യു.പി: കോണ്‍ഗ്രസ് സഖ്യത്തിന് ബി.എസ്.പി നീക്കം; അനിശ്ചിതത്വം തീരാതെ എസ്.പി ക്യാമ്പ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അഖിലേഷ്-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ച പുരോഗമിക്കവെ, കോണ്‍ഗ്രസുമായി സഖ്യത്തിന് മായാവതിയുടെ നീക്കം. സഖ്യസാധ്യത തേടി മായാവതി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇതേക്കുറിച്ച് കോണ്‍ഗ്രസോ, ബി.എസ്.പി നേതൃത്വമോ പ്രതികരിച്ചിട്ടില്ല. നേരത്തെ, കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരുമായും സഖ്യത്തിനില്ളെന്നായിരുന്നു മായാവതിയുടെ നിലപാട്. സമാജ്വാദി പാര്‍ട്ടിയിലെ പിളര്‍പ്പില്‍ അഖിലേഷ് താരത്തിളക്കം നേടിയ പുതിയ സാഹചര്യമാണ് മായാവതിയെ മാറിചിന്തിപ്പിക്കുന്നതെന്നാണ് സൂചന.
 പിതാവിനും പിതൃസഹോദരനുമെതിരെ പടവെട്ടി പാര്‍ട്ടി പിടിച്ചെടുത്ത മുഖ്യമന്ത്രി അഖിലേഷ്, ഭരണത്തിലെ പ്രശ്നങ്ങളും പാളിച്ചകളും എതിര്‍പക്ഷത്തിനുമേല്‍ കെട്ടിവെക്കുന്നതില്‍ വിജയംകണ്ടു.  പൊടുന്നനെ അഴിമതിവിരുദ്ധ, വികസനവാദി നേതാവെന്ന പ്രതിച്ഛായ നേടിയെടുത്ത അഖിലേഷിനൊപ്പം കോണ്‍ഗ്രസ് കൂടി ചേരുന്നതോടെ വോട്ടുവിഹിതം 28 ശതമാനത്തോളമാകും. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യത്തിന് നിര്‍ണായകമായ മുസ്ലിം വോട്ടില്‍ നല്ളൊരുപങ്ക് ആകര്‍ഷിക്കാനായാല്‍ ബി.എസ്.പിയുടെ നില പരുങ്ങലിലാകും. ദലിത് വോട്ടുകള്‍ ഒപ്പമുണ്ടെങ്കിലും മുസ്ലിം വോട്ടുകള്‍കൂടി സമാഹരിക്കുന്നതിലാണ് മായാവതിയുടെ വിജയസാധ്യത.   മുസഫര്‍നഗര്‍, ദാദ്രി സംഭവങ്ങള്‍ മറന്നിട്ടില്ലാത്ത യു.പിയിലെ മുസ്ലിം വോട്ട് സമാജ്വാദി പാര്‍ട്ടിയിലേക്ക് പോകില്ളെന്നായിരുന്ന മായാവതിയുടെ കണക്കുകൂട്ടുല്‍. കോണ്‍ഗ്രസ് സഖ്യത്തോട് യോജിപ്പില്ലാത്ത മുലായം എസ്.പി തലപ്പത്ത് തുടരുമ്പോള്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യം പുലരില്ളെന്നും മായാവതി കണക്കുകൂട്ടി. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരുമായും സഖ്യമില്ളെന്ന് അവര്‍ തറപ്പിച്ചുപറഞ്ഞത്. എന്നാല്‍, യാദവ കുടുംബത്തിലെ രാഷ്ട്രീയ അട്ടിമറി യു.പിയിലെ രാഷ്ട്രീയ ചിത്രം മാറ്റിമറിച്ചു. മുലായത്തെ പിന്തള്ളി അഖിലേഷ് പാര്‍ട്ടി പിടിച്ചതോടെ കോണ്‍ഗ്രസ്-എസ്.പി സഖ്യ ചര്‍ച്ച ഏറെ മുന്നോട്ടുപോയി. അഖിലേഷ്-രാഹുല്‍ ഗാന്ധി ചര്‍ച്ച ഉടന്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.  
 അതേസമയം, മുലായം കുടുംബത്തിലെ കലഹം ഒതുക്കാനുള്ള അവസാനവട്ട ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടി ചിഹ്നമായ സൈക്കിളിനും പേരിനും വേണ്ടി അവകാശമുന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച അഖിലേഷിനും മുലായത്തിനും കരുത്തുതെളിയിക്കാന്‍ കമീഷന്‍ നല്‍കിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കും. ഇതുവരെ ഇരുപക്ഷവും കമീഷന് മറുപടി നല്‍കിയിട്ടില്ല. 229 എം.എല്‍.എമാരില്‍ 220 പേരുടെയും 65 എം.എല്‍.സിമാരില്‍ 56 പേരുടെയും രേഖാമൂലമുള്ള പിന്തുണ അഖിലേഷിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, അഖിലേഷിനെ പിന്തുണക്കുമ്പോഴും മുലായം തന്നെ തലപ്പത്ത് വേണമെന്ന നിലപാടാണ് പാര്‍ട്ടി അണികളില്‍ കൂടുതലും പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മുലായത്തെ ഒപ്പംനിര്‍ത്താന്‍ അഖിലേഷും ശ്രമിക്കുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം, അമര്‍ സിങ്ങിനെ പുറത്താക്കല്‍, ശിവ്പാല്‍ യാദവിനെ സംസ്ഥാന കാര്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തല്‍ എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പാര്‍ട്ടി പിളര്‍ത്തില്ളെന്നാണ് അഖിലേഷിന്‍െറ നിലപാട്. എന്നാല്‍, അമര്‍ സിങ്ങിനെയും ശിവ്പാല്‍ യാദവിനെയും കൈവിടാന്‍ മുലായം തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പാകെ കരുത്തുതെളിയിക്കേണ്ട തിങ്കളാഴ്ചക്കകം ധാരണ രൂപപ്പെട്ടില്ളെങ്കില്‍ സമാജ്വാദി പാര്‍ട്ടിയില്‍ പിതാവും മകനും വഴിപിരിയുന്ന അവസ്ഥയുണ്ടാവും. അതേസമയം, അഅ്സംഖാന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ, മുലായം കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും പിതാവിനും പുത്രനുമിടയില്‍ അനുരഞ്ജനത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.

Tags:    
News Summary - bsp congress alliance likely in uttar pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.