വി.എസിന് പാര്‍ട്ടിയില്‍ പുതിയ ദൗത്യം

തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധികാരിക ചരിത്രരചന നടത്താന്‍ സി.പി.എം രൂപവത്കരിച്ച ഉപദേശകസമിതിയെ വി.എസ്. അച്യുതാനന്ദന്‍ നയിക്കും. ഒക്ടോബര്‍വിപ്ളവത്തിന്‍െറ നൂറാംവാര്‍ഷികത്തോടനുബന്ധിച്ചാണ് ചരിത്രരചനക്ക് സി.പി.എം സംസ്ഥാനസമിതി തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ബഹുജനപങ്കാളിത്തത്തോടെ അഞ്ച് വാല്യങ്ങളായാണ് ചരിത്രരചന നടത്തുക.

ജില്ല, ഏരിയ, പഞ്ചായത്ത് തലത്തില്‍ ഗവേഷകരെ കണ്ടത്തെി പങ്കാളികളാക്കും. ഉപദേശകസമിതിയുടെ കണ്‍വീനര്‍ കോടിയേരിയാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം വേണമെന്ന ആവശ്യത്തിന്മേല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന, ഭരണപരിഷ്കാരകമീഷന്‍ അധ്യക്ഷനായ വി.എസിന് ഏറെ നാളിന് ശേഷമാണ് പാര്‍ട്ടി ഏറ്റെടുത്ത് നടത്തുന്ന പരിപാടിയില്‍ പ്രധാന ഉത്തരവാദിത്തം നല്‍കുന്നത്.

കണ്ണൂരിലെ ഇ.കെ. നായനാര്‍ സ്മാരക നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ജനുവരി ഏഴിനും എട്ടിനും ഹുണ്ടികപിരിവ് നടത്തുമെന്നും കോടിയേരി പറഞ്ഞു. അത് ചരിത്ര മ്യൂസിയമാക്കും. ഒക്ടോബര്‍ വിപ്ളവത്തിന്‍െറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ ഏഴ് മുതല്‍ 2017 നവംബര്‍ ഏഴ് വരെ നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ ഏഴിന് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന റെഡ് വളന്‍റിയര്‍ മാര്‍ച്ച്, ബഹുജന റാലി എന്നിവയോടെയാണ് തുടക്കം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.

വിവിധ മാസങ്ങളിലായി എല്ലാ ജില്ലയിലും വളന്‍റിയര്‍ മാര്‍ച്ചും ബഹുജനറാലിയും നടത്തും. 2017 നവംബര്‍ ഏഴിന് കൊച്ചിയിലാണ് സമാപനം. ഒക്ടോബര്‍ വിപ്ളവത്തിന്‍െറ ഭാഗമായി ലോകത്തും ഇന്ത്യയിലും വന്ന മാറ്റത്തെക്കുറിച്ച് രണ്ട് സെമിനാറുകള്‍ നടത്തും. കേരളപ്പിറവിയുടെ 60ാം വാര്‍ഷികം നവംബര്‍ ഒന്ന് മുതല്‍ ഒരുമാസം നീളുന്ന പരിപാടിയായി സംഘടിപ്പിക്കും. ഓരോ പഞ്ചായത്തിലും വിപുല കുടുംബസംഗമം നടത്തും.

ഇതോടനുബന്ധിച്ച് എ.കെ.ജി പഠനഗവേഷണ കേന്ദ്രം ‘കേന്ദ്ര-സംസ്ഥാന ബന്ധം’ സംബന്ധിച്ച് നവംബര്‍ 26ന് എ.കെ.ജി ഹാളില്‍ സെമിനാര്‍ നടത്തും. സി.പി.എം, സി.പി.ഐ ജനറല്‍ സെക്രട്ടറിമാര്‍, എച്ച്.ഡി. ദേവഗൗഡ, കേരള, ത്രിപുര മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കോടിയേരി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.