തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും തമിഴ്നാട്ടില്‍ മുന്നണി രൂപവത്കരണം അനിശ്ചിതത്വത്തില്‍

കോയമ്പത്തൂര്‍: കേരളത്തിനൊപ്പം മേയ് 16ന് തമിഴ്നാട്ടിലും വോട്ടെടുപ്പ് നടക്കാനിരിക്കെ മുന്നണി രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒരു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പുതുച്ചേരിയില്‍ മുപ്പതും. കേരളത്തില്‍ രാഷ്ട്രീയ കക്ഷികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നെങ്കിലും തമിഴ്നാട്ടില്‍ രാഷ്ട്രീയ ചിത്രത്തിന് ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. വിജയകാന്ത് നയിക്കുന്ന ഡി.എം.ഡി.കെ നിലപാട് അറിയിക്കുന്നതോടെ മുന്നണി ബന്ധങ്ങളില്‍ വ്യക്തതയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി.എം.കെ, ബി.ജെ.പി, വൈക്കോയുടെ നേതൃത്വത്തിലുള്ള മക്കള്‍ നലകൂട്ടണി എന്നിവയാണ് വിജയകാന്തിനെ കാത്തുകഴിയുന്നത്. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയും തന്ത്രപരമായാണ് നീങ്ങുന്നത്. മുന്‍കാലങ്ങളില്‍ അണ്ണാ ഡി.എം.കെയാണ് സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വിജയകാന്തിന്‍െറ ഡി.എം.ഡി.കെ ഏതു പക്ഷത്തേക്കാണ് നീങ്ങുന്നതെന്ന് അറിഞ്ഞ ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ജയലളിതയുടെ തീരുമാനം.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ ശക്തമായ മുന്നണി രൂപവത്കരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് 2ജി സ്പെക്ട്രം അഴിമതി കേസും രൂക്ഷമായ പവര്‍കട്ടും ഡി.എം.കെക്ക് വിനയാവുകയായിരുന്നു. അണ്ണാ ഡി.എം.കെ മുന്നണി 203 സീറ്റുകള്‍ നേടിയപ്പോള്‍ ഡി.എം.കെ മുന്നണിക്ക് 31 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ഡി.എം.കെക്ക് പ്രതിപക്ഷ നേതൃപദവി പോലും കിട്ടിയില്ല. അണ്ണാ ഡി.എം.കെ സഖ്യകക്ഷിയായ ഡി.എം.ഡി.കെയുടെ വിജയകാന്താണ് പ്രതിപക്ഷ നേതാവായത്. അണ്ണാ ഡി.എം.കെ -150, ഡി.എം.ഡി.കെ -29, സി.പി.എം -പത്ത്, സി.പി.ഐ -ഒമ്പത്, മനിതനേയ മക്കള്‍ കക്ഷി -രണ്ട്, പുതിയ തമിഴകം -രണ്ട്, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക്ക് -ഒന്ന് എന്നിങ്ങനെയായിരുന്നു അണ്ണാ ഡി.എം.കെ മുന്നണിയിലെ സീറ്റുനില. ഡി.എം.കെ -23, കോണ്‍ഗ്രസ് -അഞ്ച്, പാട്ടാളി മക്കള്‍ കക്ഷി -മൂന്ന് എന്നിങ്ങനെയാണ് ഡി.എം.കെ സഖ്യത്തിന് കിട്ടിയത്.

മുന്നണിയിലെ വിടുതലൈ ശിറുതൈകള്‍, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി, മുസ്ലിം ലീഗ് എന്നിവക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. തനിച്ചു മത്സരിച്ച ബി.ജെ.പിയും നിലംപരിശായി. അണ്ണാ ഡി.എം.കെയുമായി സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് സഖ്യം ഉപേക്ഷിച്ച വൈക്കോയുടെ എം.ഡി.എം.കെ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി ആകെ മാറിയിരിക്കുകയാണ്. 2011ല്‍ അണ്ണാ ഡി.എം.കെയോടൊപ്പമുണ്ടായിരുന്ന ഒട്ടുമിക്ക കക്ഷികളും നിലവില്‍ അവര്‍ക്കൊപ്പമില്ല. ഡി.എം.കെയോടൊപ്പം കോണ്‍ഗ്രസും മുസ്ലിം ലീഗും മാത്രമാണ് ഇപ്പോഴുള്ളത്. എം.ഡി.എം.കെ, സി.പി.ഐ, സി.പി.എം, വിടുതലൈ ശിറുതൈകള്‍ എന്നിവ ചേര്‍ന്ന് ‘മക്കള്‍ നലകൂട്ടണി’ എന്ന കുറുമുന്നണി രൂപവത്കരിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സപ്തകക്ഷി മുന്നണിയും തകര്‍ന്നടിഞ്ഞു. നിലവില്‍ തമിഴക രാഷ്ട്രീയത്തില്‍ ബി.ജെ.പി ഒറ്റപ്പെട്ട നിലയിലാണ്. പാട്ടാളി മക്കള്‍ കക്ഷിയും തനിച്ചു മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. വിജയകാന്ത് ഡി.എം.കെയോടൊപ്പം ചേര്‍ന്നാല്‍ കൊങ്കുനാട് മക്കള്‍ കക്ഷി, പുതിയ തമിഴകം പോലുള്ള ചെറുകക്ഷികളും സഖ്യത്തില്‍ അണിനിരക്കും. പ്രമുഖ മുസ്ലിം രാഷ്ട്രീയ സംഘടനയായ മനിതനേയ മക്കള്‍ കക്ഷി ജയലളിതയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

കോണ്‍ഗ്രസ് പിളര്‍ത്തി ജി.കെ. വാസന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച തമിഴ് മാനില കോണ്‍ഗ്രസും ചേക്കേറാന്‍ പറ്റിയ സഖ്യമില്ലാതെ വിഷമിക്കുകയാണ്. അണ്ണാ ഡി.എം.കെ മുന്നണിയില്‍ ചേരാനാണ് വാസന്‍െറ ആഗ്രഹമെങ്കിലും ജയലളിത ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. വിജയകാന്ത് ഡി.എം.കെ പക്ഷത്തേക്ക് നീങ്ങിയാല്‍ ജയലളിത കുടുതല്‍ കക്ഷികളെ അണിനിരത്തി മുന്നണി ശക്തിപ്പെടുത്തും. വിജയകാന്തിന്‍െറ തീരുമാനം മറിച്ചായാല്‍ ഒറ്റക്ക് മത്സരിക്കാനാവും ജയലളിത തീരുമാനിക്കുക. പ്രതിപക്ഷ കക്ഷികള്‍ ഭിന്നിച്ചുനിന്നാല്‍ അനായസമായി ജയിച്ചുകയറാമെന്നാണ് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.