പാലക്കാട്: മലമ്പുഴ ഒഴിച്ച് പാലക്കാട് ജില്ലയിലെ എട്ട് മണ്ഡലങ്ങളിലെ സി.പി.എം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറായി. ഞായറാഴ്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.കെ. ബാലന്‍, എ. വിജയരാഘവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് പട്ടിക തയാറാക്കി സംസ്ഥാന നേതൃത്വത്തിന് ശിപാര്‍ശ ചെയ്തത്. വി.എസിന്‍െറ മണ്ഡലമായ മലമ്പുഴയിലെ സ്ഥാനാര്‍ഥിയെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
കഴിഞ്ഞ തവണ സി.പി.എം മത്സരിച്ച ചിറ്റൂര്‍ ഇത്തവണ ജനതാദള്‍-എസിന് നല്‍കും. തരൂര്‍ സംവരണ മണ്ഡലത്തില്‍ മുന്‍ മന്ത്രി എ.കെ. ബാലന്‍, പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി പൊന്നുകുട്ടന്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ആലത്തൂരില്‍ എം. ചന്ദ്രന് പകരം മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് കെ.ഡി. പ്രസന്നനെ നിര്‍ദേശിച്ചു. നെന്മാറയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ വി. ചെന്താമരാക്ഷന്‍ മത്സരിക്കില്ല. പകരം കൊല്ലങ്കോട് ഏരിയാ സെക്രട്ടറി കെ. ബാബു, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് ഡോ. ആര്‍. ചിന്നക്കുട്ടന്‍ എന്നിവരുടെ പേരുകളുണ്ട്. കെ. ബാബുവിനാണ് കൂടുതല്‍ സാധ്യത.
പാലക്കാട്ട് മുന്‍ എം.എല്‍.എ കെ.കെ. ദിവാകരന്‍, മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസ് എന്നിവരാണ് പട്ടികയിലുള്ളത്. തൃത്താലയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ എന്നിവരുടെ പേരുകളാണുള്ളത്. വി.ടി. ബല്‍റാമിനെതിരെ യുവ നേതാക്കളെ കളത്തിലിറക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഷൊര്‍ണൂരില്‍ മുന്‍ വിമത നേതാവ് എം.ആര്‍. മുരളി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പ്രദേശികമായി എതിര്‍പ്പുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സുബൈദാ ഇസ്ഹാഖ്, പി.കെ. സുധാകരന്‍ എന്നിവര്‍ പരിഗണനയിലുണ്ട്.
സിറ്റിങ് എം.എല്‍.എ കെ.എസ്. സലീഖക്ക് ഒരു അവസരം കൂടി നല്‍കണമെന്ന വാദവുമുയര്‍ന്നതിനാല്‍ ഷൊര്‍ണൂരിന്‍െറ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കോങ്ങാട് സംവരണ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ കെ.വി. വിജയദാസ് മത്സരിക്കും. ഒറ്റപ്പാലത്ത് സിറ്റിങ് എം.എല്‍.എ എം. ഹംസ, പി.കെ. ശശി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.