മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ പുതുമുഖങ്ങള്‍. പൊതുരംഗത്തുള്ള വനിതയെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനകളും പാര്‍ട്ടിയുടെ അകത്തളത്തിലുണ്ടെങ്കിലും ഇത് ലക്ഷ്യത്തിലത്തെിയിട്ടില്ല. മത്സരരംഗത്തുനിന്ന് പിന്‍വാങ്ങുമെന്ന് സൂചിപ്പിച്ച മന്ത്രി പി.കെ. അബ്ദുറബ്ബ് അടക്കം അഞ്ച് മന്ത്രിമാരും അവരുടെ മണ്ഡലങ്ങളില്‍തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം.
വേങ്ങരയില്‍നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാനുള്ള സാധ്യത തെളിഞ്ഞു. അങ്ങനെ വന്നാല്‍ പി. ഉബൈദുല്ലയായിരിക്കും വേങ്ങരയില്‍. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി (ഗുരുവായൂര്‍), യൂത്ത് ലീഗ് ഭാരവാഹി കെ.ടി. അബ്ദുറഹ്മാന്‍ (കുറ്റ്യാടി), ശ്യാം സുന്ദര്‍ (കരുനാഗപ്പള്ളി) എന്നിവരാണ് പാര്‍ട്ടി പരിഗണിക്കുന്ന പുതുമുഖങ്ങള്‍. യു.ഡി.എഫ് ചര്‍ച്ചയില്‍ കരുനാഗപ്പള്ളി ലഭിക്കുമെന്ന പ്രതീക്ഷയാണ് ലീഗിനുള്ളത്.
കൊണ്ടോട്ടിയിലെ കെ. മുഹമ്മദുണ്ണി ഹാജി, കോട്ടക്കലിലെ എം.പി. അബ്ദുസ്സമദ് സമദാനി, കൊടുവള്ളിയിലെ വി.എം. ഉമ്മര്‍ മാസ്റ്റര്‍, തിരുവമ്പാടിയിലെ സി. മോയിന്‍കുട്ടി, മഞ്ചേരിയിലെ എം. ഉമ്മര്‍ എന്നിവരെ മാറ്റിയേക്കും. എന്നാല്‍, ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്ക് പരിഗണിക്കും. കൊടുവള്ളിയില്‍ എം.എ. റസാഖ് മാസ്റ്ററും കോട്ടക്കലിലോ മഞ്ചേരിയിലോ ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്ററും മത്സരിക്കും. തിരൂരിലെ സി. മമ്മൂട്ടി, വള്ളിക്കുന്നിലെ കെ.എന്‍.എ. ഖാദര്‍ എന്നിവരുടെ കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകും. മഞ്ഞളാംകുഴി അലി, വി.കെ. ഇബ്രാഹിം കുഞ്ഞ്, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ് എന്നിവര്‍ പെരിന്തല്‍മണ്ണ, കളമശ്ശേരി, കോഴിക്കോട് സൗത്, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ മത്സരിക്കും. കുന്ദമംഗലം വിട്ടുനല്‍കി ബാലുശ്ശേരി മണ്ഡലത്തിന് ലീഗ് ശ്രമം തുടങ്ങിയിട്ടുണ്ട്. യു.സി. രാമനെ മത്സരിപ്പിക്കാനാണ് തീരുമാനം.
സിറ്റിങ് എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ് (മഞ്ചേശ്വരം), എന്‍.എ. നെല്ലിക്കുന്ന് (കാസര്‍കോട്), കെ.എം. ഷാജി (അഴീക്കോട്), പി.കെ. ബഷീര്‍ (ഏറനാട്), ടി.എ. അഹമ്മദ് കബീര്‍ (മങ്കട), അബ്ദുറഹ്മാന്‍ രണ്ടത്താണി (താനൂര്‍), എന്‍. ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്) എന്നിവര്‍ പട്ടികയിലുണ്ട്. അഡ്വ. പി.എം.എ. സലാം, സി.പി. ബാവ ഹാജി, കെ.പി. മുഹമ്മദ് മുസ്തഫ, ടി.വി. ഇബ്രാഹിം, സൂപ്പി നരിക്കാട്ടിരി, സി.കെ. സുബൈര്‍, ഉമര്‍ പാണ്ടികശാല തുടങ്ങിയവരാണ് സ്ഥാനാര്‍ഥി പട്ടികക്ക് പുറത്തുനില്‍ക്കുന്നവര്‍. പി.എം.എ. സലാമിനെ കാസര്‍കോട്, മലപ്പുറം ജില്ലകളിലെ ഒരു സീറ്റിലേക്കാണ് പരിഗണിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. എം.കെ. മുനീര്‍ മലപ്പുറം ജില്ലയിലെ സീറ്റിലേക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് സൗത്തില്‍തന്നെ തുടരാനാണ് പാര്‍ട്ടി നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.