മുഖ്യമന്ത്രിയും സി.പി.എമ്മും പൗരത്വ നിയമത്തെ കുറിച്ച് സംസാരിക്കുന്നത് ബി.ജെ.പി- സി.പി.എം ബാന്ധവം മറച്ചുവെക്കാനെന്ന് വി.ഡി സതീശൻ

കൊച്ചി (പറവൂര്‍): പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന വാക്ക് പാലിക്കാത്തതെ ബി.ജെ.പിക്കൊപ്പം ചേര്‍ന്നത് മറച്ചു വെക്കാനും സര്‍ക്കാരിന് എതിരായ ജനരോഷം മറക്കാനും ബി.ജെ.പി- സി.പി.എം ബാന്ധവം മറച്ചുവെക്കാനുമാണ് പിണറായി വിജയന്‍ പൗരത്വ നിയമത്തെ കുറിച്ച് മാത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൗരത്വ നിയമ പ്രക്ഷോഭത്തിനെതിരായ കേസുകള്‍ അഞ്ച് കൊല്ലമായിട്ടും പിന്‍വലിക്കാതിരുന്നതും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതിനാണ്. അതേ പിണറായി വിജയനാണ് ഇപ്പോള്‍ പൗരത്വ നിയമത്തെ കുറിച്ച് സംസാരിക്കുന്നത്.

എല്ലാ കാലത്തും കോണ്‍ഗ്രസാണ് പൗരത്വ നിയമത്തെ എതിര്‍ത്തത്. പിണറായി വിജയന്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും പ്രതിപക്ഷം ഉത്തരം നല്‍കിയിട്ടുണ്ട്. എന്നിട്ടും മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ ഉത്തരം നല്‍കുന്നില്ല. അപകടരമായ നിലയിലേക്കാണ് സി.പി.എം- ബി.ജെ.പി ബാന്ധവം പോകുന്നത്. അവര്‍ ഒന്നിച്ചു നിന്നാലും ഒരു സീറ്റില്‍ പോലും അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ല.

കേരളത്തില്‍ ബി.ജെ.പി സി.പി.എം വളരെ വ്യക്തമാണ്. ബി.ജെ.പിക്ക് ഇല്ലാത്ത സ്‌പേസാണ് സി.പി.എം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത്. സി.പി.എം മുന്‍ എല്‍.എല്‍.എ യെച്ചൂരിയെയും കാരാട്ടിനെയും കാണാതെ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേദ്ക്കറിനെ സന്ദര്‍ശിച്ചിട്ടും നടപടിയെടുക്കാന്‍ ധൈര്യമില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം. ബി.ജെ.പിയെ ഭയമുള്ള ഭീരുക്കളാണ് കേരളം ഭരിക്കുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എം നേതാക്കള്‍ക്കെതിരായ എല്ലാ കേന്ദ്ര അന്വേഷണങ്ങളും നിലച്ചു. കരുവന്നൂര്‍, മാസപ്പടി കേസുകളിലും ഇപ്പോള്‍ ഒരു അന്വേഷണവുമില്ല. പിണറായി വിജയനെയും കുടുംബത്തെയും സി.പി.എമ്മിനെയും ബി.ജെ.പി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. എ.കെ ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിരുദ്ധത പറഞ്ഞ് ബി.ജെ.പിയെ സന്തോഷിപ്പിക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുകയാണ്.

കൊടകര കുഴല്‍പ്പണ കേസില്‍ ഒരു ബി.ജെ.പി നേതാവിനെതിരെയും കേസില്ല. ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത്? പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടു വന്നതാണോ? ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് പറഞ്ഞാല്‍ കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍ അകത്താകും. പിണറായി വിജയനാണ് അന്ന് സഹായിച്ചത്. അതേ സുരേന്ദ്രനാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പറയുന്നത്. സുരേന്ദ്രന്‍ ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദി പറയുകയാണ്. കോണ്‍ഗ്രസ് വിരുദ്ധതയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമാണ് ഇവരെ ഒന്നാക്കുന്നത്.

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും എതിരെ സുപ്രീം കോടതിയെ സമീപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഇത്രയും കാലം ഇവര്‍ എവിടെയായിരുന്നു? നേരത്തെ കേന്ദ്ര 57600 കോടി തരാനുണ്ടെന്നാണ് പറഞ്ഞതെങ്കിലും കേസ് നല്‍കിയപ്പോള്‍ കടം എടുക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. 13700 കോടി രൂപ കോടതിയില്‍ പോയില്ലെങ്കിലും കിട്ടും. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കേസും തിരഞ്ഞെടുപ്പ് സ്റ്റണ്ടും ഗിമ്മിക്കും മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രവുമായി സമരത്തിലാണെന്ന് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കര്‍ണാടകയില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ജനാതാദള്‍ എസ് ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത് എന്തുകൊണ്ടാണ്? ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രി കൃഷ്ണന്‍ കുട്ടിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പുറത്താക്കാത്തത്. കൃഷ്ണകുട്ടിയും മാത്യൂ ടി. തോമസും കര്‍ണാടകത്തില്‍ പോയാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചരണം നടത്തേണ്ടി വരും. സി.പി.എം നേതാക്കള്‍ ബി.ജെ.പി നേതാക്കളുമായി ബിസിനസ് പാര്‍ട്ണര്‍ഷിപ്പും രഹസ്യ ചര്‍ച്ചകളും നടത്തുന്നു. ബി.ജെ.പി ഭയത്തില്‍ സംസ്ഥാന ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതൊക്കെ ചെയ്യിക്കുന്നത്. ഇത്രയും വലിയൊരു ഗതികേടിലാണ് സി.പി.എം എത്തിനില്‍ക്കുന്നത്. മാസപ്പടിയെ കുറിച്ച് ചോദിച്ചാല്‍ ചെവി കേള്‍ക്കാന്‍ പാടില്ലേയെന്ന് ചോദിക്കും. എല്ലാവരെയും വിമര്‍ശിക്കുന്ന പൊതുമരാമത്ത് മന്ത്രിയും മാസപ്പടിയെ കുറിച്ച് ചോദിച്ചാല്‍ നാവ് ഉപ്പിലിട്ട് വെക്കും. മിണ്ടില്ലന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - CM and CPM only talk about Citizenship Act to hide BJP-CPM nexus, says VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.