സഖ്യം പാളിയിട്ടും ‘കൈ’ വിടാതെ ബംഗാള്‍ സി.പി.എം

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടി, കോണ്‍ഗ്രസ് വോട്ടുകള്‍ സി.പി.എമ്മിന് കിട്ടിയതുമില്ല. ‘കൈയരിവാള്‍’ സഖ്യത്തില്‍ ഇടതുപക്ഷം തകര്‍ന്നതിന്‍െറ മുഖ്യ കാരണമായി സി.പി.എം വിലയിരുത്തല്‍ ഇതാണ്. കോണ്‍ഗ്രസ് മത്സരിച്ച 91 സീറ്റില്‍ 44 എണ്ണത്തില്‍ ജയിച്ചു. 203 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിനും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കുംകൂടി ലഭിച്ചത് 32 സീറ്റുമാത്രം. ചുരുങ്ങിയത്  75 സീറ്റ് സി.പി.എം പ്രതീക്ഷിച്ചിരുന്നു.  

കോണ്‍ഗ്രസ് ചതിച്ചുവെന്ന് സി.പി.എം കരുതുന്നില്ല. കോണ്‍ഗ്രസ് വോട്ട് സി.പി.എമ്മിന് കിട്ടാതെപോയത് കോണ്‍ഗ്രസ് സി.പി.എമ്മിനോളം കേഡര്‍ പാര്‍ട്ടി അല്ലാത്തതുകൊണ്ടാണെന്നാണ്  വിലയിരുത്തല്‍. കോണ്‍ഗ്രസുമായുള്ള സഹകരണം ബംഗാളിനെ സംബന്ധിച്ച് ഇനിയും പ്രസക്തമാണെന്നാണ് പരാജയശേഷം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പ്രതികരിച്ചത്. സി.പി.എമ്മും കോണ്‍ഗ്രസും കൈകോര്‍ത്തപ്പോള്‍ മമത പരാജയഭീതിയിലായി. പ്രചാരണവേളയിലെങ്കിലും മമതയെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞത് സഖ്യംമൂലമാണെന്ന് മിശ്ര ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, കോണ്‍ഗ്രസിന്‍െറ സഹായമില്ലായിരുന്നെങ്കില്‍ ഇപ്പോഴത്തെ 32 സീറ്റുപോലും ഇടതിന് അപ്രാപ്യമാണെന്നും സി.പി.എം നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ നില വെച്ചുനോക്കുമ്പോള്‍ അത് വസ്തുതയാണ്. കനത്ത പരാജയത്തിനുശേഷവും ബംഗാള്‍ നേതാക്കളാരും ‘കൈയരിവാള്‍’ സഖ്യത്തിനെതിരെ ഒന്നും പറയാത്തതിന്‍െറ സാഹചര്യവും ഇതാണ്.  

നാളിതുവരെ എതിര്‍ത്തുപോന്ന കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തീരുമാനിച്ചപ്പോള്‍ അക്കാര്യം പരസ്യമായി സമ്മതിക്കുന്നതില്‍ പാര്‍ട്ടി നടത്തിയ ഒളിച്ചുകളി ഫലത്തെ ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്. കോണ്‍ഗ്രസുമായി സീറ്റുധാരണക്ക് മാത്രമാണ് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയത്. ബംഗാളില്‍ നടപ്പായത് പൂര്‍ണസഖ്യം തന്നെയാണ്.
അരിവാള്‍-കൈപ്പത്തി ചുമരെഴുത്ത് മാത്രമല്ല, രാഹുലിനെയൂം സോണിയയെയും സി.പി.എം സ്ഥാനാര്‍ഥികള്‍ മാലയിട്ട് സ്വീകരിക്കുകയും ചെയ്തു. അപ്പോഴും കോണ്‍ഗ്രസുമായി സഖ്യമില്ളെന്നും സീറ്റുധാരണ മാത്രമാണെന്നുമാണ് നേതാക്കള്‍ ആവര്‍ത്തിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ റാലികളില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വിട്ടുനിന്നു. ‘കൈയരിവാള്‍’ സഖ്യം എത്രത്തോളമെന്ന സംശയത്തിന് ഇടനല്‍കുന്നതായിരുന്നു സി.പി.എം നേതാക്കളുടെ നടപടി. ആറാംഘട്ടം വോട്ടെടുപ്പിനുമുമ്പ് മാത്രമാണ് സി.പി.എം അത് തിരിച്ചറിഞ്ഞത്. കൊല്‍ക്കത്തയില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുക്കാന്‍ തീരുമാനിച്ചത് ഇതേതുടര്‍ന്നാണ്. അഞ്ചുഘട്ടങ്ങളിലായി 250ഓളം സീറ്റുകളില്‍ പോളിങ് കഴിഞ്ഞ ശേഷമുണ്ടായ തിരിച്ചറിവുകൊണ്ട് ഒരു കാര്യവുമുണ്ടായതുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.