പാലക്കാട്ട് സി.പി.എം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത് വോട്ടുചോര്‍ച്ചയില്‍



പാലക്കാട്: സംസ്ഥാനത്താകെ വീശിയടിച്ച ഇടതുതരംഗത്തിനിടയിലും പാലക്കാട്ടെ സി.പി.എം സ്ഥാനാര്‍ഥി എന്‍.എന്‍. കൃഷ്ണദാസിന്‍െറ ദയനീയ തോല്‍വി പാര്‍ട്ടിക്ക് ആഘാതമായി. കടുത്ത ത്രികോണ മത്സരം അരങ്ങേറിയ മണ്ഡലത്തില്‍ എല്‍.ഡി.എഫില്‍നിന്നുള്ള വന്‍തോതിലുള്ള വോട്ടുചോര്‍ച്ചയാണ് ഇടതു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍ എം.പിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ കൃഷ്ണദാസിനുണ്ടായ വന്‍ പരാജയം വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കകത്ത് ചൂടേറിയ ചര്‍ച്ചക്ക് വഴിയൊരുക്കും.
ബി.ജെ.പി മുമ്പ് തന്നെ ശക്തമായ കാസര്‍കോടും മഞ്ചേശ്വരവും ഒഴിച്ചുനിര്‍ത്തിയാല്‍ സംസ്ഥാനത്ത് എന്‍.ഡി.എ രണ്ടാംസ്ഥാനത്തുവന്ന മണ്ഡലങ്ങളില്‍ പാലക്കാട്ട് മാത്രമാണ് എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ഇരട്ടിവോട്ടുകള്‍ താമരയില്‍ വീണപ്പോള്‍ യു.ഡി.എഫും പതിനായിരത്തിലധികം വോട്ടുകള്‍ അധികം നേടി. വോട്ടുചോര്‍ച്ച പൂര്‍ണമായും ഇടതുപെട്ടിയില്‍നിന്നെന്ന് ഇതില്‍നിന്ന് വ്യക്തം. 2011ല്‍ എല്‍.ഡി.എഫ് 35.81ശതമാനം (40,238) വോട്ട് നേടിയ മണ്ഡലത്തില്‍ ഇത്തവണ ഇടതിന് ലഭിച്ചത് 28.30 ശതമാനം വോട്ട് മാത്രം. ഇക്കുറി കാല്‍ലക്ഷത്തോളം വോട്ട് വര്‍ധിപ്പിച്ചിട്ടും എന്‍.എന്‍. കൃഷ്ണദാസിന് 38,675 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. സി.പി.എം കോട്ടകളായ മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് ഇതാദ്യമായി പിറകില്‍പോയി. കൃഷ്ണദാസ് 5000 വോട്ടിന്‍െറ ലീഡ് പ്രതീക്ഷിച്ച പഞ്ചായത്തുകളിലാണ് യു.ഡി.എഫ് നേട്ടമുണ്ടാക്കിയത്. പാലക്കാട് നഗരസഭയും മൂന്ന് പഞ്ചായത്തുകളും ചേര്‍ന്ന മണ്ഡലത്തില്‍ ബി.ജെ.പിക്ക് കാര്യമായി സ്വാധീനമുള്ളത് നഗരസഭയില്‍ മാത്രമായിരുന്നു. എന്നാല്‍, ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പതിമൂവായിരത്തോളം വോട്ടുകള്‍ പിടിച്ചത് നഗരസഭക്ക് പുറത്തുനിന്നാണ്. ഇതില്‍തന്നെ എല്‍.ഡി.എഫ് ശക്തിദുര്‍ഗങ്ങളായ മാത്തൂരും കണ്ണാടിയിലുമാണ് ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കിയത്. ബി.ഡി.ജെ.എസ് വഴി സി.പി.എം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയ ആസൂത്രിത നീക്കം മണ്ഡലത്തില്‍ ഒരു പരിധി വരെ വിജയം കണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംഘടനാ സംവിധാനത്തിന്‍െറ ബലഹീനതമൂലം സി.പി.എമ്മിന് ഇത് തിരിച്ചറിഞ്ഞ് പ്രതിരോധമൊരുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.ബി. രാജേഷ് 45,000 ലധികം വോട്ടും എണ്ണായിരത്തിലധികം വോട്ടിന്‍െറ ലീഡും നേടി മുമ്പിലത്തെിയ മണ്ഡലമാണ് പാലക്കാട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ലീഡ് തിരിച്ചുപിടിച്ചെങ്കിലും എല്‍.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിച്ചിരുന്നില്ല.
എന്‍.എന്‍. കൃഷ്ണദാസിന്‍െറ സ്വീകാര്യതക്ക് ഇടിവ് വന്നതും ദുര്‍ബലമായ പ്രാദേശിക ഘടകങ്ങളുമാണ് സി.പി.എമ്മിനെ ദയനീയ പരാജയത്തിലേക്ക് നയിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.