അഞ്ചു രൂപക്ക് ഊണ്‍, സൗജന്യ ലാപ്ടോപ്, ഫോണ്‍; വാഗ്ദാനപ്പെരുമഴ

‘അറബിക്കടലില്‍ പാലം കെട്ടു’മെന്നത് തെരഞ്ഞെടുപ്പ് വേദികളില്‍ കേള്‍ക്കാറുള്ള പാരഡിയാണ്. എന്നാല്‍, അത് ഓര്‍മിപ്പിക്കുന്നതാണ് പഞ്ചാബില്‍ അകാലിദളിന്‍െറ പ്രകടന പത്രിക. അമേരിക്കയിലും കാനഡയിലും കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ രാജ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലംവാങ്ങി കുടിയേറ്റത്തിന് സഹായിക്കുമെന്നാണ് അകാലിദളിന്‍െറ വാഗ്ദാനം.

ഇത് എങ്ങനെ, എത്രപേരെ എന്നൊക്കെ ചോദിച്ചാല്‍, അതൊക്കെ പിന്നീട് തീരുമാനിക്കുമെന്നാണ് നേതാക്കളുടെ മറുപടി. ഇതേചൊല്ലി കോണ്‍ഗ്രസും ആം ആദ്മിയും അകാലി നേതൃത്വത്തെ പരിഹാസത്തില്‍ മുക്കുന്നു. എന്നാല്‍, അമേരിക്കയിലും കാനഡയിലും ഭൂമി നല്‍കുമെന്ന വാഗ്ദാനം അകാലിദള്‍ മുന്നോട്ടുവെച്ചത് വെറുതെയല്ല. കേരളത്തില്‍ ചെറുപ്പക്കാരുടെ ഗള്‍ഫിലേക്കൊരു വിസ എന്നതുപോലൊരു സ്വപ്നമാണ് പഞ്ചാബികള്‍ക്ക് യു.എസിലേക്കും കാനഡയിലേക്കുമുള്ള കുടിയേറ്റം. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ പോളിങ്. പ്രചാരണം മുറുകുമ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴയാണ്.

അഞ്ചു രൂപക്ക് ഊണ്‍, പ്രാതല്‍ എന്നിവ ഭരണകക്ഷിയായ അകാലിദളിന്‍െറയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍െറയും മൂന്നാം ബദലായി ഉയര്‍ന്നുവരുന്ന ആം ആദ്മിയുടെയും പ്രകടന പത്രികയിലുണ്ട്. തമിഴ്നാട്ടില്‍ ജയലളിത വിജയിപ്പിച്ച തന്ത്രം പഞ്ചാബില്‍ പയറ്റാന്‍  മത്സരിക്കുകയാണ് പാര്‍ട്ടികള്‍. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് നല്‍കുമെന്ന അകാലിദളിന്‍െറയും ആപിന്‍െറയും വാഗ്ദാനം യു.പി മുഖ്യമന്ത്രി അഖിലേഷില്‍നിന്ന് കടമെടുത്തതാണ്.  തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കെല്ലാം സ്മാര്‍ട്ട് ഫോണ്‍ എന്നതാണ് കോണ്‍ഗ്രസിന്‍െറ വാഗ്ദാനം.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പഞ്ചാബിലെ മജിതിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍. കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, നവജ്യോത് സിങ് സിദ്ദു തുടങ്ങിയവര്‍ സമീപം
 

ഡല്‍ഹിയില്‍ കെജ്രിവാളിനെ ഹിറ്റാക്കിയ കറന്‍റ് ചാര്‍ജ് ഇളവ്,  സൗജന്യ വൈഫൈ എന്നിവയാണ് ആം ആദ്മി പ്രകടന പത്രികയിലെ മറ്റ് ജനപ്രിയ വാഗ്ദാനങ്ങള്‍.  കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, കാര്‍ഷിക കടത്തിന് ഇളവ് എന്നിവയാണ് കോണ്‍ഗ്രസിന്‍െറ പത്രികയില്‍ എടുത്തുപറയുന്നത്. ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ 2000 രൂപയാക്കുമെന്ന് അകാലിദള്‍. 2500 രൂപയാണ് ആം ആദ്മിയുടെ വാഗ്ദാനം.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച  പഞ്ചാബിലത്തെിയതോടെ പ്രചാരണത്തിന് ചൂടേറി. സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിങ് തന്നെയാണ് കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് മജിതിയയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ബി.ജെ.പി വിട്ട് ക്രിക്കറ്റ് താരം സിദ്ദു കോണ്‍ഗ്രസിലത്തെിയതിനെ തുടര്‍ന്നുള്ള അനിശ്ചിതത്വം നീക്കിയ രാഹുല്‍ അകാലിദളിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചു.

പഞ്ചാബിനെ  കൊള്ളയടിച്ചു നശിപ്പിച്ച അകാലിദളിനെ താഴെയിറക്കി, നോട്ടുനിരോധത്തിലൂടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച മോദി സര്‍ക്കാറിനുള്ള ശിക്ഷ നല്‍കണമെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍െറ കാലം കഴിഞ്ഞുവെന്നും  രാജ്യത്താകമാനം അവര്‍ തകര്‍ന്നു തരിപ്പണമായെന്നും ജലന്ധറില്‍ നടന്ന റാലിയില്‍  നരേന്ദ്ര മോദി  തിരിച്ചടിച്ചു.  പൊതുസമ്പത്ത് കൊള്ളയടിക്കുന്നതില്‍ അകാലിദളും ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണെന്നാണ് പഞ്ചാബില്‍ ക്യാമ്പ് ചെയ്ത് ആം ആദ്മി പ്രചാരണം നയിക്കുന്ന കെജ്രിവാളിന്‍െറ മറുപടി.  

 

Tags:    
News Summary - election manifesto of akalidal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.