വി.എസും വിജയനും

വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുകയാണ്, പാര്‍ട്ടി അങ്ങനെ തീരുമാനിച്ചു. ഒരിക്കലും യാഥാര്‍ഥ്യമാകില്ളെന്ന് കരുതിയത് കണ്‍മുന്നില്‍ തെളിയുന്നതിന്‍െറ ഞെട്ടല്‍ പലര്‍ക്കുമുണ്ട് . ഒരു മനസ്സോടെ ഇരുവരും പ്രവര്‍ത്തിച്ച 1996 ലാണ് ഇവര്‍ ഒരുമിച്ച് അവസാനമായി മത്സരിച്ചത്. അന്ന് പയ്യന്നൂരില്‍ പിണറായി  28078 വോട്ടിന് ജയിച്ചപ്പോള്‍ വി.എസ് മാരാരിക്കുളത്ത് തോറ്റു-1965 വോട്ടിന്.  പിന്നീട് കാലം മാറി, പിണറായിയുടെ നിലപാടിന് വി.എസ് എതിരായി. പിന്നീടുള്ളത് ചരിത്രം. നേതൃത്വവും വി.എസും പരസ്പരം നല്‍കിയ പരാതികളില്‍ പി.ബി കമീഷനെ നിയോഗിച്ച നേതൃത്വംതന്നെ ഒടുവില്‍ ഇപ്പോള്‍ രണ്ടുപേരെയും ഒരുമിച്ച് കളത്തിലിറക്കുന്നു.

യൗവനാരംഭത്തില്‍ സി.പി.എമ്മിലേക്ക് കടന്നുവന്നവര്‍ ഇപ്പോള്‍  മധ്യാഹ്നത്തിന്‍െറ നടപ്പിലാണ്-കൃത്യമായി പറഞ്ഞാല്‍ 1998 ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിനു ശേഷം പാര്‍ട്ടിയിലേക്ക് കടന്നുവന്നവര്‍. ചിലര്‍ക്ക് ആഭ്യന്തര കലഹത്തില്‍ പരിക്കേറ്റു. മറ്റുചിലര്‍ മടുത്ത് രാഷ്ട്രീയ ജീവിതത്തോട് വിടപറഞ്ഞു. പക്ഷേ, ഒരിക്കലും യാഥാര്‍ഥ്യമാകില്ളെന്ന് കരുതിയത് കണ്‍മുന്നില്‍ തെളിയുന്നതിന്‍െറ ഞെട്ടലിലാണ് അവരെല്ലാം, സി.പി.എംതന്നെയും.

വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുകയാണ്. പാര്‍ട്ടി അങ്ങനെ തീരുമാനിച്ചു. വി.എസും പിണറായിയും ആയതിനാല്‍ ഒൗദ്യോഗികമായി പറയാതെ ആരും വിശ്വസിക്കില്ല. ഒരു മനസ്സോടെ ഇരുവരും പ്രവര്‍ത്തിച്ച 1996 ലാണ് രണ്ടുപേരും ഒരുമിച്ച് അവസാനമായി മത്സരിച്ചത്. അന്ന് പയ്യന്നൂരില്‍ പിണറായി 28078 വോട്ടിന് ജയിച്ചപ്പോള്‍ വി.എസ്  മാരാരിക്കുളത്ത് തോറ്റു-1965 വോട്ടിന്. 1970 ലും ‘91 ലും ഇരുവരും ഒരുമിച്ച് എം.എല്‍.എമാരായി ഉണ്ടായിരുന്നു. 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ പിണറായി രണ്ടു വര്‍ഷം വൈദ്യുതി- സഹകരണ മന്ത്രിയായപ്പോള്‍ 2006 മേയ് മുതല്‍ അഞ്ച് വര്‍ഷം വി.എസ് മുഖ്യമന്ത്രിയായി. 1980-1992 വരെയുള്ള 12 വര്‍ഷമാണ് സംസ്ഥാന സെക്രട്ടറിയായി വി.എസ് സി.പി.എമ്മിനെ നയിച്ചത്. പിണറായി 1998-2015 വരെ 17 വര്‍ഷവും.

ഒരാള്‍ക്ക് 93ന്‍െറ ചെറുപ്പം. മറ്റൊരാള്‍ക്ക് 72 ന്‍െറ നടത്തം. വാശിക്ക് കടുകട്ടി അങ്ങോട്ടും ഇങ്ങോട്ടും നീങ്ങില്ല ഇരുവരും. മാധ്യമ സിന്‍ഡിക്കേറ്റ് വിവാദത്തില്‍ 2007 ല്‍ രണ്ടുപേരും പി.ബിയില്‍നിന്ന് സസ്പെന്‍ഷന്‍ ഏറ്റുവാങ്ങിയത്  ഉദാഹരണം. ഇഷ്ടികകൊണ്ട് കാര്‍ട്ടൂണിസ്റ്റുകള്‍ മുഖം വരച്ചിരുന്ന ഒരു കാലം വി.എസിനും കാറ്റ് പിടിക്കാത്ത കല്ലിന്‍െറ ഉപമ പ്രാസംഗികര്‍ അണിയിച്ചത് പിണറായിക്കും മാത്രം സ്വന്തം. രണ്ടു പേരെയും ഒപ്പം നിര്‍ത്തി  സി.പി.എം ഇത്തവണ എല്ലാ എതിരാളികള്‍ക്കും വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് അവശേഷിക്കുന്ന ഏക സി.പി.എമ്മുകാരന്‍. പുന്നപ്ര-വയലാര്‍ സമരത്തിന്‍െറ സ്മാരകമായി കാല്‍വെള്ളയില്‍ ബയണറ്റ് ആഴ്ന്നിറങ്ങി. 1967, ’70, ’91, 2001, ’06 ല്‍ എം.എല്‍.എ.  1964 ല്‍ സി.പി.എം രൂപവത്കരിച്ചപ്പോള്‍തന്നെ കേന്ദ്ര കമ്മിറ്റി അംഗം. പിന്നാലെ ചൈനീസ് യുദ്ധകാലത്ത്  1965ല്‍ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 1985 ല്‍ പി.ബിയിലേക്ക്. 1998 ലെ പാലക്കാട് സമ്മേളനത്തില്‍ സി.ഐ.ടി.യു ലോബിയെ വെട്ടിനിരത്തി. ഒപ്പം പിണറായി അടക്കമുള്ളവര്‍ നിന്നു. വൈരനിര്യാതന ബുദ്ധിയോടുള്ള നടപടി എന്നാണ് കേന്ദ്ര നേതൃത്വം ഇതിനെ വിശേഷിപ്പിച്ചത്. പിറകെ ശാസന ഏറ്റുവാങ്ങി. പിന്നീട് പിണറായുടെ നിലപാടിനെതിരെ . 2005 ലെ മലപ്പുറം സമ്മേളനത്തില്‍ താന്‍ നിര്‍ത്തിയ 12 പേര്‍ വെട്ടി നിരത്തപ്പെട്ടത് കണ്ടുനില്‍ക്കേണ്ടി വന്നു വി.എസിന്. പാലക്കാട് കൊടുത്തത് മലപ്പുറത്ത് കിട്ടിയ കാവ്യനീതി. എ.ഡി.ബി വായ്പ, പി.ഡി.പി ബാന്ധവം, എസ്.എന്‍.സി ലാവലിന്‍, ടി.പി വധം, സോളാര്‍ സമരം... വി.എസിന് ആവനാഴിയില്‍ അമ്പൊടുങ്ങിയില്ല. പലതും നേതൃത്വത്തെ എതിരാളികള്‍ക്ക് നിര്‍ത്തിപ്പൊരിക്കാന്‍ പാകത്തിലായിരുന്നു. ലാവലിന്‍ കേസിലെ പാര്‍ട്ടി വിരുദ്ധതക്ക് 2009 ജൂലൈ 11ന് പി.ബിയില്‍നിന്ന് നീക്കി. അതിനിടയിലും പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കേയിസ്റ്റ് എന്ന് ആക്ഷേപിച്ചു. ശാസന മാത്രം നല്‍കാനേ നേതൃത്വത്തിന് കഴിഞ്ഞുള്ളൂ.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് പ്രായാധിക്യം പറഞ്ഞ് കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവ് മാത്രമാക്കി. അപ്പോഴും പ്രായമായെന്ന് പാര്‍ട്ടിക്ക് തോന്നിയാല്‍ എന്തുചെയ്യുമെന്ന പരിഭവമായിരുന്നു വി.എസിന്. 24 വയസ്സില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എത്തിയ പിണറായിക്ക് 1970 ല്‍ ആദ്യമായി എം.എല്‍.എ ആയപ്പോള്‍ 26 വയസ്സായിരുന്നു. 1970, ’77, ’91, ’96 ല്‍ എം.എല്‍.എ. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മര്‍ദനം. ചോര പുരണ്ട ഷര്‍ട്ട് ഉയര്‍ത്തി നിയമസഭയില്‍ പ്രസംഗിച്ച വീര്യം. ’96 ല്‍  മന്ത്രിയായി. 1998 ല്‍ ചടയന്‍ ഗോവിന്ദന്‍ മരിച്ചപ്പോള്‍ ഏറ്റെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞത് 2005 ല്‍.
സെക്രട്ടറിയാവുമ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മാത്രം. കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി, പി.ബിയിലേക്ക് സ്ഥാനക്കയറ്റം. പാര്‍ട്ടിയെ ശ്വാസംമുട്ടിച്ച വിഭാഗീയതക്ക് ഒട്ടുമിക്കവാറും അന്ത്യംകുറിച്ച നേതാവ് എന്ന് ഓര്‍ക്കാനാണ് പാര്‍ട്ടികാര്‍ക്ക് ഇഷ്ടം. വിഭാഗീയത അവസാനിച്ചപ്പോഴും പക്ഷേ, വി.എസ് ഒരു കീറാമുട്ടിയായി നിന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നടന്നില്ല. സെക്രട്ടറി പദം ഒഴിയുന്ന 2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന്‍െറ തലേദിവസം വി.എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവമാണെന്ന് വരെ സംസ്ഥാന നേതൃത്വത്തെ അത് കൊണ്ടത്തെിച്ചു. ഇറങ്ങിപ്പോയ വി.എസാണ് ഇപ്പോള്‍ കാറ്റ് പിടിക്കാതെ നില്‍ക്കുന്നത്.   രണ്ട് പതിറ്റാണ്ടിന് ശേഷം പാര്‍ലമെന്‍ററി രംഗത്തേക്ക് പ്രവേശിക്കാന്‍ പിണറായിക്ക് സി.പി.എം പരവതാനി വിരിക്കുമ്പോഴും വി.എസ് നിന്നേടത്തുതന്നെ. ഒരങ്കത്തിന് കൂടി ബാല്യം ഉണ്ടെന്ന മട്ടില്‍. നേതൃത്വവും വി.എസും പരസ്പരം നല്‍കിയ പരാതികളില്‍ പി.ബി കമീഷനെ നിയോഗിച്ച നേതൃത്വംതന്നെ ഒടുവില്‍ ഇപ്പോള്‍ രണ്ടു പേരെയും ഒരുമിച്ച് കളത്തിലിറക്കുന്നതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.