്‍മിളയുടെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷന്‍ നസീം സെയ്ദിക്ക് കഴിഞ്ഞദിവസം പരാതി നല്‍കി. മാര്‍ച്ച് എട്ടിനാണ് മണിപ്പൂരില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.

Tags:    
News Summary - manipur petrol price in assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.