തെരഞ്ഞെടുപ്പ് പരാജയം: യു.ഡി.എഫ് തെറ്റുതിരുത്തണം –മുസ്ലിംലീഗ്

കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയാതിരുന്നതാണ് യു.ഡി.എഫിന്‍െറ പ്രധാന പരാജയകാരണമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്  എന്നിവര്‍ അറിയിച്ചു. കൊടുവള്ളി, തിരുവമ്പാടി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ചും പാര്‍ട്ടിയുടെ വോട്ട് ചോര്‍ച്ച സംബന്ധിച്ചും പഠിക്കാന്‍ ഉപസമിതികളെ നിയോഗിച്ചു.
പാര്‍ട്ടി വോട്ടില്‍ വന്‍തോതില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു ഇവരും. ഫാഷിസത്തിനെതിരായ പ്രതിരോധത്തില്‍ കലവറയില്ലാതെ സമീപനമെടുക്കുന്നതരത്തില്‍ യു.ഡി.എഫ് തെറ്റ് തിരുത്തണം. ഇക്കാര്യത്തിനൊപ്പം ചില ദുരാരോപണങ്ങള്‍ കൂടിയായതോടെയാണ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ നില മോശമായത്. കൊടുവള്ളി, തിരുവമ്പാടി സീറ്റുകളിലെ പരാജയം സംബന്ധിച്ച് പഠിക്കാന്‍ അഡ്വ. യു.എ. ലത്തീഫ്, അഡ്വ. റഹ്മത്തുല്ല, അഡ്വ. കെ.എന്‍.എ. ഖാദര്‍ എന്നിവരടങ്ങിയ ഉപസമിതിയെയാണ് നിയോഗിച്ചത്.
ഗുരൂവായൂരിലെ പരാജയം സംബന്ധിച്ച് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, വി.എം. സലീം എന്നിവരടങ്ങിയ സമിതി പഠിക്കും.  വിവിധ മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ച സംബന്ധിച്ച് കെ. കുട്ടി അഹമ്മദ് കുട്ടി, പി.കെ.കെ. ബാവ, പി.എം.എ. സലാം എന്നിവരടങ്ങിയ സമിതിയും റിപ്പോര്‍ട്ട് നല്‍കും. താനൂരിലെ പരാജയം സംബന്ധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗീകരിച്ചു. ജൂലൈ രണ്ടാംവാരം ചേരുന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്ത് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും.
അതേസമയം, ലീഗിന് 18 സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലീഗിന് ബദലായി വന്ന പി.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍ട്ടി എന്നിവക്ക് ജനമനസ്സുകളില്‍ സ്ഥാനമില്ളെന്നും തെരഞ്ഞെടുപ്പ് തെളിയിച്ചു. കാന്തപുരം വിഭാഗം യു.ഡി.എഫിനോട് എടുത്ത കടുത്ത എതിര്‍പ്പ് മഞ്ചേശ്വരത്ത് അടക്കം ബി.ജെ.പിക്ക് ഗുണമുണ്ടാക്കി. ഇവരോടുള്ള ഭാവി സമീപനം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പല ഭാഗങ്ങളിലും സി.പി.എം പ്രവര്‍ത്തകര്‍ അക്രമം നടത്തുകയാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂല നിലപാടെടുത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ യോഗം അപലപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.