ഉറിയിലെ പ്രതികാരം: ബി.ജെ.പി പ്രതിരോധത്തില്‍

കോഴിക്കോട്: ബി.ജെ.പി നിശ്ചയിച്ച അജണ്ടക്ക് മേല്‍ ഉറി ആക്രമണവും കശ്മീര്‍ സംഘര്‍ഷവും നിഴലിച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ദേശീയ കൗണ്‍സിലിന്‍െറ ഒന്നാം ദിനം. വികസന വിഷയങ്ങള്‍ക്കുപരിയായി കശ്മീരിലേക്കും പാകിസ്താനിലേക്കും ശ്രദ്ധ തിരിച്ചുവിട്ടിരുന്ന ബി.ജെ.പി ഉറി ആക്രമണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നുമുയര്‍ന്ന വിമര്‍ശങ്ങളെ നേരിടാനാകാതെ വന്നപ്പോള്‍  പാവപ്പെട്ടവന്‍െറ വികസനത്തിലേക്ക് തിരികെ ശ്രദ്ധ ക്ഷണിക്കുന്നതാണ് കോഴിക്കോട് കണ്ടത്. ദേശീയ കൗണ്‍സിലിന്‍െറ ആദ്യദിനം വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനത്തിനത്തെിയ ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവിനോട് ഉറി ആക്രമണത്തിന് തൊട്ടുപിറകെ അദ്ദേഹം നടത്തിയ ‘ഒരു പല്ലിന് ഒരു നിര പല്ല് പകരമെടുക്കണമന്ന’ പ്രസ്താവന മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചു.

പ്രതികാരം ചെയ്യുമെന്ന് മോദി പറഞ്ഞ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. എന്തായിരിക്കും പ്രതികാരമെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ ആ പ്രസ്താവനയില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും ആരാഞ്ഞു. എന്നാല്‍, ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ രാം മാധവിനായില്ല. മുമ്പ് നടത്തിയ മൂര്‍ച്ചയുള്ള പ്രസ്താവന ആവര്‍ത്തിക്കാനും രാം മാധവ് സന്നദ്ധമായില്ല. നിങ്ങളെ തൃപ്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും നടത്തുമെന്നും രാം മാധവ് ആശ്വസിപ്പിച്ചു.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര വിജയം നേടിയെന്ന അവകാശവാദത്തിനിടെ റഷ്യയും പാകിസ്താനും സംയുക്ത സൈനികാഭ്യാസം തുടങ്ങിയതിന് ഉത്തരം പറയാനാകാതെ കുഴങ്ങി. കഴിഞ്ഞദിവസം ചൈന പാകിസ്താനെ പിന്തുണക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ തങ്ങള്‍ പിന്തുണ നല്‍കുന്നില്ളെന്ന് വ്യക്തമാക്കാന്‍ ചൈന നിര്‍ബന്ധിതമായെന്ന് രാം മാധവ് പറഞ്ഞു.

രാജ്യം മോദിയുടെ പ്രസംഗത്തിന് കാത്തിരിക്കുകയാണെന്നും രാജ്യം ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്‍െറ പ്രസംഗത്തിലുണ്ടാകുമെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. മോദി സംസാരിക്കുമ്പോള്‍ രാജ്യതാല്‍പര്യം പ്രതിഫലിക്കുമെന്നും അദ്ദേഹമൊരിക്കലും രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി സംസാരിച്ചിട്ടില്ളെന്നും പാര്‍ട്ടി സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് പറഞ്ഞു. കോണ്‍ഗ്രസ് ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം ഉയര്‍ത്തിയത് പോലെയല്ല, തങ്ങളുടെ മുദ്രാവാക്യമെന്നും രണ്ടുവര്‍ഷംകൊണ്ട് മുദ്ര ബാങ്ക് അടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കിയ ശേഷമാണ് ബി.ജെ.പി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള മുദ്രാവാക്യം മുഴക്കുന്നതെന്നും ബി.ജെ.പി വക്താവ് കൂടിയായ സിദ്ധാര്‍ഥ്  നാഥ് സിങ് അവകാശപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.