തമിഴ്നാട്ടില്‍ ഇത് നാലാം വിശ്വാസവോട്ട്

കോയമ്പത്തൂര്‍: തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. 1952ലായിരുന്നു ആദ്യ വിശ്വാസ വോട്ടെടുപ്പ്. അന്ന് കോണ്‍ഗ്രസിലെ രാജാജിയായിരുന്നു മുഖ്യമന്ത്രി. അറുപ്പുക്കോട്ട ഉപതെരഞ്ഞെടുപ്പില്‍ ഫോര്‍വേഡ് ബ്ളോക് കോണ്‍ഗ്രസിനെ തോല്‍പിച്ച സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു.

ഇതോടെ രാജാജി വിശ്വാസവോട്ടെടുപ്പിന് തയാറാവുകയായിരുന്നു. രാജ്യത്തെ ആദ്യ വിശ്വാസവോട്ടായിരുന്നു ഇത്. 200 എം.എല്‍.എമാരുടെ പിന്തുണ നേടി രാജാജി ഭൂരിപക്ഷം തെളിയിച്ചു. 151 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 1972 ഡിസംബര്‍ 11നാണ് രണ്ടാം വിശ്വാസ വോട്ടെടുപ്പ് നടന്നത്. ഡി.എം.കെ നേതാവ് എം. കരുണാനിധിയായിരുന്നു മുഖ്യമന്ത്രി. ഡി.എം.കെ ട്രഷററായിരുന്ന എം.ജി.ആറിനെ കരുണാനിധി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതോടെ എം.ജി.ആറിന് പിന്തുണയുമായി നിരവധി എം.എല്‍.എമാര്‍ രംഗത്തിറങ്ങി.

172 എം.എല്‍.എമാരുടെ പിന്തുണയോടെ കരുണാനിധി അനായാസം വോട്ടെടുപ്പിനെ അതിജീവിച്ചു. 1988 ജനുവരി 28ന് നടന്ന വിശ്വാസ വോട്ടെടുപ്പ് സംഭവബഹുലമായിരുന്നു. എം.ജി.ആറിന്‍െറ മരണത്തെ തുടര്‍ന്ന് പത്നി ജാനകിയമ്മാളായിരുന്നു മുഖ്യമന്ത്രിയായത്. ജാനകിയമ്മാളുടെയും ജയലളിതയുടെയും നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ പിളര്‍ന്നു. ജാനകിയമ്മാള്‍ക്ക് 99 എം.എല്‍.എമാരും ജയലളിതക്ക് 33 എം.എല്‍.എമാരുടെയും പിന്തുണ ഉണ്ടായിരുന്നു. തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. ഇപ്പോള്‍ പന്നീര്‍സെല്‍വം വിഭാഗത്തോടൊപ്പമുള്ള പി.എച്ച്. പാണ്ഡ്യനായിരുന്നു അന്ന് സ്പീക്കര്‍.

എം.എല്‍.എമാര്‍ ഏറ്റുമുട്ടി സഭ പ്രക്ഷുബ്ധമായി. സ്പീക്കര്‍ വിവേചനാധികാരം ഉപയോഗപ്പെടുത്തി ജയലളിതയെ പിന്തുണച്ച 33 എം.എല്‍.എമാരെയും അയോഗ്യരാക്കി. ജാനകിയമ്മാള്‍ വിജയിച്ചതായും അറിയിച്ചു.

എന്നാല്‍, രണ്ട് ദിവസത്തിനുശേഷം ജാനകിയമ്മാള്‍ മന്ത്രിസഭ പിരിച്ചുവിട്ട് തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി. പിന്നീട് ജാനകിയമ്മാള്‍-ജയലളിത വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ച് ജയലളിതയുടെ നേതൃത്വത്തില്‍ 91ല്‍ അണ്ണാ ഡി.എം.കെ അധികാരത്തിലേറി. തമിഴ്നാട് നിയമസഭയില്‍ ഇതുവരെ 12 തവണ അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും ഭരണകക്ഷിക്കായിരുന്നു വിജയം.

ഏറ്റവുമൊടുവില്‍ 1983 നവംബര്‍ 16ന് എം.ജി.ആര്‍ മന്ത്രിസഭക്കെതിരെ സി.പി.എമ്മിലെ ഉമാനാഥാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 49 എം.എല്‍.എമാര്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 125 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ 34 വര്‍ഷമായി തമിഴ്നാട്ടില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടില്ളെന്നതും ശ്രദ്ധേയം.

Tags:    
News Summary - 4th floor test for tamil nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.