ബാറും ക്വാറിയുമില്ല; പിന്നെ എവിടുന്നെടുത്ത് ചെലവാക്കാന്‍?

കൊച്ചി: ‘കേന്ദ്രത്തില്‍ ഭരണമില്ല; ബാറും ക്വാറിയും പൂട്ടി; പിന്നെ എവിടെ നിന്നെടുത്ത് ചെലവ് നടത്തും?’ താഴേ തട്ട് മുതല്‍ ഇടികൂടി സ്ഥാനാര്‍ഥി കുപ്പായം ഉറപ്പിച്ചയാളുടേതാണ് ചോദ്യം. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവര്‍ ഇനിയുള്ള രണ്ടരമാസം നടത്തേണ്ട ചെലവുകള്‍ ഓര്‍ത്ത് ഇപ്പോഴേ ആധികൊള്ളുകയാണ്.
ഏപ്രില്‍ 29വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം. മണ്ഡലം അരിച്ചുപെറുക്കി കിട്ടാനിടയുള്ള മുഴുവന്‍ വോട്ടും ചേര്‍ക്കണം. സ്ഥലത്തില്ലാത്ത എതിരാളിയുടെ പേര് പട്ടികയില്‍ നിന്ന് നീക്കുകയും വേണം. ബൂത്തില്‍ നല്ല പരിചയമുള്ളവര്‍ക്കേ ഇതിനൊക്കെ സാധ്യമാകൂ. ഓരോ നിയമസഭാ  മണ്ഡലത്തിലും ശരാശരി 150 ബൂത്ത് കമ്മിറ്റികളെങ്കിലും ഉണ്ടാകും. ഈ കമ്മിറ്റികള്‍ക്ക് ചുരുങ്ങിയത് 5000 രൂപ വീതമെങ്കിലും നല്‍കിയാലേ രംഗത്തിറങ്ങൂ.

29ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായാലുടന്‍ സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയുമായി വീടുകള്‍ കയറിയിറങ്ങണം. ഈ ഘട്ടത്തിലും നല്‍കണം ബൂത്ത് കമ്മിറ്റികള്‍ക്ക് 5000 രൂപ വീതം. പിന്നെ സ്ഥാനാര്‍ഥി പര്യടനത്തിനും നല്‍കണം ഇതേ തുക. വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് സ്ളിപ് വിതരണം തുടങ്ങും. അപ്പോഴും നല്‍കണം വട്ടച്ചെലവിനുള്ള തുക. വോട്ടെടുപ്പിന് തലേന്നാള്‍ കൃത്യമായി തുകയത്തെിയാലേ പോളിങ് ദിവസം രാവിലെ ബൂത്തുകള്‍ക്ക് സമീപം പ്രവര്‍ത്തകരുണ്ടാവൂ. ഇങ്ങനെ അഞ്ച് ഘട്ടമായി ബൂത്തുകമ്മിറ്റികള്‍ക്ക് നല്‍കാന്‍തന്നെ വേണം 30 ലക്ഷം രൂപയെങ്കിലും. ഇതുകൂടാതെ മണ്ഡലം പ്രസിഡന്‍റുമാരെയും ബ്ളോക്ക് പ്രസിഡന്‍റുമാരെയും ചെല്ലും ചെലവും കൊടുത്ത് കൂടെ നിര്‍ത്തണം.

ഇതിനൊക്കെ പുറമെ വേണം പോസ്റ്ററടിക്കല്‍, നോട്ടീസടിക്കല്‍, വാഹന പ്രചാരണം, കവലതോറുമുള്ള പൊതുയോഗങ്ങള്‍, വാഹന റാലി, കൊട്ടിക്കലാശം എന്നിവ. ആരോപണങ്ങളും മറുപടിയുമൊക്കെയായി നാലഞ്ചുതരം നോട്ടീസും പോസ്റ്ററും വേണം. ഭരണനേട്ടം വിവരിക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കണം. ഫേസ്ബുക്കിലും വാട്സ് ആപ്പിലും നിറഞ്ഞുനില്‍ക്കാന്‍ ആ വിദ്യകള്‍ അറിയാവുന്നവരെയും അണിനിരത്തണം. രണ്ടുമാസം കളം നിറഞ്ഞ് നില്‍ക്കാന്‍ ചുരുങ്ങിയത് ഒന്നേകാല്‍ കോടി രൂപയെങ്കിലും വേണമെന്നാണ് പ്രമുഖ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ചെലവാക്കുന്ന തുകയെ ഹരിച്ചും കുറച്ചും വേണം തെരഞ്ഞെടുപ്പ് കമീഷന്‍ നിശ്ചയിച്ച ചെലവുപരിധിയായ 28 ലക്ഷത്തിനുതാഴെ കൊണ്ടുവരാന്‍.

മുമ്പൊക്കെ കേന്ദ്രത്തില്‍ നിന്ന് ഒരു ഫണ്ട് വരും. കൂടാതെ സംസ്ഥാന നേതൃത്വവും നല്‍കും ഒരു തുക. ഗ്രൂപ് നേതാക്കളുടെ വക വേറൊരു വിഹിതവും കിട്ടും. ഇതിനൊക്കെ പുറമേയാണ് വ്യക്തിപരമായ പിരിവ്. ബാര്‍ മുതലാളിമാരും ക്വാറി ഉടമകളും ബ്ളേഡ് കമ്പനിക്കാരുമൊക്കെയായിരുന്നു കറവപ്പശുക്കള്‍. ഇക്കുറി പക്ഷേ, സംസ്ഥാനത്തെ ബാറുകള്‍ മുഴുവന്‍ അടച്ചു. ക്വാറികളും പ്രതിസന്ധിയിലായി. കുബേര റെയ്ഡിന്‍െറ പേരുപറഞ്ഞ് ബ്ളേഡ് കമ്പനികളും കൈമലര്‍ത്തുന്നു. കേന്ദ്രത്തില്‍ ഭരണവുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.