സ്ഥാനാര്‍ഥി നിര്‍ണയം: കുരുക്കുകളില്‍ കുഴങ്ങി സി.പി.എം; വി.എസിനും എതിര്‍പ്പ്

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപ്രതീക്ഷിത കുരുക്കുകള്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് തലവേദനയാവുന്നു. ജില്ലാതലത്തില്‍  നിര്‍ദേശിച്ച സാധ്യതാ സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രാദേശിക തലത്തിലുയര്‍ന്ന എതിര്‍പ്പ് നിലനില്‍ക്കുന്നതാണ് വെല്ലുവിളിയാവുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം അദ്ദേഹം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചെന്നാണ് സൂചന. ചില മണ്ഡലങ്ങളില്‍ പരിഗണിക്കുന്നവരെക്കെുറിച്ചും  മുന്നണിയുമായി സഹകരിക്കുന്ന ചില കക്ഷികളിലെ നേതാക്കളുടെ കാര്യത്തിലുമാണ് അദ്ദേഹത്തിന്‍െറ വിയോജിപ്പ്. ആര്‍. ബാലകൃഷ്ണപിള്ള, ആന്‍റണി രാജു, എം.വി. നികേഷ്കുമാര്‍, വീണാ ജോര്‍ജ് തുടങ്ങിയവരുടെ കാര്യത്തില്‍ വി.എസ് അഭിപ്രായഭിന്നത അറിയിച്ചു. പിള്ളയുടെ പിന്മാറ്റം ഇതിനു പിന്നാലെയായിരുന്നു.  ഇടതുപക്ഷ രാഷ്ട്രീയമുള്ളവരെ വേണം പരിഗണിക്കാന്‍ എന്ന നിലപാടാണ് വി.എസിന്.
വടക്കാഞ്ചരിയില്‍  ധാരണയായ  കെ.പി.എ.സി ലളിതയുടെ പിന്മാറ്റവും തിരിച്ചടിയായി. എതിര്‍പ്പുകളെ വകവെക്കുന്നില്ളെന്ന സമീപനം ലളിതയില്‍നിന്നുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥിത്വത്തിന് പച്ചക്കൊടി വീശിയത്.

ഞായറാഴ്ച തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ അടക്കമുള്ള നേതാക്കള്‍ അവരെ സന്ദര്‍ശിച്ച് ഒൗദ്യോഗികമായി അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, ശാരീരിക അവശതയും ഷൂട്ടിങ് ഷെഡ്യൂളിലെ തിരക്കും ചൂണ്ടിക്കാട്ടി അവര്‍ പെട്ടെന്ന് പിന്നാക്കം പോവുകയായിരുന്നു. തീരുമാനം പുന$പരിശോധിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. അതുകൊണ്ടുതന്നെ ഒൗദ്യോഗികമായി വിവരം സ്ഥിരീകരിക്കേണ്ടതില്ളെന്നാണ് പാര്‍ട്ടി നിലപാട്. സ്ഥാനാര്‍ഥിയെ ചൊല്ലി വര്‍ക്കല, അരുവിക്കര, തിരുവനന്തപുരം, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, ആറന്മുള, കോന്നി, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, തൃക്കാക്കര, പൂഞ്ഞാര്‍, തൃത്താല, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളിലെ  പ്രശ്നങ്ങള്‍ തുടരുകയാണ്.

പരിഗണിക്കപ്പെടുന്നവര്‍ക്കെതിരെ  പോസ്റ്റര്‍ ഒട്ടിക്കലും പരസ്യ പ്രകടനവും തടയാന്‍ ജില്ലാ തലത്തില്‍  കഴിഞ്ഞില്ല. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന  ജില്ലാ സെക്രട്ടേറിയറ്റ് വിളിച്ച് ചേര്‍ക്കാന്‍ തുടങ്ങി. എറണാകുളത്ത് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംബന്ധിച്ച  ജില്ലാ നേതൃയോഗം നടന്നു. സംസ്ഥാന നേതാക്കള്‍ ചേരിതിരിഞ്ഞ് പോരടിക്കുന്ന കായംകുളത്തെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയും വര്‍ക്കലയിലും അരുവിക്കരയിലും  എതിര്‍പ്പ് തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും വീണ്ടും ചേരും.

കൊല്ലത്ത് നടന്‍ മുകേഷ് സമ്മതം പറഞ്ഞുവെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്. ആറന്മുളയില്‍ വിമാനത്താവള പദ്ധതിക്ക് എതിരെ നിലകൊണ്ടവരെയുള്‍പ്പെടെ തഴഞ്ഞ് ക്രൈസ്തവ സഭാ ഭാരവാഹിയുടെ  ഭാര്യയായ മാധ്യമപ്രവര്‍ത്തകയെ പരിഗണിക്കുന്നതിലുള്ള എതിര്‍പ്പിലും മാറ്റമുണ്ടായിട്ടില്ല. അച്ചടക്ക നടപടിപോലും വകവെക്കാതെയാണ് എതിര്‍പ്പുകള്‍. അഴീക്കോട് സീറ്റ് ആഗ്രഹിക്കുന്ന നികേഷ്കുമാറിന്‍െറ കാര്യത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി കുടുംബങ്ങളെ അഭിമുഖീകരിക്കുകയാവും പ്രശ്നം.

പൂഞ്ഞാറില്‍ സി.പി.എം നേതൃത്വത്തിലെ ഒരു വിഭാഗത്തിന് താല്‍പര്യമുണ്ടെങ്കിലും ബാഹ്യ ഇടപെടല്‍ മൂലം പി.സി. ജോര്‍ജിന്‍െറ സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്വത്തിലാണ്. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെയും അനുനയിപ്പിക്കേണ്ടതിനാല്‍ പരിഹാരം എല്‍.ഡി.എഫിന്‍െറ മുന്നിലേക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസില്‍നിന്നുള്ള നേതാവിന് വേണ്ടി തന്നെ തഴയുമോയെന്ന ആശങ്ക ജോര്‍ജിനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.