വിജയകാന്ത് നയം വ്യക്തമാക്കുന്നത് കാത്ത് തമിഴക കക്ഷികള്‍

ചെന്നൈ: വിജയകാന്ത് നയം വ്യക്തമാക്കുന്നത് കാതോര്‍ത്തിരിക്കുകയാണ് തമിഴക രാഷ്ട്രീയ കക്ഷികള്‍. ആരുടെ കൂടെ നില്‍ക്കുമെന്ന് വിജയകാന്ത് തുറന്നു പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് രണ്ടുമാസം ശേഷിക്കെ, വിലപേശാന്‍ ധാരാളം സമയം വീണുകിട്ടിയിരിക്കുകയാണ് ഡി.എം.ഡി.കെ അധ്യക്ഷന്. കൂടെയുണ്ടായിരുന്ന പത്ത് അംഗങ്ങള്‍ രാജിവെച്ച് ജയലളിതാ പക്ഷത്തേക്ക് നീങ്ങിയതോടെ നിയമസഭയുടെ അവസാന കാലത്ത് പ്രതിപക്ഷ നേതൃസ്ഥാനം പോയതിന്‍െറ നഷ്ടബോധമൊന്നും അദ്ദേഹത്തെ സ്പര്‍ശിച്ചിട്ടില്ല. തന്നെ മുഖ്യമന്ത്രിയാക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് ആദ്യമേ പ്രഖ്യാപിച്ച വിജയകാന്ത് വിലപേശലിനായി അവസാന സാധ്യത വരെ പ്രയോജനപ്പെടുത്താനാണ് സഖ്യ തീരുമാനം വെച്ചു താമസിപ്പിക്കുന്നത്.

അണ്ണാ ഡി.എം.കെ ഒഴികെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകത്തെ തങ്ങളുടെ പാളയത്തിലത്തെിക്കാന്‍ വിജയകാന്തുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇടതുപക്ഷവും വൈക്കോയും നേതൃത്വം നല്‍കുന്ന ജനക്ഷേമ മുന്നണി മുഖ്യമന്ത്രിസ്ഥാനം  വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തിലേക്ക് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയും പരസ്യ പ്രസ്താവനയിലൂടെ സ്വാഗതം അറിയിച്ചിട്ടുണ്ട്. വിജയകാന്തുമായി വീണ്ടും സഖ്യമുണ്ടാക്കി എന്‍.ഡി.എ പുനരുജ്ജീവിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ മങ്ങിക്കഴിഞ്ഞു.

ദിവസങ്ങള്‍ക്കുമുമ്പ് ചെന്നൈയിലത്തെിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചക്ക് വിജയകാന്ത് താല്‍പര്യം കാണിച്ചില്ല. ജെല്ലിക്കെട്ട് വിഷയത്തിലെ രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് ബി.ജെ.പി പക്ഷത്തേക്ക് പോകാന്‍ മടിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തനിച്ച് തെരഞ്ഞെടുപ്പിന് നേരിടാന്‍ തയാറുള്ള ജയലളിത, വിജയകാന്തിന്‍െറ നിലപാട് അറിഞ്ഞിട്ടാകും നയം പ്രഖ്യാപിക്കുക. സഖ്യവുമായി ബന്ധപ്പെട്ട തീരുമാനം ശരിയായ സമയത്തുണ്ടാകുമെന്നാണ് കഴിഞ്ഞ പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ ജയലളിത പ്രഖ്യാപിച്ചത്.

വിജയകാന്തിന്‍െറ നിലപാടിനെ ആശ്രയിച്ചാകും ഇതെന്നതാണ് വാസ്തവം. കരുണാനിധിയോടൊപ്പം വിജയകാന്ത് പോയാല്‍ മാത്രമേ ജയലളിതക്ക് മറിച്ചൊന്ന് ചിന്തിക്കേണ്ടതുള്ളൂ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാകും ഈ നഷ്ടം ജയലളിത മറികടക്കുക. ജനക്ഷേമ മുന്നണിയോടൊപ്പം പോകുകയാണെങ്കില്‍ അണ്ണാ ഡി.എം.കെക്ക് വലിയ ഭീഷണിയില്ല. കൂട്ടുകക്ഷി മന്ത്രിസഭ എന്ന ആശയത്തിന് കരുണാനിധി സമ്മതം മൂളിയാല്‍ വിജയകാന്ത് ഡി.എം.കെ കൂടാരത്തിലേക്ക് ചേക്കേറിയേക്കും. സീറ്റ് മാത്രമല്ല ഭരണത്തിലുള്ള പങ്കാളിത്തവുമാണ് വിജയകാന്ത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നില്‍ വെച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.