വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുംമുമ്പുതന്നെ തിരുവനന്തപുരം ജില്ലയില്‍ വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം മാസ്റ്റര്‍ പ്ളാന്‍ വിഷയത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കാളിയായ അക്രമവും രാഷ്ടീയ പ്രചാരണവും സൂചിപ്പിക്കുന്നത് ഇതാണ്.

ബി.ജെ.പിയുടെ നാല് മുതിര്‍ന്ന സംസ്ഥാന നേതാക്കളാണ് തിരുവനന്തപുരം ജില്ലയില്‍ മത്സരിക്കുന്നത്. ഒ. രാജഗോപാല്‍ (നേമം), കുമ്മനം രാജശേഖരന്‍  (വട്ടിയൂര്‍ക്കാവ്), പി.കെ. കൃഷ്ണദാസ് (കാട്ടാക്കട), വി. മുരളീധരന്‍ (കഴക്കൂട്ടം) എന്നീ നേതാക്കളെ തീരുമാനിച്ചിട്ടും പ്രതീക്ഷിച്ച ഓളം സൃഷ്ടിക്കാനായില്ളെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതിനിടെയാണ് മാസ്റ്റര്‍ പ്ളാന്‍ പ്രശ്നം ഉണ്ടായത്.

മൂന്ന് നഗരസഭകളെ ബാധിക്കുന്നതാണ് മാസ്റ്റര്‍ പ്ളാന്‍ വിഷയം. എന്നിട്ടും കഴക്കൂട്ടത്ത് ഒഴികെ സമാന പ്രക്ഷോഭത്തിന് ബി.ജെ.പി തയാറായില്ല. ഒരു വര്‍ഷത്തിലധികമായി കഴക്കൂട്ടം കേന്ദ്രീകരിച്ച് വി. മുരളീധരന്‍െറ നേതൃത്വത്തില്‍ തയാറെടുപ്പ് നടത്തിവരുകയായിരുന്നു. കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്ത കഴക്കൂട്ടം-കാരോട് ദേശീയപാത വികസനത്തിന്‍െറ ശിലാഫലകത്തില്‍ ജനപ്രതിനിധി അല്ലായിരുന്നിട്ടും വി. മുരളീധരന്‍െറ പേര് ഉള്‍പ്പെടുത്തിയത് ഇതിന്‍െറ ഭാഗമായിരുന്നു.
കഴക്കൂട്ടത്ത് പൊലീസിന്‍െറ വിലക്ക് ലംഘിച്ച് നേതാക്കള്‍ സംഘര്‍ഷസ്ഥലത്തേക്ക് പോയതാണ് പ്രശ്നം വഷളാക്കിയതെന്ന അഭിപ്രായമാണ് പൊലീസിന്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുമുമ്പ് വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കുന്ന സംഘ്പരിവാര്‍ തന്ത്രം പയറ്റാനുള്ള ശ്രമമാണ് നടന്നതെന്ന ആക്ഷേപമുണ്ട്. മാസ്റ്റര്‍ പ്ളാനുമായി ബന്ധപ്പെട്ട് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമം പിന്നാലെ ആരംഭിച്ചു. പദ്ധതി ഏറെയും ബാധിക്കുന്നത് പ്രദേശത്തെ ഹൈന്ദവജനതയെയാണെന്നും അവരുടെ ആരാധനാലയങ്ങളും ജീവനോപാധികളും നിരാധാരമാക്കുന്ന പദ്ധതിയാണിതെന്നും ബുധനാഴ്ച പാര്‍ട്ടി ജിഹ്വയില്‍ എഡിറ്റോറിയല്‍ എഴുതി. വീടുവീടാന്തരം ഈ പ്രചാരണം നടത്താനാണ് സംഘ്പരിവാര്‍ ലക്ഷ്യം. ഇതിലൂടെ ജില്ലയിലൊട്ടാകെ ഭൂരിപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം സാധ്യമാവുമെന്നും കണക്കുകൂട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.