ലീഗ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും ടിക്കറ്റിനായി കരുനീക്കുന്നു

കോഴിക്കോട്: മുസ്ലിം ലീഗിന്‍െറ നിയമസഭാ സാമാജികരില്‍ ബഹുഭൂരിഭാഗവും വീണ്ടും ടിക്കറ്റിനായുള്ള നെട്ടോട്ടത്തില്‍. ചില എം.എല്‍.എമാര്‍ നിലവിലെ മണ്ഡലം മാറി സുരക്ഷിത മണ്ഡലത്തിനായാണ് സമ്മര്‍ദം ചെലുത്തുന്നത്. എന്നാല്‍, കൂടുതല്‍ പേരും നിലവിലെ മണ്ഡലത്തില്‍തന്നെ വീണ്ടും അവസരം നല്‍കണമെന്നു കാണിച്ചാണ് നേതൃത്വത്തെ സമീപിച്ചത്.

ലീഗിന്‍െറ സിറ്റിങ് എം.എല്‍.എമാരില്‍ അബ്ദുസ്സമദ് സമദാനി മാത്രമാണ് സ്വയം മാറിനില്‍ക്കാന്‍ തയാറായത്. പുതുമുഖ നേതാക്കള്‍ക്കും യുവാക്കള്‍ക്കും അവസരം ലഭിക്കുന്നതിന് തന്നെ സ്ഥാനാര്‍ഥി ലിസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായി അറിയുന്നു. മാറി നില്‍ക്കേണ്ടിവരുമെന്ന ആശങ്കയുള്ള പാര്‍ട്ടി എം.എല്‍.എമാര്‍ വീണ്ടും അവസരം ലഭിക്കാന്‍ ബഹുമുഖ തന്ത്രങ്ങളാണ് പയറ്റുന്നത്.

തങ്ങളുടെ നിയോജകമണ്ഡലത്തിലെ പാര്‍ട്ടി നേതൃത്വത്തെ രംഗത്തിറക്കി സംസ്ഥാന നേതൃത്വത്തിനു മുമ്പാകെ സമ്മര്‍ദം ചെലുത്തുകയാണ് ഒരുകൂട്ടര്‍. എന്നാല്‍, മറ്റു ചിലര്‍ പാണക്കാട് കുടുംബവുമായി അടുപ്പമുള്ളവരെ കൂട്ടുപിടിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നത്. കഴിഞ്ഞയാഴ്ച മലപ്പുറത്തു ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ണമായും പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട്ടിരിക്കുകയുമാണ്.

സിറ്റിങ് എം.എല്‍.എമാരുടെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വം ഇതിനകം വാങ്ങിയിട്ടുണ്ട്. അഞ്ചംഗങ്ങളടങ്ങുന്ന ലീഗിന്‍െറ ഉന്നതാധികാര സമിതി ഈ കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. പ്രായക്കൂടുതലുള്ളവരെയും കൂടുതല്‍ തവണ നിയമസഭയില്‍ അംഗമായവരെയും മാറ്റിനിര്‍ത്താനാണ് നേതൃത്വം ആലോചിക്കുന്നത്. നിയമസഭയിലെയും മണ്ഡലത്തിലെയും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ഇളവ് അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

മുസ്ലിം ലീഗ് മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കരട് ലിസ്റ്റ് ഇതിനകം പാര്‍ട്ടി തയാറാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തില്‍നിന്നും രണ്ടും മൂന്നും നാലും പേരടങ്ങുന്ന പട്ടികയാണ് ഇപ്പോള്‍ നേതൃത്വം മുമ്പാകെയുള്ളത്. ഇതില്‍നിന്ന് വിശദമായ പരിശോധനക്കുശേഷമാണ് അന്തിമ പട്ടിക രൂപപ്പെടുത്തേണ്ടത്.

ആറു മണ്ഡലങ്ങളിലെങ്കിലും പുതുമുഖങ്ങളുണ്ടാവുമെന്നാണ് അറിയുന്നത്. പോഷകസംഘടനകളായ യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു എന്നിവക്കൊക്കെയും പ്രാതിനിധ്യം ലഭിച്ചേക്കും. എന്നാല്‍, സമസ്ത നേതൃത്വത്തിന്‍െറ കടുത്ത എതിര്‍പ്പുള്ളതിനാല്‍ വനിതാ ലീഗിന് ഇത്തവണയും ലീഗ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ പ്രാതിനിധ്യം ലഭിക്കാനിടയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.