ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട പ്രചാരണത്തിൽ യു.ഡി.എഫിനെ ഒരടി പി ന്നിലാക്കി സ്ഥാനാർഥി നിർണയം വൈകുന്നു. ഡൽഹിയിൽ കോൺഗ്രസിെൻറ ചർച്ച ഇനി വെള്ളിയാഴ് ച മാത്രം. എന്നാൽ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേ ണുഗോപാൽ, വി.എം. സുധീരൻ എന്നിവർ മത്സരിക്കില്ലെന്ന് മിക്കവാറും വ്യക്തമായി. കണ്ണൂരിൽ കെ. സുധാകരൻതന്നെ സ്ഥാനാർഥി.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന കോൺഗ്രസ് സ്ക്രീനി ങ് കമ്മിറ്റി ചർച്ച അപൂർണമായി. വിവിധ പേരുകൾ പുറത്ത് ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും മിക്കവാറും മണ്ഡലങ്ങളിൽ ചുരുക്കപ്പട്ടികതന്നെ രൂപപ്പെടുത്താനുണ്ട്. കൂടുതൽ സീറ്റിനു വേണ്ടിയുള്ള ഘടകകക്ഷികളുടെ അവകാശത്തർക്കം, മുതിർന്ന നേതാക്കൾക്ക് മത്സരിക്കാനുള്ള വിമുഖത എന്നിവയാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ കാലതാമസം വരുത്തിയത്. ഇനി ഒന്നുകിൽ മുതിർന്ന നേതാക്കളെ ഹൈകമാൻഡ് നിർബന്ധിക്കണം; അല്ലെങ്കിൽ ജയസാധ്യതയുള്ള പറ്റിയ പകരക്കാരെ കണ്ടെത്തണം.
ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, കെ.സി. വേണുഗോപാൽ എന്നിവർ മത്സരിക്കുന്നില്ലെന്ന് ഹൈകമാൻഡ് പ്രതിനിധികളെ അറിയിച്ച പശ്ചാത്തലത്തിൽ, അവർ മത്സരിക്കേണ്ടിയിരുന്ന മണ്ഡലങ്ങൾ, വെച്ചുമാറ്റ മണ്ഡലങ്ങൾ എന്നിവയുടെ കാര്യത്തിൽ പുതിയ അവകാശികൾ രംഗത്തുവന്നു. ഇതോടെ, ഇവർക്കിടയിൽനിന്നൊരു തിരഞ്ഞെടുപ്പു വേണ്ടിവരും. ഇൗ ചർച്ചകൾ വെള്ളിയാഴ്ച തുടങ്ങും. വീണ്ടും ഒന്നോ രണ്ടോ ദിവസമെടുക്കാതെ സ്ഥാനാർഥി പട്ടിക അന്തിമമായി പ്രഖ്യാപിക്കില്ല.
സംസ്ഥാന രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കാനുള്ള താൽപര്യം, േലാക്സഭ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ഭരണത്തിന് അനുകൂല സാഹചര്യമെങ്കിൽ രാജ്യസഭാംഗമാകാനുള്ള അവസരം എന്നിവയാണ് ഉമ്മൻ ചാണ്ടി പിൻവലിയുന്നതിന് കാരണം. കെ.പി.സി.സി പ്രസിഡൻറ് എന്നനിലയിൽ എല്ലാ മണ്ഡലങ്ങളിലെയും പ്രവർത്തന ചുമതല, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട പ്രയാസങ്ങൾ എന്നിവയാണ് മുല്ലപ്പള്ളിയെ പിന്നാക്കം വലിക്കുന്നത്. സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാലിന് സ്വന്തം മണ്ഡലത്തിൽ പൂർണശ്രദ്ധയോടെ നിൽക്കാനാവില്ല. ആലപ്പുഴ ഇന്ന് സുരക്ഷിത മണ്ഡലമായി കണക്കാക്കാനുമാവില്ല. സംഘടനാ ചുമതലകളുള്ള അദ്ദേഹത്തിന് രാജ്യസഭ വഴി പാർലമെൻറിൽ എത്താമെന്ന സാഹചര്യവുമുണ്ട്.
വ്യക്തിപരമായ കാരണങ്ങൾ വിശദീകരിച്ച്, സംസ്ഥാന രാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ചു നിൽക്കാനാണ് പരിപാടിയിട്ടതെങ്കിലും സമ്മർദങ്ങൾ മുൻനിർത്തി സുധാകരൻ മത്സരിക്കാൻതന്നെ തീരുമാനിച്ചു. ശശി തരൂർ (തിരുവനന്തപുരം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), എം.കെ. രാഘവൻ (കോഴിക്കോട്) എന്നിവർക്ക് അനിശ്ചിതത്വം ബാധകമല്ല. പ്രബല ഗ്രൂപ്പുകളുടെ കാലുവാരൽ സാധ്യത കൂടുതലായതിനാൽ വി.എം. സുധീരൻ സ്ഥാനാർഥിയാവില്ല. എറണാകുളത്ത് ഹൈബി ഇൗഡെൻറ സ്ഥാനാർഥിത്വത്തിന് ചരടുവലികൾ നടക്കുന്നുണ്ടെങ്കിലും കെ.വി. തോമസിനുതന്നെ സീറ്റ് നൽകുമെന്നാണ് സൂചന. തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാർഥിയാകാനുള്ള സന്നദ്ധത പി.സി. ചാക്കോ പ്രകടിപ്പിച്ചിട്ടുെണ്ടങ്കിലും കഴിഞ്ഞ തവണ മാറിനിൽക്കേണ്ടി വന്ന കെ.പി. ധനപാലനാണ് മുൻതൂക്കം. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ, വടകരയിൽ കെ.കെ. രമ എന്നിവരെ പരിഗണിക്കുേമ്പാൾ വയനാടിനു വേണ്ടി റോസക്കുട്ടി ടീച്ചർ അടക്കമുള്ളവർ രംഗത്തുണ്ട്.
ചൊവ്വാഴ്ച അഹ്മദാബാദിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം, തൊട്ടടുത്ത രണ്ടു ദിവസങ്ങളിൽ രാഹുൽ ഗാന്ധിയുടെ കേരള, തമിഴ്നാട് സന്ദർശനങ്ങൾ എന്നിവ മുൻനിർത്തിയാണ് ചർച്ചകൾ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.