തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും പിൻവാതിൽ നിയമനം നടത്താൻ സി.പി.എം നീക്കമെന്ന് ആക്ഷേപം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിവിധ വകുപ്പുകളിലെ ഒഴിവുകളിൽ കുടുംബശ്രീ അംഗങ്ങളെ താൽക്കാലിക ജീവനക്കാരായി നിയമിക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റി നിർദേശം നൽകിയെന്നാണ് ആരോപണം. കുടുംബശ്രീക്കാരെ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലടക്കം ഒഴിവുകളിൽ നിയമിക്കാനാണ് ഒക്ടോബർ ഒന്നിന് നൽകിയ നിർദേശം.
വിവിധ വിഭാഗങ്ങളിൽ വർഷങ്ങളായി ജോലി ചെയ്ത കുടുംബശ്രീക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്ഥിരനിയമനം നടന്നതോടെ പുറത്തായിരുന്നു. 178 പേരെയാണ് എംപ്ലോയ്മെന്റ് വഴി നിയമിച്ചത്. റാങ്ക് ലിസ്റ്റിലെ ബാക്കിയുള്ളവർ ഇപ്പോഴും നിയമനത്തിന് കാത്തു നിൽക്കുകയാണ്. എന്നാൽ പുതിയ ഒഴിവുകളിലേക്കും, ആശുപത്രിയിലെ മറ്റ് ഒഴിവുകളിലേക്കും ഈ താൽക്കാലികക്കാരെ എത്തിക്കാനാണ് സി.പി.എം നീക്കം തുടങ്ങിയത്.
പിരിച്ചുവിട്ട കുടംബശ്രീക്കാരെ പുനരധിവസിപ്പിക്കാൻ, ഇവർക്ക് തന്നെ മുൻഗണനാ അടിസ്ഥാനത്തിൽ നിയമനം നൽകണമെന്നാണ് ഒക്ടോബർ ഒന്നിന് എക്സിക്യുട്ടീവ് കമ്മിറ്റി നിർദേശം നൽകിയത്. 11 അജണ്ടകളിൽ അവസാനത്തേതായി, കുടുംബശ്രീ വിഷയമെന്ന് മാത്രം രേഖപ്പെടുത്തി യോഗത്തിൽ തീരുമാനമെടുത്തത്.
കുടുംബശ്രീക്കുള്ള വേതനം, ഇവരെയേൽപ്പിക്കുന്ന ഡോർമിറ്ററി, കഫേറ്റീരിയ അടക്കമുള്ളവയുടെ നടത്തിപ്പ് വരുമാനത്തിൽ നിന്ന് നൽകാനായിരുന്നു നിർദേശം. സി.പി.എം സമ്മർദം നടത്തിയെങ്കിലും ഇതുവരെ അധികൃതർ വഴങ്ങിയിട്ടില്ല. ആശുപത്രി എക്സിക്യുട്ടീവ് സമിതിയംഗമല്ലാത്ത വാർഡ് കൗൺസിലർ ഈ യോഗത്തിൽ പങ്കെടുത്തതും വിവാദമാവുകയാണ്. എന്നാൽ, താൽക്കാലികക്കാരായി മികച്ച സേവനം ചെയ്തവർക്ക് വീണ്ടും അവസരം നൽകാൻ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇക്കാര്യത്തിൽ സി.പി.എം വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.