സംസ്ഥാനത്ത് പ്രത്യക്ഷ ഹിന്ദുത്വ അജണ്ടയുമായി ബി.ജെ.പി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ സാമൂഹിക അന്തരീക്ഷത്തില്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതരത്തില്‍ ഹിന്ദുത്വ അജണ്ട പ്രത്യക്ഷമായി പ്രഖ്യാപിച്ച് ബി.ജെ.പി. ശനിയാഴ്ച പുറത്തിറക്കിയ എന്‍.ഡി.എയുടെ പ്രകടനപത്രികയിലാണിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ കാവിപുതച്ച വിദ്യാഭ്യാസമേഖല തന്നെയാവും കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുകയെന്ന് പ്രകടനപത്രിക പ്രഖ്യാപിക്കുന്നു.

ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ സാമുദായിക ധ്രുവീകരണത്തിന് കാരണമായ നിര്‍ബന്ധിത യോഗപഠനം,ക്ഷേത്ര ഭരണ നിയന്ത്രണം എന്നിവയെല്ലാം പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് പ്രചാരക് ആയ കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി ദേശീയ നേതൃത്വം നിയോഗിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ ഭരണമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച്  സംഘ്പരിവാര്‍ അജണ്ടകള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉന്നയിക്കുന്നത്. അതേസമയം പശ്ചിമഘട്ട സംരക്ഷണത്തിലെ ആത്മാര്‍ഥത പറഞ്ഞ് എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച ബി.ജെ.പി തങ്ങളുടെ പ്രകടനപത്രികയില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നു.

അധികാരത്തിലത്തെിയാല്‍ പാഠ്യപദ്ധതി പൂര്‍ണമായും പരിഷ്കരിക്കുമെന്നതാണ് പ്രകനപത്രികയിലെ  വാഗ്ദാനം.  15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യോഗപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും എല്‍.പി തലം മുതല്‍ എല്ലാ സ്കൂളിലും സംസ്കൃത അധ്യാപകരെ നിയമിക്കുമെന്നും വ്യക്തമാക്കുന്നു. ബി.ജെ.പി അധികാരത്തിലത്തെിയ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെല്ലാം പാഠ്യപദ്ധതിയില്‍ ഗീതാപഠനം ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ അജണ്ട നടപ്പാക്കിയിരുന്നു. മതസാമുദായിക വേര്‍തിരിവ് ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മാറാട് കേസ് സി.ബി.ഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കുമെന്ന പ്രഖ്യാപനം ഇതിന്‍െറ ചുവടുപിടിച്ചാണെന്നും സൂചനയുണ്ട്.

ഇതുവരെ സംസ്ഥാനത്ത് ഉന്നയിക്കാന്‍ മുതിരാതിരുന്ന വിഷയങ്ങള്‍ എന്‍.ഡി.എയുടെ ബാനറിലാണ് ബി.ജെ.പി അവതരിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സംഘ്പരിവാര്‍ കൂടാരത്തിലേക്ക് എത്തിച്ചതിന്‍െറയും അദ്ദേഹത്തെക്കൊണ്ട് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിച്ചതിന്‍െറയും തുടര്‍ച്ചയാണിത്. കെ.പി.എം.എസ്, യോഗക്ഷേമ സഭ എന്നിവ ചേര്‍ന്ന് രൂപവത്കരിച്ച ബി.ഡി.ജെ.എസ്, മറ്റ് സാമുദായിക സംഘടനകള്‍ എന്നിവയും സഖ്യകക്ഷിയായി. സി.കെ. ജാനുവിന്‍െറ ജനാധിപത്യ രാഷ്ട്രീയസഭയും എന്‍.ഡി.എയില്‍ അംഗമായതോടെ ഹിന്ദുത്വ രാഷ്ട്രീയം പച്ചക്ക് പറയാന്‍ ലൈസന്‍സ് ലഭിച്ചെന്ന ആത്മബലത്തിലാണ് ബി.ജെ.പി. സമൂഹത്തിലെ വിവിധ സാമുദായിക പ്രാതിനിധ്യത്തിന്‍െറ മറവില്‍ക്കൂടിയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്‍െറ മറനീക്കല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.