ബംഗാള്‍ കോണ്‍ഗ്രസ് സഖ്യം; നേതാക്കള്‍ രാജി ഭീഷണി മുഴക്കിയപ്പോള്‍ കേന്ദ്രകമ്മിറ്റി വഴങ്ങിയെന്ന്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടി നിലപാടിന്‍െറ ലംഘനമാണെന്ന് കുറ്റപ്പെടുത്തി കേന്ദ്രകമ്മിറ്റിയില്‍ പോളിറ്റ് ബ്യൂറോ അവതരിപ്പിച്ച കരടുരേഖയുമായി മുന്നോട്ടുപോയാല്‍ രാജിവെക്കുമെന്ന് പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്രയും മറ്റും ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അവസാനഘട്ടത്തില്‍ കേന്ദ്രനേതൃത്വം പ്രമേയം തിരുത്തി ലളിതമാക്കിയെന്ന് വെളിപ്പെടുത്തല്‍.

പാര്‍ട്ടിനയം ലംഘിച്ച് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ പശ്ചിമ ബംഗാള്‍ നേതാക്കള്‍ക്കെതിരെ വ്യക്തമായ പ്രമേയവും നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രകമ്മിറ്റി യോഗത്തിനിടയില്‍ രാജി പ്രഖ്യാപനവുമായി ഇറങ്ങിപ്പോക്ക് നടത്തിയ  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സാങ്വാനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കേന്ദ്രകമ്മിറ്റി യോഗം 18നാണ് തുടങ്ങിയത്. അന്ന് പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റിയില്‍ വെച്ച കുറിപ്പില്‍, ബംഗാള്‍ കമ്മിറ്റി ഉണ്ടാക്കിയ കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിയുടെ രാഷ്ട്രീയ അടവു നയത്തിന്‍െറ ലംഘനമെന്നാണ് എഴുതിയിരുന്നത്.

കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച ബഹുഭൂരിപക്ഷവും സഖ്യതീരുമാനത്തെ പാര്‍ട്ടി നയത്തിന്‍െറ ലംഘനമായി വിശേഷിപ്പിക്കുകയും ചെയ്തു.
 യഥാര്‍ഥത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോലും സഖ്യത്തിന് എതിരായിരുന്നു. പക്ഷേ, തിങ്കളാഴ്ച രാവിലെ കേന്ദ്രകമ്മിറ്റി ചേര്‍ന്നപ്പോള്‍ ‘ലംഘന’മെന്ന വാക്ക് ഒഴിവാക്കുന്നെന്നാണ് നേതൃത്വം വിശദീകരിച്ചത്. അങ്ങനെ ചെയ്തില്ളെങ്കില്‍ രാജിവെക്കുമെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞതായും നേതാക്കള്‍ വിശദീകരിച്ചു.

രണ്ടു നേതാക്കളുടെ രാജി ഭീഷണിക്കു മുന്നില്‍ പാര്‍ട്ടിനയം മാറ്റിവെക്കുകയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റും ചെയ്തതെന്ന് ജഗ്മതി ആരോപിച്ചു. ഇത് സ്വീകാര്യമല്ളെന്ന പറഞ്ഞാണ് താന്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് രാജിവെക്കുന്നതായി പറഞ്ഞ് ഇറങ്ങിപ്പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിനോടുപോലും കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു തീരുമാനം താന്‍ എടുത്തതെന്നും ജഗ്മതി പറഞ്ഞു. ഹരിയാനയിലെ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ്ങിന്‍െറ ഭാര്യയാണ് ജഗ്മതി സാങ്വാന്‍.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമോ ധാരണയോ പാടില്ളെന്ന കേന്ദ്രകമ്മിറ്റി തീരുമാനത്തിന് അനുസൃതമല്ലാത്ത തെരഞ്ഞെടുപ്പു തന്ത്രമാണ് പശ്ചിമ ബംഗാളില്‍ ഉണ്ടാക്കിയതെന്ന വരികളാണ് കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം സി.പി.എം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുള്ളത്. ഇതു തിരുത്തണമെന്നും 21ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ അടവുനയം ഉയര്‍ത്തിപ്പിടിച്ചേ മതിയാവൂ എന്നും അതില്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് കേന്ദ്രകമ്മിറ്റി തീരുമാനം നടപ്പില്‍വരുന്നതിന് പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയതായും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

ജനറല്‍ സെക്രട്ടറിക്കെതിരെ പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തയാറാക്കിയ രേഖയാണ് കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചതെന്നും അതിനുശേഷം സി.സിയില്‍ യെച്ചൂരി ബദല്‍രേഖ കൊണ്ടുവരുകയാണ് ചെയ്തതെന്നുമുള്ള ചില റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജഗ്മതിയുടെ വെളിപ്പെടുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.