ആലപ്പുഴ: ജില്ലയിലെ സി.പി.എം സ്ഥാനാര്‍ഥി പരിഗണനാ പട്ടികയില്‍ പരമ്പരാഗതമായി മത്സരിക്കുന്നവര്‍ക്ക് മുന്‍തൂക്കം. യുവനിരയില്‍പെട്ട പ്രമുഖരാരും ഇത്തവണത്തെ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. പതിവുപോലെ ആലപ്പുഴയില്‍ ഡോ. ടി.എം. തോമസ് ഐസക്കും അമ്പലപ്പുഴയില്‍ ജി. സുധാകരനും മത്സരിക്കണമെന്ന നിര്‍ദേശമാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനുമുന്നില്‍ വെച്ചത്. നേതൃത്വം അംഗീകരിച്ചാല്‍ സുധാകരന്‍ ആറാം തവണയും തോമസ് ഐസക് നാലാം തവണയും മത്സരിക്കും. ഇരുവരുടെയും വിജയസാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. കായംകുളത്ത് സിറ്റിങ് എം.എല്‍.എ സി.കെ. സദാശിവന് അത്തരമൊരു പരിഗണന ഉണ്ടായിട്ടില്ല.
സദാശിവന്‍ കായംകുളത്ത് രണ്ടുതവണ എം.എല്‍.എയായി. പട്ടികയില്‍ സദാശിവന് ഇടംനല്‍കാത്തത് വി.എസ് പക്ഷത്തില്‍പെട്ട ആളായതുകൊണ്ടാണെന്നാണ് വ്യാഖ്യാനം. കുട്ടനാട്ടില്‍ സദാശിവനെ മത്സരിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടനാട് നിലവില്‍ എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയുടെ മണ്ഡലമാണ്. സി.പി.എം സംസ്ഥാന നേതൃത്വവുമായി ബന്ധമുള്ള തോമസ് ചാണ്ടി കുട്ടനാട്ടില്‍ മത്സരിക്കാനാണ് സാധ്യത.
കായംകുളത്ത് എം.എ. അലിയാര്‍, സി.എസ്. സുജാത എന്നിവര്‍ക്കാണ് പരിഗണന. കായംകുളത്ത് ഇടതുപക്ഷത്തിന്‍െറ നേരിയ മുന്‍തൂക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലാണ് ജില്ലാ കമ്മിറ്റിക്ക്. അതേസമയം, സി.കെ. സദാശിവന്‍ അവിടെ സ്ഥാനാര്‍ഥിയായാല്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന നേതാക്കള്‍ ഏറെയുണ്ട്. ചെങ്ങന്നൂരില്‍ ജില്ലാ സെക്രട്ടറി സജി ചെറിയാനെ മത്സരിപ്പിക്കണമെന്നാണ് താല്‍പര്യം. അല്ളെങ്കില്‍ പ്രതിഭാഹരിക്കോ സുജാതക്കോ നറുക്ക് വീഴും.
അരൂരില്‍ സിറ്റിങ് എം.എല്‍.എ എ.എം. ആരിഫിന്‍െറ സ്ഥാനാര്‍ഥിത്വത്തിന് വലിയ ഉറപ്പൊന്നും ജില്ലാ കമ്മിറ്റി നല്‍കുന്നില്ല. അതേസമയം, ഏറക്കാലമായി അവസരം ലഭിക്കാതെ മാറിനില്‍ക്കേണ്ടിവന്ന സി.ബി. ചന്ദ്രബാബുവിന്‍െറ പേര് അരൂരില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മാവേലിക്കരയില്‍ ആര്‍. രാജേഷിന് മുന്‍തൂക്കമുണ്ടെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവന്‍െറ പേരും പരിഗണനാ ലിസ്റ്റിലുണ്ട്. ഹരിപ്പാട്, ചേര്‍ത്തല മണ്ഡലങ്ങളില്‍ സി.പി.ഐ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.