തമിഴ്നാട് നിയമസഭയില്‍ ഇടത് കക്ഷികള്‍ക്ക് പ്രാതിനിധ്യമില്ലാത്തത് ആദ്യം

കോയമ്പത്തൂര്‍: 64 വര്‍ഷം നീണ്ട തമിഴ്നാട് നിയമസഭയുടെ ചരിത്രത്തില്‍ ഇടതുകക്ഷികള്‍ക്ക് പ്രാതിനിധ്യമില്ലാതാവുന്നത് ആദ്യം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപവത്കരണം ഉണ്ടാകുന്നതിന് മുമ്പ് മദ്രാസ് പ്രസിഡന്‍സിയുടെ 1952-57 കാലഘട്ടത്തില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 63 അംഗങ്ങളുണ്ടായിരുന്നു. ’64ലെ പിളര്‍പ്പിനുശേഷം സി.പി.ഐയും സി.പി.എമ്മും ദ്രാവിഡ മുന്നണികളില്‍ ചേര്‍ന്ന് മത്സരിച്ചു. ചില തെരഞ്ഞെടുപ്പുകളില്‍ രണ്ട് കക്ഷികളും ഒരു മുന്നണിയിലും മറ്റു ചിലപ്പോള്‍ രണ്ട് കക്ഷികളും എതിര്‍ചേരികളിലായും അണിനിരന്നു.

1967ല്‍ സി.പി.ഐക്ക് രണ്ടും സി.പി.എമ്മിന് 11ഉം സീറ്റുകളുണ്ടായിരുന്നു. ’71ല്‍ സി.പി.ഐക്ക് എട്ടംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ സി.പി.എം എല്ലായിടത്തും പരാജയപ്പെടുകയായിരുന്നു. ശേഷം നടന്ന മുഴുവന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ദ്രാവിഡ കക്ഷികള്‍ക്കൊപ്പം മാറിമാറിനിന്ന് സീറ്റുകള്‍ നേടിയിരുന്നു. 2011ലെ നിയമസഭയില്‍ സി.പി.ഐക്ക് ഒമ്പതും സി.പി.എമ്മിന് പത്തും സീറ്റുകളുണ്ടായിരുന്നു. അണ്ണാ ഡി.എം.കെയോടൊപ്പം സഖ്യമുണ്ടാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

എന്നാല്‍, 2016ലെ തെരഞ്ഞെടുപ്പില്‍ രണ്ട് കക്ഷികളും മൂന്നാം മുന്നണിയില്‍ അണിനിരക്കുകയായിരുന്നു.  സി.പി.ഐ, സി.പി.എം കക്ഷികള്‍ 25 സീറ്റില്‍ വീതം മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. ഇടതു കോട്ടയായി അറിയപ്പെടുന്ന തിരുത്തുറപൂണ്ടിയില്‍ പോലും സി.പി.ഐ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 45 വര്‍ഷത്തിനുശേഷം ഡി.എം.കെ ഈ മണ്ഡലത്തില്‍ ആദ്യമായി വിജയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.