ഖാദര്‍ മൊയ്തീന്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റാകും

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാകും. ഫെബ്രുവരി അവസാനവാരം ചേരുന്ന ദേശീയ എക്സി. യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. വ്യാഴാഴ്ച ഇ. അഹമ്മദിന്‍െറ സംസ്കാരത്തെ തുടര്‍ന്ന് ചേര്‍ന്ന ദേശീയ ഭാരവാഹികളുടെ അനൗപചാരിക യോഗത്തില്‍ പ്രസിഡന്‍റിന്‍െറ താല്‍ക്കാലിക ചുമതല ഖാദര്‍ മൊയ്തീന് കൈമാറിയിട്ടുണ്ട്.
എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഖാദര്‍ മൊയ്തീന്‍ മുന്‍ എം.പി കൂടിയാണ്. വെല്ലൂരില്‍നിന്ന് ഡി.എം.കെ ബാനറില്‍ മത്സരിച്ചാണ് അദ്ദേഹം പാര്‍ലമെന്‍റില്‍ എത്തിയിരുന്നത്. മദ്രാസ് യൂനിവേഴ്സിറ്റിയില്‍നിന്ന് എം.എ പാസായ ശേഷം പത്രപ്രവര്‍ത്തകനായും കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ച അദ്ദേഹം മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഉദ്യോഗം രാജിവെക്കുകയായിരുന്നു. ഉര്‍ദു ഭാഷയില്‍ അദ്ദേഹത്തിനുള്ള കഴിവും ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഖാദര്‍ മൊയ്തീന്‍ ദേശീയ അധ്യക്ഷനാകുന്നതോടെ ജന. സെക്രട്ടറി സ്ഥാനം ഇ.ടി. മുഹമ്മദ് ബഷീറോ പി.കെ. കുഞ്ഞാലിക്കുട്ടിയോ ഏറ്റെടുക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എക്സി. യോഗത്തിലാണുണ്ടാവുക.
അതിനിടെ, അഹമ്മദിന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണമെന്നതു സംബന്ധിച്ചും ഉടനെ പാര്‍ട്ടി തീരുമാനമെടുക്കും. ലോക്സഭ സ്വപ്നം കണ്ട് നിരവധി പേര്‍ രംഗത്തുണ്ട്. മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളും ഇപ്പോള്‍ ലീഗിന്‍െറ കൈപ്പിടിയിലാണ്.  ഇ. അഹമ്മദിന്‍െറ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗം കൂടിയാകുന്നതോടെ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറാനാകുമെന്നു തന്നെയാണ് കണക്കുകൂട്ടല്‍. ലോക്സഭയിലേക്ക് ദേശീയ കാഴ്ചപ്പാടുള്ള വ്യക്തികള്‍ തന്നെയാകണം സ്ഥാനാര്‍ഥിയെന്ന അഭിപ്രായവും ശക്തമാണ്.
ലീഗ് ദേശീയ സെക്രട്ടറിമാരിലൊരാളായ സിറാജ് ഇബ്രാഹിം സേട്ടിന്‍െറ പേരും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍െറ മകനും ഇംഗ്ളീഷ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യവുമുള്ള ഇദ്ദേഹത്തിന് പാര്‍ലമെന്‍േററിയനെന്ന നിലയില്‍ ശോഭിക്കാനാകുമെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്. ഫാഷിസ്റ്റ് രാഷ്ട്രീയം ദേശീയതലത്തില്‍ വന്‍ ഭീഷണിയായ സാഹചര്യത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍െറ ശബ്ദം ഉയര്‍ത്താന്‍ കഴിവുറ്റവരാകണം പാര്‍ലമെന്‍റില്‍ എത്തേണ്ടതെന്ന കാഴ്ചപ്പാടുള്ളവര്‍ പാര്‍ട്ടിയില്‍ ഏറെയാണ്. കഴിഞ്ഞതവണ 1,94,731 വോട്ടിന്‍െറ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ഇ. അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത്.
പി.കെ. സൈനബയായിരുന്നു അഹമ്മദിനെതിരെ മത്സരിച്ച സി.പി.എം സ്ഥാനാര്‍ഥി. അന്ന് ഇ. അഹമ്മദിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ പാര്‍ട്ടിക്കകത്തുപോലും എതിരഭിപ്രായം ശക്തമായിട്ടും ഭൂരിപക്ഷം വര്‍ധിക്കാനിടയാക്കിയത് സി.പി.എം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി സഹായിച്ചതിനാലാണെന്ന കുറ്റപ്പെടുത്തലുകളുമുണ്ടായിരുന്നു.  ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് ചേരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തോടെ ഉപതെരഞ്ഞെടുപ്പിന് പാര്‍ട്ടി തയാറെടുപ്പ് തുടങ്ങും.

Tags:    
News Summary - khader moideen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.