അച്ചടക്കരാഹിത്യത്തിന്‍െറ ‘വിമതന്‍’

കണ്ണൂര്‍: നിയമസഭ സ്ഥാനാര്‍ഥിയായി ഹൈകമാന്‍ഡ് പ്രഖ്യാപിച്ച് ചുവരെഴുത്തും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണവുമായി മുന്നേറുമ്പോള്‍ മറ്റൊരാളെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി തിരുത്തി പ്രഖ്യാപിച്ചാല്‍ ഇന്നത്തെ കോണ്‍ഗ്രസില്‍ എന്താണ് സംഭവിക്കുക?. അവിടെയൊരു വിമത സ്ഥാനാര്‍ഥിയുടെ ഉദയം കാണാം.

അങ്ങനെയൊരു വിമതനായി രംഗത്ത് നില്‍ക്കണമെന്ന് അഞ്ച് തവണ നിയമസഭയിലേക്ക് വിജയിപ്പിച്ച പേരാവൂരിലെ അണികളാകെ ശക്തമായി ആവശ്യപ്പെടുമ്പോള്‍ കെ.പി. നൂറുദ്ദീന്‍ എന്ന അച്ചടക്ക ജീവിതത്തിന്‍െറ നേര്‍സാക്ഷ്യം അവരെ തിരുത്തുകയായിരുന്നു. പേരാവൂരിലെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഒരു കണ്‍വെന്‍ഷനില്‍ സംസാരിക്കാനത്തെിയപ്പോഴാണ് തന്‍െറ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പിന്‍വലിച്ചതായി നൂറുദ്ദീന്‍ അറിയുന്നത്. നൂറുദ്ദീന്‍െറ പ്രതികരണം ഇതായിരുന്നു. ‘ഇതുവരെയും ഞാന്‍ പേരാവൂരിലെ ====സ്ഥാനാര്‍ഥിയായിരുന്നു. ഈ നിമിഷം മുതല്‍ ഈ ജില്ലയിലെ പത്ത് മണ്ഡലത്തിലെയും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്’ -2001ല്‍ നൂറുദ്ദീന്‍െറ ഈ പ്രഖ്യാപനം കേട്ട് കണ്‍വെന്‍ഷന്‍ ഹാളിലിരുന്ന ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊട്ടിക്കരഞ്ഞു എന്ന് ചരിത്രം.

അഞ്ച് തവണ പേരാവൂരിന്‍െറ എം.എല്‍.എയായിരുന്ന അദ്ദേഹം ആറാം തവണ പേരാവൂരില്‍നിന്ന് 1996ല്‍ തോറ്റിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ തിരിച്ചുപിടിക്കാന്‍ നൂറുദ്ദീന്‍ സാഹിബ് തന്നെ വേണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. പക്ഷെ, ഐ ഗ്രൂപ്പിന് മൂന്ന് സീറ്റ് കൂടി വേണമെന്ന് കെ. കരുണാകരന്‍  ഹൈകമാന്‍ഡില്‍ സമര്‍ദം ചെലുത്തി. ഇതനുസരിച്ച് പേരാവൂരില്‍ ഐ ഗ്രൂപ്പുകാരനായ എ.ഡി. മുസ്തഫയെ നിശ്ചയിക്കുകയായിരുന്നു. നൂറുദ്ദീന് വേണ്ടി എഴുതിയ ചുവരുകള്‍ മായ്ക്കപ്പെട്ടു. നൂറുദ്ദീന്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഈ മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് വിജയിപ്പിച്ചു എന്നാണ് ചരിത്രം.

നൂറുദ്ദീന്‍െറ പാര്‍ലമെന്‍ററി രാഷ്ട്രീയ ജീവിതം കടുത്ത മത്സരത്തിന്‍െറ അതിജീവനമായിരുന്നു. ഒരു പഞ്ചായത്തില്‍ പോലും മത്സരിച്ച അനുഭവമില്ലാതെയാണ് 1977ല്‍ പേരാവൂരില്‍ നിയമസഭ സ്ഥാനാര്‍ഥിയായത്. എതിരാളി സി.പി.എമ്മിലെ ഇ.പി. കൃഷ്ണന്‍ നായരായിരുന്നു. ജാതിവോട്ട് ലാക്കാക്കി മുന്നേറിയ എതിരാളിയോട് തുറന്ന പോരില്‍ 4,984 വോട്ടിന്‍െറ വ്യക്തമായ ഭൂരിപക്ഷം നേടി  മണ്ഡലത്തെ ആദ്യമായി യു.ഡി.എഫിന്‍െറ ഭാഗമാക്കി.

1980ല്‍ പേരാവൂരില്‍ അങ്കത്തിനത്തെുമ്പോള്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷമുള്ള പരിണാമം നൂറുദ്ദീനും ഉണ്ടായി. കോണ്‍ഗ്രസ് യു സ്ഥാനാര്‍ഥിയായാണ് സി.എം. കരുണാകരന്‍ നമ്പ്യാരെ രണ്ടാമങ്കത്തില്‍ തോല്‍പിച്ചത്. ഇടത് മുന്നണി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച എ.കെ. ആന്‍റണിയുടെ കൂടെ നിന്ന എം.എല്‍.എമാരില്‍ ഒരാളായിരുന്ന നൂറുദ്ദീന്‍ പിന്നീട് എ ഗ്രൂപ്പിന്‍െറ ശക്തനായ വക്താവായി.

പേരാവൂരിലെ മൂന്നാമങ്കം 1982ല്‍ ആന്‍റണി കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു. കോണ്‍ഗ്രസ് എസിലെ പി. രാമകൃഷ്ണനോട് 126 വോട്ടിനാണ്  ജയിച്ചത്. 1987ലും 1991ലും കോണ്‍ഗ്രസ് ഐ ടിക്കറ്റില്‍ പഴയ സഹപ്രവര്‍ത്തകനായ രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മുട്ടുകുത്തിച്ചു. 1996ല്‍  ആറാം അങ്കം വെറും 186 വോട്ടിനാണ് കെ.ടി. കുഞ്ഞഹമദിന്‍െറ മുന്നില്‍ പൊലിഞ്ഞത്.  അതിന് ശേഷമാണ് 2001ല്‍ മത്സരിക്കാനുള്ള പ്രഖ്യാപനം വന്ന് പിന്നീട് പിന്തിരിയേണ്ടി വന്നത്.

 മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയവരില്‍നിന്ന് മാതൃക പിന്‍പറ്റിയാണ് ചെറുപ്പം മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വളര്‍ന്നു വന്നത്. പി.പി. ഉമര്‍കോയ, സി.കെ. ഗോവിന്ദന്‍ നായര്‍, കുട്ടിമാളു അമ്മ എന്നിവരുമായി വളരെ അടുപ്പം സ്ഥാപിച്ചിരുന്നു.
പെരുവാമ്പയിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പഠിച്ച് പിന്നെ കുറ്റൂര്‍ എല്‍.പി സ്കൂളില്‍ പഠനം മുഴുമിപ്പിച്ചത് മുതല്‍ നൂറുദ്ദീന്‍ പൊതുപ്രവര്‍ത്തന രംഗത്ത് തിളങ്ങിനില്‍ക്കുന്ന യൗവനമായി.

കമ്യൂണിസ്റ്റുകളുമായുള്ള രാഷ്ട്രീയ മത്സരം അതിന്‍െറ പിരിമുറുക്കത്തില്‍ നിലകൊള്ളുന്ന കണ്ണൂര്‍ ജില്ലയിലെ സാഹചര്യം നൂറുദ്ദീനെന്ന സാത്വികന്‍െറ നിലപാടുകളെപ്പോലും പ്രക്ഷുബ്ധമാക്കിയിരുന്നതായി അനുഭവക്കുറിപ്പില്‍ വിവരിക്കുന്നു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറും കേരളത്തിലെ ഇ.എം.എസ് സര്‍ക്കാറും തമ്മിലുള്ള വടംവലിയുടെ അലയൊലികള്‍ തെരുവില്‍ സമരമായി രൂപപ്പെട്ട 1950കളില്‍ നൂറുദ്ദീന്‍ ഒരു കൊലക്കേസില്‍ പ്രതിയാവുകയും ചെയ്തു. പക്ഷെ, പിന്നീട് കുറ്റക്കാരനല്ളെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.

നൂറുദ്ദീന്‍ തന്നെയാണ്  കൊല ചെയ്തതെന്ന രീതിയില്‍ പിന്നീട് ദേശാഭിമാനിയില്‍ എ.കെ.ജിയുടെതായി വന്ന പ്രസ്താവന കോളിളക്കമുണ്ടാക്കിയ മാനനഷ്ടക്കേസായി മാറി. കെ.പി.സി.സി പ്രസിഡന്‍റ് ടി.ഒ. ബാവയും കെ. കരുണാകരനും എ.കെ. ആന്‍റണിയും ഈ പ്രസ്താവനക്കെതിരെ മാനനഷ്ടകേസ് കൊടുക്കാന്‍ നൂറുദ്ദീന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് നടന്ന കേസ് രാഷ്ട്രീയ കോളിളക്കമായിരുന്നു.  വിധി നൂറുദ്ദീന് അനുകൂലമായിരുന്നു. പിന്നീട് സുപ്രീം കോടതിവരെ ഈ കേസത്തെി.  

1959ലെ വിമോചന സമരത്തില്‍ കണ്ണൂര്‍ ജില്ലയിലെ തീപ്പൊരി പ്രാസംഗികരില്‍ ഒരാളായിരുന്നു നൂറുദ്ദീന്‍. സമരത്തിന്‍െറ ഭാഗമായി മാതമംഗലം  സബ് രജിസ്ട്രാര്‍ ഓഫിസ് പിക്കറ്റിങ് പരമ്പരക്ക് നേതൃത്വം കൊടുത്ത നൂറുദ്ദീന്‍ അറസ്റ്റ് ചെയ്യപ്പെടുകയും  22 ദിവസം ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.