അടൂര്‍ പ്രകാശിന് ടിക്കറ്റ് കിട്ടാനിടയില്ല

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പേരുവെട്ടിയ സിറ്റിങ് എം.എല്‍.എമാരായ അഞ്ചു പേര്‍ക്കും ഒരുപോലെ ഇക്കുറി തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാനിടയില്ല. കടുത്ത ആരോപണം നേരിടുന്ന മന്ത്രി അടൂര്‍ പ്രകാശ്, ഇരിക്കൂര്‍ മണ്ഡലത്തിലെ യുവാക്കളുടെ എതിര്‍പ്പു നേരിടുന്ന മന്ത്രി കെ.സി. ജോസഫ്, പ്രാദേശിക തലത്തില്‍ അനഭിമതനായി മാറിയ പാറശാലയിലെ എ.ടി. ജോര്‍ജ് എന്നിവര്‍ക്ക് മാറി നില്‍ക്കേണ്ടി വന്നേക്കും. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ സമ്മര്‍ദമുള്ളതിനാല്‍ കെ. ബാബു, ബെന്നി ബഹനാന്‍ എന്നിവര്‍ക്ക് ടിക്കറ്റ് ലഭിക്കും.

യു.ഡി.എഫ് ഭരണം നല്ലപങ്കും വിവാദങ്ങളിലൂടെയാണ് മുന്നോട്ടു നീങ്ങിയതെന്നിരിക്കെ, വോട്ടര്‍മാര്‍ക്ക് പാര്‍ട്ടിയുടെ തിരുത്തല്‍ സന്ദേശം നല്‍കുന്ന പട്ടികയാണ് ഉണ്ടാകേണ്ടതെന്നാണ് വി.എം. സുധീരന്‍െറ നിലപാട്. ആരോപണവിധേയരും നിരന്തര മത്സരക്കാരും അതേപടി പട്ടികയില്‍ വീണ്ടും ഇടംപിടിച്ചാല്‍ വോട്ടര്‍മാരുടെ രോഷം ഏറ്റുവാങ്ങേണ്ട സ്ഥിതി വരും. ഈ കാഴ്ചപ്പാട് പൂര്‍ണമായി തള്ളിക്കളയാന്‍ ഹൈകമാന്‍ഡ് തയാറല്ല. ഈ നിലപാടിനോട് മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിക്കും എതിര്‍പ്പില്ല.

സുധീരന്‍െറയും ഉമ്മന്‍ ചാണ്ടിയുടെയും നിലപാടുകള്‍ ഭാഗികമായി അംഗീകരിക്കുന്ന മധ്യപാതയാണ് നേതൃത്വം പരിഗണിക്കുന്നത്. സുധീരന്‍െറ നിലപാട് പൂര്‍ണമായി തഴയപ്പെട്ടാല്‍ എ-ഐ ഗ്രൂപ്പുകാര്‍ക്കു മാത്രമല്ല, ഹൈകമാന്‍ഡിലുള്ളവര്‍ക്കും പഴി കേള്‍ക്കേണ്ടി വരും. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ യു.ഡി.എഫിനെ കടുത്ത പ്രതിസന്ധിയിലാക്കിയ വിവാദ തീരുമാനങ്ങള്‍ വഴി, ആദ്യം പട്ടികക്ക് വെളിയിലാകുന്നത് മന്ത്രി അടൂര്‍ പ്രകാശായിരിക്കും.

പലവട്ടം മത്സരിച്ച കെ.സി. ജോസഫിനെ മാറ്റിനിര്‍ത്തി യുവാക്കളെ തൃപ്തിപ്പെടുത്തണമെന്ന കാഴ്ചപ്പാടും ശക്തം. വേറിട്ട വിമര്‍ശം നേരിടുന്ന എ.ടി. ജോര്‍ജിനെ മാറ്റിനിര്‍ത്തുന്നതിനോട് പൊതുവെ ആര്‍ക്കും കാര്യമായ എതിര്‍പ്പില്ല. ഉന്നയിക്കുന്ന ആവശ്യം ഭാഗികമായി അംഗീകരിക്കപ്പെട്ടാല്‍ പോലും സുധീരന് കിട്ടുന്ന മൈലേജ് വളരെ വലുതാണ്. തല്‍ക്കാലം രോഷം കടിച്ചമര്‍ത്തുന്ന എതിര്‍പക്ഷം, സുധീരനെതിരെ തെരഞ്ഞെടുപ്പിനു ശേഷം സംഘടിതമായി നീങ്ങാന്‍ കോപ്പു കൂട്ടുന്നുണ്ട്. അതിനെ അതിജീവിക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് സുധീരനെ കാത്തിരിക്കുന്നത്.

സീറ്റു നല്‍കുന്നതില്‍ പൊതു മാനദണ്ഡം കൊണ്ടുവരുന്നതടക്കം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം നോമിനേഷന്‍ നല്‍കേണ്ട സമയത്ത് പരസ്യമായി പറഞ്ഞ് ഒരുപറ്റം എം.എല്‍.എമാരെ അപമാനിക്കുകയും പ്രതിപക്ഷത്തിന് വടി കൊടുക്കുകയും ചെയ്തുവെന്ന കുറ്റപ്പെടുത്തലാണ് സുധീരനെതിരെ പ്രമുഖ നേതാക്കള്‍ നടത്തുന്നത്. ജയസാധ്യതയാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് അവര്‍ വിശ്വസിക്കുന്നു. സുധീരന്‍െറ സൈദ്ധാന്തിക -അക്കാദമിക -ധാര്‍മിക നിലപാടുകള്‍ തെരഞ്ഞെടുപ്പു കാലത്ത് ‘വേവുന്നതല്ല’ എന്നു കുറ്റപ്പെടുത്തുമ്പോള്‍ തന്നെ, ഈ ഘട്ടത്തില്‍ ഏതാനും പേരെ മാറ്റിനിര്‍ത്താതെ രക്ഷയില്ളെന്ന് തുറന്നുപറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.