ഗുജറാത്ത്: ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടികയായി; മുൻ കോൺഗ്രസ് നേതാക്കൾക്ക് ടിക്കറ്റ്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. 182 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 70 സ്ഥാനാർഥികളുടെ പേരുകൾ ഉൾപ്പെട്ട പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്.

കോൺഗ്രസ് വിട്ട് ബി.െജ.പിയിൽ ചേർന്ന രാഘവ് ജി പട്ടേൽ, ധർമേന്ദ്ര സിങ് ജഡേജ, റാംനിഷ് പാർമൽ, മാൻസിങ് ചൗഹാൻ, സി.കെ റയോൽജി എന്നിവർക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെതിരെ രംഗത്തുവന്ന രാഘവ് ജി പട്ടേൽ ജാംനഗറിൽ മത്സരിക്കും.

ബി.ജെ.പി മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റിലും ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ മെഹ്സനയിലും ഗുജറാത്ത് ബി.െജ.പി അധ്യക്ഷൻ ജിതു വഗാനി ഭാവ്നഗർ വെസ്റ്റിലും ജനവിധി തേടും. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആരോഗ്യ മന്ത്രി ശങ്കർ ചൗധരി അടക്കം നിലവിലെ 50 എം.എൽ.എമാർക്ക് വീണ്ടും മത്സരിക്കാൻ ബി.െജ.പി ടിക്കറ്റ് നൽകി. അതേസമയം, വാദ്വാൻ എം.എൽ.എ വർഷ ദോഷി, ദാരി എം.എൽ.എ നളിൻ കൊട്ടാദിയ എന്നിവർക്ക് സീറ്റ് നൽകിയില്ല. ലതി മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ ബാവ്ക് ഉദ്ദദ് അംരേലിയിൽ നിന്ന് മത്സരിക്കും. 

അതേസമയം, സിറ്റിങ് എം.എൽ.എമാരായ 43 പേരെ വീണ്ടും മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകിയിട്ടും അഹമ്മദ് പട്ടേലിനൊപ്പം ഉറച്ചുനിന്ന എം.എൽ.എമാരാണിവർ. ഇതാണ് ഇവർക്ക് വീണ്ടും സീറ്റ് ലഭിക്കാൻ വഴിതുറന്ന ഒരു പ്രധാന ഘടകം. 

ഡിസംബർ ഒമ്പത്, 14 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 18നാണ് ഫലപ്രഖ്യാപനം.

Tags:    
News Summary - BJP Announced First Candidate List in Gujarath Assemply Election -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.