ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ സംഭവിച്ചതിെൻറ തനിയാവർത്തനമായി ഹൊസക്കോട്ട നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി വിമതനും സ്വതന്ത്ര സ്ഥാനാർഥിയുമായ ശരത് ബച്ചെഗൗഡയുടെ വിജയം. മൂന്നു കോടിപതികളുടെ പോരാട്ടത്തിൽ കർണാടകയിലെ ഏറ്റവും ധനികനായ രാഷ്ട്രീയ നേതാക്കളിലൊരാളായ ബി.ജെ.പിയുടെ എം.ടി.ബി നാഗരാജിനെ തറപറ്റിച്ചാണ് 11,486 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശരത് ബച്ചെഗൗഡ വിജയിച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിനുണ്ടായ അതേ തിരിച്ചടിയാണ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഹൊസക്കോട്ടയിൽ ബി.ജെ.പിക്കുണ്ടായത്. മാണ്ഡ്യയിൽ കോൺഗ്രസും ജെ.ഡി.എസും സഖ്യസ്ഥാനാർഥിയായി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ നിർത്തിയപ്പോൾ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച നടി സുമലത വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കോൺഗ്രസ് സീറ്റ് നൽകാത്തതിലുണ്ടായ വിമത നീക്കമാണ് സുമലതയെ സഹായിച്ചത്. സമാനമായ അടിയൊഴുക്കുകളും വിമത നീക്കവുമാണ് ഹൊസക്കോട്ടയിൽ ബി.ജെ.പിയുടെ പരാജയത്തിന് കാരണം.
കോൺഗ്രസിൽനിന്നും കൂറുമാറി അയോഗ്യനാക്കപ്പെട്ട് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച എം.ടി.ബി നാഗരാജിന് ബി.ജെ.പിയുടെ ഉറച്ച വോട്ടുകൾ ലഭിച്ചില്ല. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശരത് ബച്ചെഗൗഡക്കായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ പിന്തുണ. നാഗരാജിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കോൺഗ്രസ് വോട്ടുകളും ശരത് ബച്ചെഗൗഡക്ക് ലഭിച്ചു. ജെ.ഡി.എസിന് സ്വാധീനമില്ലാത്ത ഹൊസക്കോട്ടയിൽ സ്ഥാനാർഥിയെ നിർത്താതെ, ശരത് ബച്ചെഗൗഡക്കായിരുന്നു പിന്തുണ.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി 98,824 വോട്ടു നേടി (51.19ശതമാനം) നാഗരാജ് വിജയിച്ചപ്പോൾ 91,227 (47ശതമാനം) വോട്ടാണ് ബി.ജെ.പിയുടെ ശരത് ബച്ചെഗൗഡ നേടിയിരുന്നത്. എന്നാൽ, ഇത്തവണ 81,671 (41.43) വോട്ടുകൾക്കാണ് ശരത് ബച്ചെഗൗഡ വിജയിച്ചത്. നാഗരാജു 70,185 വോട്ടുകൾ ലഭിച്ചപ്പോൾ (35.61) കോൺഗ്രസിെൻറ പത്മാവതിക്ക് 41,443 വോട്ടുകളാണ് (21.03) നേടാനായത്.
ആത്മാഭിമാനത്തെ മാനിക്കുന്ന ജനവിധിയാണെന്നും നേതാക്കൾ ആരുമില്ലാതിരുന്നിട്ടും ജനങ്ങൾ തന്നെ വിജയിപ്പിച്ചുവെന്നും ബി.ജെ.പിയെ പിന്തുണക്കുന്നത് സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മുൻ യുവമോർച്ച ജനറൽ െസക്രട്ടറി കൂടിയായ ശരത് ബച്ചെഗൗഡ പറഞ്ഞു. മകെൻറ വ്യക്തിപ്രഭാവം കൊണ്ടാണ് വിജയിച്ചതെന്നും മാണ്ഡ്യയിൽ സുമലതക്കുണ്ടായ വിജയംപോലെ ആത്മാഭിമാനം ഉയർത്തുന്ന വിജയമാണിതെന്നും ശരത് ബച്ചെഗൗഡയുടെ പിതാവും ചിക്കബെല്ലാപുര ബി.ജെ.പി എം.പിയുമായ ബി.എൻ. ബച്ചെഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.