തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ അരങ്ങേറുന്നത് അതിന്‍െറ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത സംഭവവികാസങ്ങള്‍. കമ്മിറ്റികള്‍ക്കുള്ളിലേക്ക് വെളിച്ചം വീണിട്ടില്ളെങ്കിലും അകത്ത് നടക്കുന്നതിന്‍െറ ശബ്ദം പുറത്ത് കേട്ടുതുടങ്ങി. ഇതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ തെളിയിക്കുന്നതും. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെതിരെ തലസ്ഥാനത്ത് എ.കെ.ജി സെന്‍ററിലേക്ക് നടന്ന പ്രകടനം പൊതുസമൂഹത്തെ ഞെട്ടിച്ചിരുന്നു. ശത്രുവായി കണ്ടാണ് അതില്‍ പങ്കാളിയായ അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തത്.
ഇന്ന് സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് സി.പി.എമ്മിന്‍െറ സംസ്ഥാനത്തെ ഏറ്റവും വലിയ ഘടകമായ സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനത്തെതന്നെ ഏറ്റവും കീഴ്ഘടകങ്ങളിലുള്ളവര്‍പോലും നിരത്തിലിറങ്ങി ചോദ്യം ചെയ്യുന്നതാണ് കാണുന്നത്. തങ്ങള്‍ക്കുവേണ്ടവരെ സ്ഥാനാര്‍ഥികളായി നിര്‍ദേശിക്കുകയാണ് നിയോജകമണ്ഡലം കമ്മിറ്റികളും അണികളും. നേതൃത്വത്തിന്‍െറ മാര്‍ഗനിര്‍ദേശത്തെതന്നെ തള്ളുന്നതിന് തുല്യമാണിത്. നേതൃത്വം ഏകദേശം അംഗീകാരം നല്‍കിയ സാധ്യതാ സ്ഥാനാര്‍ഥികള്‍ക്ക് എതിരെ പോസ്റ്ററുകള്‍, ജാഥകള്‍, മുദ്രാവാക്യങ്ങള്‍ തുടങ്ങി സാധ്യമായ എല്ലാ പ്രതികരണമാര്‍ഗവും പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും പ്രയോഗിക്കുകയാണ്. അണികളുടെ രോഷപ്രകടനത്തില്‍നിന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍വരെ ആരും ഒഴിച്ച് നിര്‍ത്തപ്പെടുന്നില്ല.
വര്‍ക്കല, അരുവിക്കര, കൊല്ലം, ആറന്മുള, കായംകുളം, ചെങ്ങന്നൂര്‍, തൃപ്പൂണിത്തുറ, പൂഞ്ഞാര്‍, ഇരിങ്ങാലക്കുട, ബേപ്പൂര്‍, പയ്യന്നൂര്‍, വടക്കാഞ്ചേരി, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി പോസ്റ്റര്‍ യുദ്ധവും പ്രകടനങ്ങളും അരങ്ങേറിക്കഴിഞ്ഞു. മത്സരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ അഞ്ചാക്കി ചുരുക്കിയതിനും പ്രായപരിധി കണക്കിലെടുത്തും ജില്ലാ സെക്രട്ടറി ആയതിനാലും ഒഴിവാക്കിയതിനും എതിരെ പരസ്യമായ രോഷപ്രകടനമാണ് നടക്കുന്നത്.
തിരുവനന്തപുരത്ത് വര്‍ക്കലയിലും അരുവിക്കരയിലും ജില്ലാ നേതൃത്വത്തിന്‍െറ പട്ടിക ആകെ തള്ളി പകരം സ്ഥാനാര്‍ഥികളെ മണ്ഡലം കമ്മിറ്റികള്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ നേതൃത്വത്തിന്‍െറ നടപടിക്കെതിരെ രൂക്ഷവിമര്‍ശമാണ് അരങ്ങേറിയത്. കൊല്ലത്ത് പി.കെ. ഗുരുദാസനുപകരം ചില പേരുകള്‍ ഉയര്‍ന്നപ്പോള്‍തന്നെ പോസ്റ്റര്‍ ഇറങ്ങി. ചലച്ചിത്രതാരം മുകേഷിന്‍െറ പേര് പരിഗണിച്ച് രോഷം അടക്കാനുള്ള ശ്രമം ഫലവത്തായിട്ടില്ല. വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിതക്കും സമാന അനുഭവമാണ്. ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തകയെ ഇറക്കാനുള്ള ശ്രമത്തിനെതിരെ പത്തനംതിട്ടയില്‍ പരസ്യപ്രകടനം നടന്നു. കോന്നിയിലും സ്ഥിതിയില്‍ മാറ്റമില്ല. കായംകുളത്ത് സംസ്ഥാന സമിതി അംഗങ്ങള്‍ തമ്മിലാണ് പോര് രൂക്ഷം. തൃപ്പൂണിത്തുറയില്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെ അല്ലാതെ മറ്റൊരാളെ അംഗീകരിക്കില്ളെന്ന വാശിയിലാണ് പ്രവര്‍ത്തകര്‍.
ഇരിങ്ങാലക്കുടയില്‍ നേതൃത്വത്തിന്‍െറ കണ്ണിലെ കരടായ ടി. ശശിധരനുവേണ്ടിയാണ് അണികള്‍. പയ്യന്നൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ച സി.ഐ.ടി.യു നേതാവിനെ തള്ളി. കുന്നത്ത്നാട്ടില്‍ ആരോപണ വിധേയനായ മുന്‍ കോണ്‍ഗ്രസ് നേതാവിന്‍െറ പേര് ഉയര്‍ന്നപ്പോഴേ ബഹളം വന്നു. സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ളെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇപ്പോള്‍ നടക്കുന്നത് പ്രാഥമികതല അഭിപ്രായ രൂപവത്കരണം മാത്രമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥിത്വത്തിലെ പ്രശ്നത്തോടൊപ്പം ഈ ‘സഖാക്കളുടെ’ സ്വഭാവത്തിലെ വ്യതിയാനങ്ങളും ചര്‍ച്ചയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.